ഇനിയും മത്സരിപ്പിക്കരുത്; രമ്യ മത്സരിച്ചാല്‍ സഹകരിക്കില്ലെന്ന് ദളിത് കോണ്‍ഗ്രസ്
Kerala
ഇനിയും മത്സരിപ്പിക്കരുത്; രമ്യ മത്സരിച്ചാല്‍ സഹകരിക്കില്ലെന്ന് ദളിത് കോണ്‍ഗ്രസ്
ശ്രീലക്ഷ്മി എ.വി.
Friday, 16th January 2026, 11:51 am

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് എം.പിയെ ചിറയിൻ കീഴിൽ മത്സരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ദളിത് വിഭാഗം നേതാക്കൾ.

കെ.പി.സി.സി ഓഫീസിലെത്തിയ രമ്യയെ മറ്റ് നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം.

കെ.പി.സി.സി ഭാരവാഹിയായ മൺവിള രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധം അറിയിച്ചു.

രമ്യ ഹരിദാസിനെ ഇനിയും സ്ഥാനാർത്ഥിയാക്കരുതെന്നും ജില്ലയിലെ നേതാക്കൾ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശാണ് രമ്യയെ ചിറയിൻ കീഴിലേക്ക് മത്സരിപ്പിക്കാൻ ഒരുങ്ങുന്നതെന്നും മത്സരിക്കാൻ ഇറങ്ങിയാൽ പരസ്യമായി തടയുമെന്നും ദളിത് നേതാക്കൾ മുന്നറിയിപ്പ് നൽകി.

രമ്യയെ കെട്ടിയിറക്കിയാൽ സഹകരിക്കില്ലെന്ന് ദളിത് കോൺഗ്രസ് നേതാക്കൾ കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചു.

മൺവിള രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ദളിത് കോൺഗ്രസ് നേതാക്കൾ കെ.പി.സി.സി പ്രസിഡന്റിനെ നേരിൽ കാണുകയും രമ്യയെ മത്സരിപ്പിക്കരുതെന്ന് പറയുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശിക വികാരം മാനിക്കുമെന്നും സ്ഥാനാർത്ഥി നിര്ണയത്തിലേക്ക് കടന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

രമ്യയുടെ പ്രവർത്തനമേഖലകളായ കോഴിക്കോട് ബാലുശ്ശേരിയിലോ ആലത്തൂരിലോ താനൂരിലോ ചേലക്കരയിലോ മത്സരിക്കാമല്ലോയെന്നും നേതാക്കൾ ചോദിച്ചു.

തിരുവനന്തപുരത്തേക്ക് വരരുതെന്ന് രമ്യയോടും നേതാക്കൾ നേരിട്ട് പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ആലത്തൂരിലും ചേലക്കരയിലുമെല്ലാം പാർട്ടി പറഞ്ഞിട്ടാണ് മത്സരിച്ചതെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാതിരിക്കാൻ കഴിയുമോയെന്നായിരുന്നു രമ്യയുടെ പ്രതികരണം.

Content Highlight: Congress Dalit leaders protest against the move to have Ramya Haridas MP contest under Chirayin

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.