ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇനിയും കുറഞ്ഞേനേ;  കോണ്‍ഗ്രസ് കളഞ്ഞുകുളിച്ച അവസരങ്ങള്‍  ഇവയാണ്
national news
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇനിയും കുറഞ്ഞേനേ; കോണ്‍ഗ്രസ് കളഞ്ഞുകുളിച്ച അവസരങ്ങള്‍ ഇവയാണ്
ആല്‍ബിന്‍ എം. യു
Tuesday, 24th December 2019, 7:32 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് സംസ്ഥാനം കോണ്‍ഗ്രസ്-ജെ.എം.എം പിടിച്ചെടുത്തതോടെ ബി.ജെ.പി രാജ്യത്ത് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളെങ്കിലും കോണ്‍ഗ്രസിന്റെ ഉദാസീനത കൊണ്ട് ലഭിച്ചതാണ്. ഗുജറാത്ത്, ഗോവ, മണിപ്പൂര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് അത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 99 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 77 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സാധ്യതയുണ്ടായിരുന്ന പാര്‍ട്ടികള്‍ മൂന്ന് സീറ്റും നേടി.

പത്തോളം സീറ്റുകളില്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ കഴിയുമായിരുന്ന അന്തരീക്ഷമുണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അധികാരത്തിലെത്താന്‍ കഴിയുമായിരുന്നുവെന്നും അവര്‍ പറയുന്നു.

ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നാല്‍പത് അംഗ നിയമസഭയില്‍ 17 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പി നേടിയത് 13 സീറ്റും. നാല് സീറ്റുകളുടെ കുറവാണ് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് കുറവുണ്ടായിരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഉത്തരവാദിത്വമേല്‍പ്പിച്ചത് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെയായിരുന്നു. ഫലം വന്നതിന്റെ പിറ്റേ ദിവസം ഗോവയിലെത്താനാണ് ദിഗ്‌വിജയ് സിങ് തീരുമാനിച്ചത്. എന്നാല്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ അന്ന് രാത്രി തന്നെ ഗോവയില്‍ പറന്നിറങ്ങി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തു.

മണിപ്പൂരിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടി. ബി.ജെ.പി നേടിയതാവട്ടെ 21 സീറ്റുകളും. വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് അവിടെ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും അഞ്ച് സ്വതന്ത്ര എം.എല്‍.എമാരും ഉണ്ടായിരുന്നു. എങ്കിലും ഇവരെയാരെയും കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വരികയും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ഉദാസീനത കണ്ടു. 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം 40 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് സഖ്യം 31 സീറ്റുകളും. ജെ.ജെ.പിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയും ബി.ജെ.പി അധികാരത്തിലേറി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമസഭ തെരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു മാസം മുമ്പാണ് മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും കുമാരി ഷെല്‍ജയ്ക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം നല്‍കിയത്. കോണ്‍ഗ്രസിനെ നയിച്ചിരുന്ന അദ്ധ്യക്ഷന്‍ അശോക് തന്‍വറിനെ മാറ്റണമെന്ന് ഇരു നേതാക്കളും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെവികൊണ്ടിരുന്നില്ല. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോഴും അശോക് തന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉള്‍പ്പോര് നടക്കുകയായിരുന്നു. ഇതൊക്കെ കഴിഞ്ഞ് തെരഞ്ഞെടുപ്പിന് അടുത്തെത്തിയപ്പോഴാണ് സ്ഥാനമാറ്റം സംഭവിച്ചത്.

ആറ് മാസം മുമ്പെങ്കിലും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം നല്‍കിയിരുന്നുവെങ്കില്‍ ഇതാവുമായിരുന്നില്ല ഫലമെന്ന് കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

 

 

 

 

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.