ഇന്ത്യ-യു.എസ് വ്യാപാരകരാറിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
India
ഇന്ത്യ-യു.എസ് വ്യാപാരകരാറിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
നിഷാന. വി.വി
Tuesday, 3rd February 2026, 1:35 pm

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഇന്ത്യ-യു.എസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് കരാറില്‍ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു. ഇന്ത്യന്‍ കര്‍ഷകരെയും വ്യാപാരികളെയും വ്യവസായത്തേയും വ്യാപാര കരാര്‍ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

വ്യാപാര കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഒറ്റയ്ക്കാണ് പുറത്തുവിട്ടതെന്നും പ്രതിപക്ഷം ചൂണ്ടികാണിച്ചു. ഇത്രയും പ്രധാനപ്പെട്ട വ്യാപാര തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന് പകരം അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്താണെന്നും കോണ്‍ഗ്രസ് ചോദിച്ചു.

അമേരിക്കയ്‌ക്കെതിരായ താരിഫ്, നോണ്‍ താരീഫ് തടസ്സങ്ങള്‍ ഇന്ത്യ 0% മായി കുറയ്ക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിലും കോണ്‍ഗ്രസ് ആശങ്കയറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘വെടിനിര്‍ത്തല്‍ പോലെ വ്യാപാരകരാറിന്റെ പ്രഖ്യാപനവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തി. മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വ്യാപാരകരാറെന്നും പ്രസ്താവനയിലുണ്ട്. അമേരിക്കയ്‌ക്കെതിരായ താരീഫ്, താരീഫ് ഇതര തടസങ്ങള്‍ എന്നിവ 0% മാക്കാന്‍ ഇന്ത്യ സമ്മതിച്ചതായും ട്രംപ് പറയുന്നു.

നമ്മുടെ വിപണി പൂര്‍ണമായി തുറക്കാന്‍ ഇന്ത്യ അമേരിക്കയ്ക്ക് സമ്മതം നല്‍കിയതായി തോന്നുന്നു. ഇത് ഇന്ത്യന്‍ വ്യവസായത്തേയും വ്യാപാരികളേയും കര്‍ഷകരേയും ബാധിക്കും,’ കോണ്‍ഗ്രസ് പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ സമ്മതിച്ചായുള്ള ട്രംപിന്റെ അവകാശവാദത്തേയും പാര്‍ട്ടി ചോദ്യം ചെയ്തു.

‘മോദി സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല, പകരം അമേരിക്കയില്‍ നിന്നും വെനസ്വലേയില്‍ നിന്നും വാങ്ങുമെന്ന് സമ്മതിച്ചതായി ട്രംപ് പറയുന്നു. ഇത് മോദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ?

കൂടാതെ അമേരിക്കയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ട്. അപ്പോള്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിച്ചു,’ കോണ്‍ഗ്രസ് ചോദിച്ചു.

വ്യാപാരകരാറിന്റെ വിശദാംശങ്ങളറിയാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. മോദി സര്‍ക്കാര്‍ മുഴുവന്‍ രാജ്യത്തേയും പാര്‍ലമെന്റിനേയും വിശ്വാസത്തിലെടുക്കുകയും വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress demands release of full text of India-US trade deal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.