ന്യൂദൽഹി: വനിതാ സംവരണം നിയമസഭകളിലും പാർലമെന്റിലും ഉടനടി നടപ്പിലാക്കണമെന്ന തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ്.
മോദി സർക്കാർ വിഷയത്തിൽ തുടർച്ചയായി നിലപാടുകൾ മാറ്റുകയാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടിൽ വഞ്ചനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ തന്നെ മണ്ഡലപുനർനിർണ്ണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ കോൺഗ്രസ് വിമർശിച്ചിരുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കൂടാതെ സംവരണം ഉടനടി നടപ്പിലാക്കുമെന്ന് തങ്ങൾ ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ നിലപാടിൽ ഒരു മാറ്റവുമില്ല അത് 2023 സെപ്റ്റംബറിലും, 2024 ജൂണിലും, ഇപ്പൊ 2026 ഏപ്രിലിലും,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
വനിതാ പ്രാതിനിധ്യത്തോടുള്ള അവഗണനയും പരിഷ്‌കരണങ്ങളുടെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കവുമാണ് സർക്കാരിന്റെ സമീപനമെന്ന് ജയറാം രമേശ് പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ തുടർച്ചയായി നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
106-ാം ഭരണഘടനാ ഭേദഗതി സ്ത്രീകളോടുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് 2029 കഴിയുംവരെ നീട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ വ്യവസ്ഥകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഉൾപ്പെടെ സംവരണം ഉടനടി നടപ്പിലാക്കുമെന്നും ഇതിലെ ആക്ഷേപകരമായ വ്യവസ്ഥകൾ നീക്കം ചെയ്യുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതിനായി രേഖാമൂലമുള്ള നിർദ്ദേശങ്ങളൊന്നും സർക്കാർ ഹാജരാക്കാത്തതിനെയും ജയറാം രമേശ് ചോദ്യം ചെയ്തു.
ഇന്നലെ മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ലോകസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളിയതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം.
Content Highlight: Congress’s stand on immediate implementation of women’s reservation remains unchanged: Jairam Ramesh