അമരനില്‍ സായ് പല്ലവി മലയാളം പറഞ്ഞ് കുളമാക്കിയതിന് വിത്ത് ലവില്‍ അനശ്വരയിലൂടെ പകരം വീട്ടി, വൈറലായി പോസ്റ്റ്
Malayalam Cinema
അമരനില്‍ സായ് പല്ലവി മലയാളം പറഞ്ഞ് കുളമാക്കിയതിന് വിത്ത് ലവില്‍ അനശ്വരയിലൂടെ പകരം വീട്ടി, വൈറലായി പോസ്റ്റ്
അമര്‍നാഥ് എം.
Monday, 9th March 2026, 7:10 pm

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് തമിഴ് ചിത്രം വിത്ത് ലവ്. നവാഗതനായ മദന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 40 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ടൂറിസ്റ്റ് ഫാമിലി അണിയിച്ചൊരുക്കിയ അബിഷന്‍ ജീവിന്താണ് ചിത്രത്തിലെ നായകന്‍. മലയാളികളുടെ സ്വന്തം അനശ്വര രാജനാണ് നായികയായി എത്തിയത്.

റോം കോം ഴോണറിലൊരുങ്ങിയ വിത്ത് ലവിന് ഒ.ടി.ടിയിലും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ടൂറിസ്റ്റ് ഫാമിലിയില്‍ ഒരൊറ്റ സീനിലെ അഭിനയത്തിലൂടെ ഞെട്ടിച്ച അബിഷന്‍ ഈ സിനിമയില്‍ നായക വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു. എന്നാല്‍ ഇത്രയും ഗംഭീരമായ സിനിമയില്‍ ആകെ പോരായ്മയയായി തോന്നിയത് അനശ്വരയുടെ ഡയലോഗ് ഡെലിവറിയാണെന്ന് ചില വിമര്‍ശനങ്ങളുണ്ട്.

തൃശൂര്‍ സ്ലാങ്ങില്‍ തമിഴ് സംസാരിച്ച അനശ്വരയുടെ ഡയലോഗ് തമിഴായി തോന്നിയില്ലെന്നും ഇടക്ക് മലയാളം കയറിവരുന്നത് പോലെ തോന്നിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ക്കിടയില്‍ ചര്‍ച്ചയായത് സായ് പല്ലവിയുമായുള്ള താരതമ്യമാണ്. അമരന്‍ എന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ മലയാളവുമായാണ് അനശ്വരയുടെ തമിഴിനെ താരതമ്യം ചെയ്യുന്നത്.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മുകുന്ദിന്റെ ജീവിതപങ്കാളിയായ ഇന്ദു എന്ന കഥാപാത്രത്തെയാണ് സായ് അവതരിപ്പിച്ചത്. മലയാളി പെണ്‍കുട്ടിയായാണ് സായ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രത്തിലെ നെഗറ്റീവുകളിലൊന്നായി പലരും അടുത്തപറഞ്ഞത് സായ് പല്ലവിയുടെ മലയാളത്തെയായിരുന്നു.

‘മുകുന്ദേ, മുകുന്ദേ’ എന്നുള്ള സായ് പല്ലവിയുടെ ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തു. സായ് പല്ലവി മലയാളം കുളമാക്കിയപ്പോള്‍ തന്നാലാകും വിധം അനശ്വര തമിഴ് ഡയലോഗ് ഡെലിവറി മോശമാക്കിയെന്നാണ് അഫ്‌സിന്‍ എന്ന ഐ.ഡി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളുണ്ട്.

സായ് പല്ലവി മോശമാക്കിയതുപോലെ അനശ്വര തമിഴിനെ മോശമാക്കിയില്ലെന്നും അത്യാവശ്യം നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. രണ്ടുപേരുടെയും പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നെന്നും പുതിയ ഭാഷ പഠിക്കാന്‍ ഇരുവരും ശ്രമിച്ചിട്ടുണ്ടെന്നും കമന്റുകളുണ്ട്. അഭിനയം ഗംഭീരമായതിനാല്‍ ഇത്തരം ചെറിയ മിസ്റ്റേക്കുകള്‍ ശ്രദ്ധിക്കാനാകില്ലെന്നും കമന്റില്‍ പറയുന്നവരുണ്ട്.

‘സായ്‌യുടെ അത്ര കുളമാക്കിയില്ല, പക്ഷേ അനശ്വരയുടെ ഡയലോഗില്‍ നല്ല മലയാളം ചുവയുണ്ടായിരുന്നു’, ‘അത്രക്ക് മോശമൊന്നും തോന്നിയില്ല, നല്ല ഡയലോഗ് ഡെലിവറിയായിരുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ ഇതിനെക്കാള്‍ ശ്രദ്ധേയമായത് മറ്റൊരു കമന്റാണ്.

കേരള സ്‌റ്റോറിയില്‍ ആദ ശര്‍മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണന്റെ മലയാളം പോലെ വധമായൊന്നും ഈ രണ്ട് കഥാപാത്രങ്ങളുടെയും ഡയലോഗ് ഡെലിവറി തോന്നിയില്ല’ എന്ന കമന്റിന് ‘കേരള സ്‌റ്റോറിയെ ഒരു സിനിമയായും ആദ ശര്‍മയെ ഒരു നടിയായും ആര് കണക്കാക്കുന്നു’ എന്നായിരുന്നു അഫ്‌സിന്റെ മറുപടി.

Content Highlight: Comparison between Sai Pallavi and Anaswara Rajan after the OTT release of With Love movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം