പാറ്റ്‌ന: ബീഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 2020ല്‍ മത്സരിച്ച അത്രയും എണ്ണം സീറ്റുകള്‍ ഇത്തവണയും വേണമെന്ന് ആവശ്യപ്പെട്ടതും മുന്നണിയിലേക്ക് വന്ന പുതിയ പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതുമാണ് തര്‍ക്കത്തിന് കാരണം.
2020ല്‍ 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ കേവലം 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ബീഹാറില്‍ എന്‍.ഡി.എ അധികാരത്തിലെത്താന്‍ കാരണം പോലും കോണ്‍ഗ്രസിന്റെ ഈ ദയനീയ പരാജയമാണെന്ന വിമര്‍ശനം നിലനില്‍ക്കെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും 70 സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ വിജയ സാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ഇന്ത്യ സഖ്യത്തിന് വലിയ ഉണര്‍വ് നല്‍കിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ അതിനനുസരിച്ച പരിഗണന ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. മാത്രവുമല്ല, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 4 സീറ്റുകള്‍ നേടിയപ്പോള്‍ തങ്ങള്‍ 3 സീറ്റുകള്‍ നേടിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള തങ്ങളുടെ യോഗ്യതയായി പറയുന്നു.
2020ല്‍ മഹാഘഡ്ബന്ധനായാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന സഖ്യം മത്സരിച്ചത്. ഇതില്‍ 144 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 70 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിച്ചു. മഹാഘഡ്ബന്ധന്റെ ഭാഗമായ മൂന്ന് ഇടതുപാര്‍ട്ടികള്‍ ഇടതുസഖ്യമായാണ് മത്സരിച്ചത്. ഇതില്‍ സി.പി.ഐ.എംഎല്‍ 19 സീറ്റിലും സി.പി.ഐ 6 സീറ്റിലും സി.പി.ഐ.എം 4 സീറ്റിലുമായി ആകെ 29 സീറ്റുകളിലാണ് മത്സരിച്ചത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തേജസ്വിയാദവും
ആര്‍.ജെ.ഡി 75 സീറ്റുകളില്‍ വിജയിച്ച് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സി.പി.ഐ.എംഎല്‍ 12 സീറ്റിലും സി.പി.ഐയും സി.പി.ഐ.എമ്മും 2 വീതം സീറ്റുകളിലും വിജയിച്ചു. ഫലത്തില്‍ 29 സീറ്റുകളില്‍ മാത്രം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 16 സീറ്റില്‍ വിജയിച്ചു.
70 സീറ്റുകളില്‍ മത്സരിച്ച് 19 സീറ്റുകളില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസിനെയും 29 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റില്‍ വിജയിച്ച ഇടതു പാര്‍ട്ടികളെയും താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ഇടതുപാര്‍ട്ടികള്‍ 2020ല്‍ നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍ ചിലതെങ്കിലും ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ ബിഹാറില്‍ അധികാരത്തിലെത്തിയേനെ എന്നും അക്കാലത്ത് വിലയിരുത്തലുകളുണ്ടായിരുന്നു. തേജസ്വി യാദവ് ഉള്‍പ്പടെ കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയതിനെ എതിര്‍ത്ത് രംഗത്ത് വരികയും ചെയ്തിരുന്നു.
2020ല്‍ മഹാഘഡ്ബന്ധന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടികളെല്ലാം തന്നെ തങ്ങള്‍ക്ക് ലഭിച്ചതില്‍ 50 ശതമാനത്തിലധികം സീറ്റുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മാത്രമാണ് ദയനീയ പ്രകടനം നടത്തിയത്. സഖ്യത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചതും ഈ പ്രകടനം തന്നെയാണ്. ഈ വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ് അതേ സീറ്റുകള്‍ ഇത്തവണയും ആവശ്യപ്പെട്ടിരിക്കുന്നത്. ലാലുപ്രസാദ് യാദവിനുള്‍പ്പടെ ഇതില്‍ എതിര്‍പ്പുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
2020ല്‍ ആര്‍.ജെ.ഡി. നയിക്കുന്ന ബിഹാറിലെ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ്, ആര്‍.ജെഡി, സി.പി.ഐ(എം.എല്‍), സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ മുകേഷ് സാഹ്നിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി), മുന്‍കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി), ഹേമന്ത് സോറന്റെ ഢാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) എന്നീ പാര്‍ട്ടികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയും ലാലുപ്രസാദ് യാദവും
60 സീറ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് എന്‍.ഡി.എയില്‍ നിന്നും വന്ന മുകേഷ് സാഹ്നിയുടെ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 20 മുതല്‍ 25 സീറ്റുകള്‍ വരെ നല്‍കിയാല്‍ സാഹ്നിയുടെ പാര്‍ട്ടി തൃപ്തിപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി സാഹ്നിയുടെ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 18-20 സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്നും ആര്‍.ജെ.ഡിയിലെ ഒരു വിഭാഗം പറയുന്നു. ഝാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഏതാനും സീറ്റുകള്‍ ജെ.എം.എമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ ആര്‍.ജെ.ഡിക്ക് അര്‍ഹമായ സീറ്റുകള്‍ ഹേമന്ത് സോറന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അര്‍ഹമായ പരിഗണന തങ്ങള്‍ക്ക് ബിഹാറിലും ലഭിക്കണമെന്നാണ് ജെ.എം.എമ്മിന്റെ ആവശ്യം. ഝാര്‍ഖണ്ഡില്‍ ആര്‍.ജെ.ഡിക്ക് 4 എം.എല്‍.എമാരുമുണ്ട്.
ഇത്രയും പുതിയ പാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ വീതിച്ചു നല്‍കുമ്പോള്‍ എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നാണ് ആര്‍.ജെ.ഡിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും 2020ല്‍ തങ്ങള്‍ മത്സരിച്ച അത്രയും എണ്ണം സീറ്റുകള്‍ തന്നെ വേണമെന്ന നിലപാടിലാണ്. അതില്‍ തന്നെ വിജയസധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ വണമെന്നും ആവശ്യപ്പെടുന്നു.
50 മുതല്‍ 52 സീറ്റുകള്‍ വരെ നല്‍കാന്‍ ആര്‍.ജെ.ഡി തയ്യാറാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 70 സീറ്റുകളെങ്കിലും ലഭിച്ചാലെ 20 മുതല്‍ 25 സീറ്റുകളിലെങ്കിലും ജയിക്കാനാകൂ എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസുള്ളത്. കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ആര്‍.ജെ.ഡിയുടെ ശക്തി കേന്ദ്രങ്ങളിലാണെന്നതും സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു.
ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍.ജെ.ഡി ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതുവരെ ഒദ്യോഗികമായി ഇക്കാര്യം അംഗീകരിക്കാന്‍ തയാറാകാത്തതിലും ആര്‍.ജെ.ഡിക്ക് എതിര്‍പ്പുണ്ട്. പുതിയതായി വന്ന പാര്‍ട്ടികളുള്‍പ്പടെ ഇന്ത്യ സഖ്യത്തിലെ എല്ലാവരും തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരസ്യമായി അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസ് മാത്രമാണ് അത് ചെയ്യാത്തത്. രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പരസ്യമായി തന്നെ തേജസ്വി പല വേദികളിലും പറഞ്ഞെങ്കിലും തിരിച്ച് വോട്ടര്‍ അധികാര്‍ യാത്രയുടെ ഒരു വേദിയിലും രാഹുല്‍ഗാന്ധി തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയില്ലെന്നാണ് ആര്‍.ജെ.ഡിയുടെ വിമര്‍ശനം.
content highlights: Congress demands more seats in Bihar assembly elections