ഖാംനഇയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; അപലപിച്ച് കോണ്‍ഗ്രസ്
India
ഖാംനഇയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; അപലപിച്ച് കോണ്‍ഗ്രസ്
യെലന കെ.വി
Monday, 2nd March 2026, 8:15 am

ന്യൂദല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകത്തെ അപലപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

ഒരു രാജ്യത്തിന്റെ ഭരണനേതൃത്വത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം സൈനിക നീക്കങ്ങള്‍ ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഖാംനഇയുടെ കുടുംബത്തെയും ഇറാനിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തെയും അനുശോചനം അറിയിച്ചു. ‘ഈ ഗുരുതരമായ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ ഇറാനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ ഖാര്‍ഗെ പറഞ്ഞു.

ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടനയെയും നേതൃത്വത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ഏകപക്ഷീയമായ സൈനിക ഇടപെടലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

എക്‌സിലൂടെയായിരുന്നു ഖാര്‍ഗെ കോണ്‍ഗ്രസിന്റെ സംയുക്ത നിലപാട് വ്യക്തമാക്കിയത്.

വെനസ്വേലയിലും ഇറാനിലും കണ്ടുവരുന്ന ഇത്തരം പ്രവണതകള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

‘ഒരു രാഷ്ട്രത്തലവനെ ലക്ഷ്യമിട്ടുള്ള കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ അന്തസത്തയെ തകര്‍ക്കുന്നതാണ്. പരമാധികാരം എന്നത് നിബന്ധനകള്‍ക്ക് വിധേയമല്ല, രാഷ്ട്രീയ നിയമസാധുത ബലപ്രയോഗത്തിലൂടെ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കില്ല,’ പ്രസ്താവനയില്‍ പറയുന്നു. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ പൗരന്മാര്‍ക്കാണെന്നും പുറത്തുനിന്നുള്ള ഒരു ശക്തിക്കും മറ്റൊരു രാജ്യത്തെ നേതൃത്വത്തെ നിശ്ചയിക്കാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖാംനഇ കൊല്ലപ്പെട്ടത്. ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെയായിരുന്നു ആക്രമണം.

ഈ നടപടി സാമ്രാജ്യത്വ നിലപാടാണെന്നും ഇത് അന്താരാഷ്ട്ര ക്രമത്തിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Content Highlight: Congress condemns Khamenei’s killing, calls targeted use of force ‘disturbing’

 

 

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.