മമ്മൂക്കയും ദുല്‍ഖറും ആശീര്‍വാദിനെ കണ്ട് പഠിക്ക്, സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തി താരതമ്യ പോസ്റ്റ്
Malayalam Cinema
മമ്മൂക്കയും ദുല്‍ഖറും ആശീര്‍വാദിനെ കണ്ട് പഠിക്ക്, സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തി താരതമ്യ പോസ്റ്റ്
അമര്‍നാഥ് എം.
Monday, 3rd August 2026, 2:19 pm

സിനിമയെക്കുറിച്ചുള്ള തമാശ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നല്ല സ്വീകാര്യതയുണ്ട്. അധികമാരും ശ്രദ്ധിക്കാത്ത ചില പോയിന്റുകളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്റുകള്‍ പലപ്പോഴും ചിരിയുണര്‍ത്തും. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചാവിഷയം. റിലീസിന് തയാറെടുക്കുന്ന തുടക്കം എന്ന ചിത്രത്തെക്കുറിച്ചാണ് പോസ്റ്റ്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിന്റെ കഥയെക്കുറിച്ച് ഒന്നും പുറത്തുവിടാത്ത തരത്തിലാണ് ഓരോ പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസാണ് തുടക്കത്തിന്റെ നിര്‍മാതാക്കള്‍. തുടക്കം ഒരു ആശീര്‍വാദ് കുടുംബചിത്രമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

‘തുടക്കം ഒരു സമ്പൂര്‍ണ ആശീര്‍വാദ് കുടുംബചിത്രം. നായിക വിസ്മയ, വില്ലന്‍ ആശിഷ് ജോ ആന്റണി, നിര്‍മാണം ആശീര്‍വാദ് സിനിമാസ്, എക്‌സ്റ്റന്‍ഡഡ് കാമിയോ മോഹന്‍ലാല്‍, വെറും കാമിയോ ആന്റണി പെരുമ്പാവൂര്‍. അച്ഛന്മാരായാല്‍ മോഹന്‍ലാലിനെപ്പോലെയാകണം. സിനിമയിലെത്തണമെന്ന് മക്കള്‍ ആഗ്രഹം പറഞ്ഞാല്‍ അത് നടത്തിക്കൊടുക്കാന്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ്.

ഇതിന് ഹൈപ്പ് കിട്ടാന്‍ ലാലേട്ടന്റെ വക കാമിയോയും. മമ്മൂക്കാ, നിങ്ങള്‍ ഇത് കണ്ട് പഠിക്ക്. അച്ഛനും മകനും ഓരോ പ്രൊഡക്ഷന്‍ ഹൗസുണ്ടല്ലോ. ഒന്നുമില്ലെങ്കിലും നിങ്ങള്‍ രണ്ടുപേരില്‍ ആരുടെയെങ്കിലും പടത്തില്‍ മറ്റൊരാള്‍ക്ക് കാമിയോ ചെയ്തുകൂടെ. രണ്ടുപേരെയും ഒന്നിച്ച് കാണാനുള്ള ആഗ്രഹം കൊണ്ടാ’ എന്നാണ് പോസ്റ്റ്.

ഫേസ്ബുക്കിലെ മല്ലു സര്‍ക്കാസ്റ്റിക് ക്ലബ്ബ് എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടക്കത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചത്. ഈയടുത്ത് വന്നതില്‍ മികച്ച പോസ്‌റ്റെന്നാണ് ചില കമന്റുകള്‍. ആരെയും അതിര് കടന്ന് വിമര്‍ശിക്കാതെ ഫാനിസത്തിന്റെ ലിമിറ്റില്‍ നിന്നുകൊണ്ടുള്ള പോസ്റ്റിന് വേറെയും കമന്റുകളുണ്ട്.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തുന്ന സിനിമ വെറും ഹൈപ്പ് മാത്രം കൊണ്ട് ഒരുങ്ങിയാല്‍ പോരെന്നും നല്ല കഥ കിട്ടിയാല്‍ മാത്രമേ ചെയ്തിട്ട് കാര്യമുള്ളൂ എന്നുമാണ് ചില കമന്റുകള്‍. മര്യാദക്ക് ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യാത്ത മമ്മൂട്ടിക്കമ്പനിയുടെ അടുത്ത് നിന്ന് ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കരുതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറിലൊരുങ്ങിയ മൂന്ന് സിനിമകളില്‍ ഇതിനോടകം പ്രണവും മോഹന്‍ലാലും ഒന്നിച്ചെത്തിയിട്ടുണ്ട്. പ്രണവിന്റെ ആദിയില്‍ മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്തപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരൊറ്റ ഷോട്ടില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിച്ചത് പ്രണവായിരുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ലോകഃ ഫ്രാഞ്ചൈസിയില്‍ മമ്മൂട്ടി- ഡി.ക്യു കോമ്പോ ഒന്നിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Comparison post between Mammootty and Dulquer with Aashirvad cinemas viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം