| Thursday, 22nd May 2025, 11:30 am

സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരിൽ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. യദു സായന്താന്തും സുഹൃത്തുക്കളുമാണ് മർദത്തിന് ഇരയായത്.

ഇന്നലെ (ബുധന്‍) രാത്രി 10 മണിയോടെയാണ് സംഭവം. നാലംഗ സംഘമാണ് യദുവിനെയും സഹപാഠികളെയും മർദിച്ചത്.

മര്‍ദനത്തിനിടെ മകന്‍ തന്നെ വിവരം വിളിച്ചുപറയുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമിച്ചത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും തന്റെ പേര് പറഞ്ഞുകൊണ്ടാണ് മകനെ മർദിച്ചതെന്നും സന്തോഷ് പ്രതികരിച്ചു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നും സന്തോഷ് കീഴാറ്റൂര്‍ 24 ന്യൂസിനോട് പറഞ്ഞു.

‘തൃച്ചംബരം ചിന്മയ മിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ചാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. അവര്‍ പഠിച്ച സ്‌കൂള്‍ തന്നെയാണ് അത്. മകനെയാണ് അക്രമികള്‍ ആദ്യം അടിച്ചത്. ഹെല്‍മറ്റുകൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ചുവെന്നാണ് കുട്ടികളും കണ്ടുനിന്നവരും എന്നോട് പറഞ്ഞത്. രാഷ്ട്രീയമായിട്ട് ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ മകനെ മര്‍ദിച്ചത് ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവരാണ്. കൂടാതെ കഴിഞ്ഞ ദിവസം ചിന്മയ സ്‌കൂളില്‍ ഒരു നാടക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയായിരുന്നു. വലിയ വിജയമായിരുന്നു പരിപാടി. അതിന്റെ സംഘാടകനും ബാലസംഘം വില്ലേജ് പ്രസിഡന്റും കൂടിയാണ് മകന്‍. ഞാനും ചേട്ടനുമെല്ലാം വ്യക്തമായി രാഷ്ട്രീയം പറയുന്നവരാണ്. ഇതെല്ലാം അവര്‍ നോക്കുന്നുണ്ടോ എന്നാണ് ഞാന്‍ സംശയിക്കുന്നത്,’ ന്യൂസ് മലയാളത്തോട് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

Content Highlight: Complaint alleging that BJP workers beat up Santosh Keezhattoor’s son

We use cookies to give you the best possible experience. Learn more