മലയാള സിനിമയുടെ മുഴുവന്‍ ബോക്‌സ് ഓഫീസ് കരുത്തും തെളിയിച്ചുകൊണ്ടാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 85 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഷാജി പാപ്പനായി ജയസൂര്യയെത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ ആദ്യ നൂറ് കോടിയെന്ന നേട്ടത്തിലേക്കാണ് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്.
മികച്ച പ്രകടനം തുടരുന്നതിനിടെ ചിത്രത്തെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ഭ ഭ ബയുമായി ബന്ധപ്പെടുത്തി ഒരുക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നോ ലോജിക്ക് ഓണ്‍ലി മാഡ്‌നെസ് എന്ന ടാഗ് ലൈനിലെത്തിയ ഭ ഭ ബ തിയേറ്ററില്‍ പരാജയമായി മാറുകയായിരുന്നു. ദിലീപിന് പുറമെ മോഹന്‍ ലാലും കാമിയോ റോളില്‍ എത്തിയ ചിത്രം തിയേറ്ററില്‍ അസഹനീയമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
ലോജിക്ക് നോക്കേണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യമെടുത്തതെങ്കിലും ചിത്രത്തിലെ സീനുകളൊന്നും തന്നെ യാതൊരു ഇംപാക്ടും സൃഷ്ടിക്കുന്നില്ലെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ഈ സാഹചര്യത്തിലാണ് മൂന്നാം ഭാഗവുമായെത്തി തിയേറ്ററില്‍ വന്‍ വിജയം നേടുന്ന ആടിനെ നോ ലോജിക്ക് ചിത്രത്തിന് ഉദാഹരണമായി പ്രേക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.
2015 ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകര്‍ വലിയ രീതിയില്‍ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. സാധാരണയായി കണ്ടുവരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു പിടി കഥാപാത്രങ്ങളും അവരുടെ മണ്ടത്തരങ്ങളും അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയിനറായിരുന്നു.
2017 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതേ കഥാപാത്രങ്ങളെ അണി നിരത്തികൊണ്ട് ചിരിയുടെ മാലപടക്കം തീര്‍ക്കുകയായിരുന്നു. ആദ്യ ഭാഗത്തിനേറ്റ പരാജയത്തിന്റെ പലിശയും തീര്‍ത്ത് നല്‍കിയാണ് ആട് 2 വിനെ പ്രേക്ഷകര്‍ തിയേറ്റര്‍ വിടാന്‍ അനുവദിച്ചിരുന്നത്. നീലക്കൊടുവേലിയും കമ്മട്ടവും തുടങ്ങി ഒരു വസ്തുവിന് പുറമെ നെട്ടോട്ടം പായുന്ന ഒരു പിടി കഥാപാത്രങ്ങളെ മനോഹരമായാണ് മിഥുന്‍ മാനുവല്‍ തോമസ് സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോജിക്കുകളെല്ലാം മാറ്റിവെച്ച് ആസ്വദിച്ച് ഇരുന്ന് കാണാന്‍ കഴിയുന്ന ഒരു നോ ലോജിക്ക് പടമെന്ന് ആട് ഫ്രാഞ്ചൈസിനെ അക്ഷരം തെറ്റാതെ വിളിക്കാമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
Content Highlight: Comparison video between Bha Bha Ba and Aadu 3 goes viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.