ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലോകരാജ്യങ്ങളെ അറിയിക്കുന്നതിനുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാവാന്‍ ശശി തരൂരിന് അനുമതി നല്‍കി കോണ്‍ഗ്രസ്. കേന്ദ്രം തെരഞ്ഞെടുത്ത മറ്റ് നേതാക്കള്‍ക്കും അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
വിലകുറഞ്ഞ രാഷ്ട്രീയത്തിനില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രതിനിധി സംഘത്തോടൊപ്പമുള്ള യാത്രയ്ക്ക് ശശി തരൂര്‍ പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെടുകയും പിന്നാലെ കേന്ദ്രത്തിന്റെ ഇഷ്ടപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് കേന്ദ്രത്തിന് അയച്ച ലിസ്റ്റില്‍ തരൂരില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പ്രതിനിധി സംഘത്തിലേക്കായി കോണ്‍ഗ്രസ് നാല് പേരുകള്‍ സമര്‍പ്പിച്ചതായും എന്നാല്‍ അതില്‍ ഉള്‍പ്പെടാതിരുന്ന വ്യത്യസ്തമായ മറ്റൊരു പേര് കണ്ടതില്‍ ആശ്ചര്യം തോന്നിയതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.
ശശി തരൂരിനെതിരേയും ജയറാം രമേശ് ശക്തമായ വിമര്‍ശനം അറിയിച്ചിരുന്നു. കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും പ്രവര്‍ത്തകനായി തുടരുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പ്രതിനിധി സംഘത്തില്‍ ക്ഷണം ലഭിച്ച കാര്യം തരൂര്‍ അറിയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
Content Highlight: Congress gives permission to Shashi Tharoor to be part of delegation