| Tuesday, 15th May 2018, 2:38 pm

'കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം'; ജെ.ഡി.എസ്സുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ് : ഗവര്‍ണറെ കണ്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജെ.ഡി.എസിനെ ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്. കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും എച്ച്.ഡി ദേവഗൗഡയും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.


Dont Miss കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ; കര്‍ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് മമത


ദേവഗൗഡയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.

ഇരു പാര്‍ട്ടികളും സഖ്യത്തിലായാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോണ്‍ഗ്രസ് 74 സീറ്റിലും ജെ.ഡി.എസ് 39 സീറ്റിലും ഇപ്പോള്‍ മുന്നിലാണ്. 106 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ അമ്പതോളം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (106), കോണ്‍ഗ്രസ് (74), ജെഡിഎസ് (39), മറ്റുള്ളവര്‍ (3). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

We use cookies to give you the best possible experience. Learn more