സീക്വലുകളും പ്രീക്വലുകളുമെല്ലാം തിയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കുന്ന സമയമാണിത്. മാര്‍ച്ച് അവസാനം മുതലിങ്ങോട്ട് ഹിറ്റായ മലയാള സിനിമകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി ചിത്രങ്ങളായിരുന്നു. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിങ്ങനെ തുടങ്ങി ഏറ്റവുമൊടുവില്‍ ദൃശ്യം 3യിലേക്ക് എത്തിനില്‍ക്കുകയാണ് ഈ ലിസ്റ്റ്.
ദൃശ്യം എന്ന ഫ്രാഞ്ചൈസിക്കുള്ള സ്വീകാര്യതയും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡുമാണ് ദൃശ്യം 3യുടെ വിജയത്തിന്റെ പ്രധാന കാരണങ്ങള്‍. ആദ്യ രണ്ട് ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ലോജിക്കില്ലായ്മ മുഴച്ചുനില്‍ക്കുന്ന സ്‌ക്രിപ്റ്റാണ് ഇത്തവണ ജീത്തു ഒരുക്കിയത്. ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തിന് നല്‍കിയ മാറ്റം മാത്രമാണ് വര്‍ക്കായത്. മറ്റ് ചില കഥാപാത്രങ്ങളെ മൂന്നാം ഭാഗത്തില്‍ നശിപ്പിച്ചെന്നാണ് പ്രധാന വിമര്‍ശനം.
അത്തരത്തിലൊരു കഥാപാത്രമാണ് സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകര്‍. ആദ്യ രണ്ട് ഭാഗങ്ങളില്‍ നല്ല മനസിന് ഉടമയായി നിന്ന പ്രഭാകറാണ് മൂന്നാം ഭാഗത്തിലെ പ്രധാന വില്ലന്‍. മകന് നീതി വാങ്ങിക്കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് ഡിപ്രഷനിലായ ഭാര്യയെ തിരിച്ചുകൊണ്ടുവരാനാണ് താന്‍ ജോര്‍ജുകുട്ടിയെ കുടുക്കാന്‍ ഇറങ്ങിയത് എന്നാണ് പ്രഭാകറിന്റെ ന്യായീകരണം.
ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തിന് വന്ന മാറ്റം സിനിമയില്‍ അവിടവിടായി കാണിച്ച് ജസ്റ്റിഫൈ ചെയ്യുന്നുണ്ടെങ്കിലും പ്രഭാകറിന്റെ ക്യാരക്ടര്‍ ആര്‍ക്കിന് യാതൊരു ന്യായീകരണവും സംവിധായകന് നല്‍കാനുണ്ടായിരുന്നില്ല. ജോര്‍ജുകുട്ടിയുടെ ഭാഗത്താണ് ന്യായമെന്ന് ആദ്യത്തെ രണ്ട് ഭാഗത്തും ചിന്തിച്ച പ്രഭാകറിന് ദൃശ്യം 3യില്‍ വരുമ്പോള്‍ ഉണ്ടായ മാറ്റം ദഹിക്കാതെ പോയി.
എന്നാല്‍ തുടര്‍ഭാഗം ചെയ്യുമ്പോള്‍ ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രത്തെ എഴുതി നശിപ്പിച്ചത് മോളിവുഡില്‍ ഇതാദ്യമായല്ല. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാനില്‍ ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന് നല്‍കിയ മാറ്റം ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു. ആദ്യഭാഗത്തില്‍ സ്റ്റീഫന്റെ അനിയനാണ് താന്‍ എന്ന് അഭിമാനത്തോടെ പറയുന്ന ജതിന്‍ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ സ്റ്റീഫന്റെ എതിരാളിയായി മാറി.
ഒട്ടും കണ്‍വിന്‍സാകാത്ത രീതിയിലായിരുന്നു ജതിന് വന്ന മാറ്റം അവതരിപ്പിച്ചത്. എമ്പുരാനില്‍ ജതിന്‍ സ്റ്റീഫനെ അഭിസംബധന ചെയ്യുന്ന രീതിയും ഒന്നിച്ച് കാണുന്ന സമയത്തെ ഡയലോഗുകളും ആ കഥാപാത്രത്തിന് ചേരുന്നതല്ലായിരുന്നു. സീക്വലിലൂടെ ആത്മാവ് നഷ്ടപ്പെട്ടവരില്‍ മുന്‍പന്തിയില്‍ തന്നെ പ്രഭാകറും ജതിന്‍ രാംദാസുമുണ്ടാകുമെന്ന് ഉറപ്പാണ്.
Content Highlight: Comparison between Tovino’s character in Empuraan and Siddique’s character in Drishyam 3 viral