തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരായ പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തില്‍ പരിഹാസവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്.എഫ്.ഐ നേതാവിന്റെ പരിഹാസം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസിന് അലങ്കാരവും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണെന്ന് പറഞ്ഞ മണിശങ്കരയ്യര്‍ അലവലാതിയുമാണെന്ന് ശിവപ്രസാദ് പറഞ്ഞു.
ഈയൊരു ഘട്ടത്തിലാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് അധികാരത്തിന് വേണ്ടി കേരളത്തില്‍ ബി.ജെ.പിയുടെ ആമ തോടിലേക്ക് തല പൂഴ്ത്തുന്നത് കാണാന്‍ സാധിക്കുന്നതെന്നും ശിവപ്രസാദ് വിമര്‍ശിച്ചു. ‘അലവലാതികള്‍ക്ക് ആവലാതി കൂടുമ്പോള്‍’ എന്ന വാചകത്തോടെയാണ് ശിവപ്രസാദിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘Energy, Dynamism, Willingness to Engage’ എന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര സാന്നിധ്യത്തിന് ശക്തമായി പ്രയോജനപ്പെടുന്നു,’ എന്ന ശശി തരൂരിന്റെ പരാമര്‍ശവും ശിവപ്രസാദ് പങ്കുവെച്ചിട്ടുണ്ട്.
പിണറായി വിജയന്‍ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി എന്നായിരുന്നു മണിശങ്കര്‍ അയ്യറിന്റെ പരാമര്‍ശം. പിന്നാലെ കോണ്‍ഗ്രസ് അണികളില്‍ നിന്ന് കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് മണിശങ്കര്‍ക്ക് നേരെ ഉണ്ടായത്.
ഈ അലവലാതിയെ ഇനിയും ജയിപ്പിക്കണോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണിന്റെ പ്രതികരണം.
പിണറായിസ്റ്റുകള്‍ ആരും തുള്ളേണ്ട. സാധാരണക്കാരുടെ ജീവിത ദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളികളുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടതെന്നും മണിശങ്കര്‍ അയ്യര്‍ തന്നെയാണ് തെറ്റെന്നും ജിന്റോ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ഇടത് നേതാക്കളും രംഗത്തെത്തി.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ അനുകൂലിച്ച് നിരന്തരം സംസാരിക്കുന്ന ശശി തരൂരിനെ ഇപ്പോഴും ചേര്‍ത്തുപിടിച്ചിരിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നുള്ള വിമര്‍ശനം.