ലാ റോജയുടെ കുട്ടിപ്പടയാളിയെ വെട്ടി മെക്‌സിക്കന്‍ വണ്ടര്‍ കിഡ് മോറ
Football
ലാ റോജയുടെ കുട്ടിപ്പടയാളിയെ വെട്ടി മെക്‌സിക്കന്‍ വണ്ടര്‍ കിഡ് മോറ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th July 2025, 1:11 pm

കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം മെക്‌സിക്കോ ജേതാക്കളായിരുന്നു. യു.എസ്.എയെ പരാജയപ്പെടുത്തിയാണ് ആവേശപ്പോരില്‍ മെക്‌സിക്കോ തുടര്‍ച്ചയായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയുടെ വിജയം.

മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയായിരുന്നു മെക്‌സിക്കന്‍ പട ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ എഡിസണ്‍ അല്‍വാരസിന്റെ ഹെഡ്ഡറാണ് എല്‍ ട്രൈയെ വിജയതീരമണിയിച്ചത്. ഇതോടെ ടൂര്‍ണമെന്റില്‍ പത്ത് കിരീടങ്ങള്‍ തങ്ങളുടെ ഷോകേസില്‍ എത്തിക്കാന്‍ ഹാവിയര്‍ അഗ്യൂറെയുടെ സംഘത്തിനായി.

കലാശപ്പോരില്‍ കൗമാര താരം ഗില്‍ബര്‍ട്ടോ മോറയും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. മത്സരത്തിലുടനീളം 16കാരന്‍ യു.എസ്.എയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇരു പകുതിയിലുമായി താരം അമേരിക്കന്‍ ഗോള്‍ മുഖത്തേക്ക് നിരവധി മുന്നേറ്റങ്ങളുമായി ആക്രമണമഴിച്ചുവിട്ടിരുന്നു.

മോറയുടെ പല ഷോട്ടുകളും അമേരിക്കന്‍ വല കുലുക്കുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും താരത്തിന്റെ പേരില്‍ ഒരു ഗോള്‍ മാത്രം അകന്നു നിന്നു. മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും ഒരു സൂപ്പര്‍ നേട്ടം താരം സ്വന്തമാക്കി. ഒരു ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാനാണ് മെക്‌സിക്കന്‍ യുവതാരത്തിന് സാധിച്ചത്.

സ്പാനിഷ് യുവ താരം ലാമിന്‍ യമാലിന്റെയും ബ്രസീലിയന്‍ ഇതിഹാസം പെലെയുടെയും റെക്കോഡ് തകര്‍ത്തതാണ് മോറ ഈ നേട്ടത്തിലെത്തിയത്. യമാലും പെലെയും 17ാം വയസില്‍ ലോക ജേതാക്കളായി നേടിയ റെക്കോഡാണ് താരം തിരുത്തി കുറിച്ചത്.

ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – പ്രായം – ടൂര്‍ണമെന്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഗില്‍ബര്‍ട്ടോ മോറ – 16 വയസ് 265 ദിവസം – കോണ്‍കാഫ് ഗോള്‍ഡ് കപ്പ് – 2025

ലാമിന്‍ യമാല്‍ – 17 വയസ് രണ്ട് ദിവസം – യൂറോ കപ്പ് – 2024

പെലെ – 17 വയസ് 249 ദിവസം – വേള്‍ഡ് കപ്പ് – 1958

Content Highlight: CONCACAF Golden Cup: Mexican youngester Gilberto Mora became youngest player ever to win a international final