ന്യൂദല്‍ഹി: ലെബനനില്‍ ഇസ്രഈല്‍ തുടരുന്ന സൈനിക നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പശ്ചിമേഷ്യന്‍ മേഖലയിലെ കടുത്ത നാശത്തെക്കുറിച്ചും, യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ തടസ്സപ്പെട്ടതിനെക്കുറിച്ചും പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ജയറാം രമേശ് നടത്തിയത്. മോദിക്ക് അദ്ദേഹത്തിന്റെ മദര്‍ ലാന്റിനേക്കാള്‍ വലുത് ഫാദര്‍ലാന്റ് ആണോയെന്നും അദ്ദേഹം പരിഹസിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തുവന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ണായക ചര്‍ച്ചകളെക്കുറിച്ചും ജയറാം രമേശ് പോസ്റ്റില്‍ പറഞ്ഞു.
‘പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കരാര്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതിനും കാരണമാകും.
ഈ രണ്ട് ഘടകങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിര്‍ണായകമാണ്. എന്നാല്‍, ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന അഭൂതപൂര്‍വ്വമായ സൈനിക കടന്നുകയറ്റങ്ങള്‍ കാരണം ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും കടുത്ത നിരാശയും രോഷവും പ്രകടിപ്പിച്ചിട്ടുണ്ട്.
ലെബനനിലെ ഇസ്രഈലിന്റെ ആക്രമണങ്ങളെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ശക്തമായി അപലപിക്കുമ്പോഴും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായ മൗനത്തിലാണ്.
യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളെ അട്ടിമറിച്ചുകൊണ്ട് ഇസ്രഈല്‍ ലെബനനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെതിരെ പ്രതികരിക്കാത്ത ഏക ഭരണാധികാരി നമ്മുടെ പ്രധാനമന്ത്രിയാണെന്നത് അതിശയകരമാണ്.
അദ്ദേഹത്തിന് തന്റെ സ്വന്തം മാതൃരാജ്യത്തേക്കാള്‍ കൂടുതല്‍ പ്രിയപ്പെട്ടത് ‘ഫാദര്‍ലാന്റ്’ എന്ന് വിളിക്കപ്പെടുന്ന മണ്ണാണോ?’ ജയറാം രമേശ് ചോദിച്ചു.
ലെബനനിലെ ഇസ്രഈല്‍ നടപടികളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനോട് പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ലെബനനില്‍ ഇസ്രഈല്‍ ബോംബാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യു.എസുമായി നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങളില്‍ നിന്നും പിന്‍മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഫോണ്‍വിളി.
നെതന്യാഹു നന്ദികെട്ടവനാണെന്നും താനല്ലാതെ മറ്റാരായിരുന്നുവെങ്കിലും നെതന്യാഹു ഇപ്പോള്‍ ജയിലില്‍ കിടന്നേനെയെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘നിനക്ക് മുഴുത്ത വട്ടാണ്. എല്ലാവര്‍ക്കും നിന്നെ വെറുപ്പാണ്. നീ കാരണം ഇസ്രഈലിനോടും വെറുപ്പാണ്. എന്ത് വൃത്തികേടാണ് കാണിക്കുന്നതെന്ന് ബോധമുണ്ടോ’ യെന്നും ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായി ഉന്നത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഇതിനകം നേരിട്ട് ബാധിച്ചിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുയരുന്നത്.
Content Highlight: Congress slams PM’s silence on Israel–Lebanon conflict, says ‘so-called fatherland more important than actual motherland’