വ്യത്യസ്തമായ ആശയങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള സൂപ്പര്‍ഹീറോ ഴോണറും ടൈം ട്രാവലും ഹൊറര്‍ ചിത്രങ്ങളുമെല്ലാം ഇന്ന് മലയാള സിനിമയില്‍ അതേ നിലവാരത്തില്‍ തന്നെ പുറത്തിറങ്ങുന്നു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.
ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നും അടുത്തിടെ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു പടക്കളവും പ്രകമ്പനവും. ബോഡി സ്വാപ്പിങ് എന്ന ആശയത്തെ ആധാരമാക്കി മികച്ച രീതിയില്‍ തന്നെ ഒരുക്കിയിരിക്കുന്ന ഇരു ചിത്രങ്ങള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഒരേ സമയം രണ്ട് കഥാപാത്രമായി പെര്‍ഫോം ചെയ്യുകയെന്ന വെല്ലുവിളിയും ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാട് ലൂപ്‌ഹോളുകള്‍ വന്നേക്കാമെന്ന സാഹചര്യവും അതിജീവിച്ചാണ് പ്രകമ്പനവും പടക്കളവും വിജയം സ്വന്തമാക്കിയിരിക്കുന്നത്.
പ്രകമ്പനം. Photo: Book My Show
തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയ ചിത്രമാണ് പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അല്‍ അമീന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളത്തില്‍ അധികം കണ്ട് പരിചിയിച്ചിട്ടില്ലാത്ത ഹൊറര്‍ കോമഡി ഴോണറിലാണ് കഥ പറയുന്നത്. ഗണപതി അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ അച്ഛമ്മയുടെ ചിതാഭസ്മം അബദ്ധത്തില്‍ സാഗര്‍ സൂര്യയുടെ പുണ്യാളന്‍ എന്ന കഥാപാത്രം മൂക്കില്‍ വലിക്കുന്നതും പിന്നീട് മല്ലികയുടെ അച്ഛമ്മ കഥാപാത്രത്തിന്റെ ആത്മാവ് പുണ്യാളനില്‍ കയറുന്നതുമാണ് കഥാപശ്ചാത്തലം.
ഒന്ന് തുമ്മുന്നതോടെ തന്റെ സ്വബോധം വെടിഞ്ഞ് അച്ഛമ്മയായി മാറുന്ന കഥാപാത്രത്തെ ഏറെ കൈയ്യടക്കത്തോടെയാണ് സാഗര്‍ സൂര്യ അവതരിപ്പിച്ചിട്ടുള്ളത്. കോളേജ് വിദ്യര്‍ത്ഥിയുടെ മാനറിസത്തില്‍ നിന്നും പെട്ടെന്ന് തന്നെ വൃദ്ധയായ സ്ത്രീ കഥാപാത്രമായി മാറുന്ന സീനുകളെല്ലാം സാഗര്‍ തന്റെ അഭിനയപാടവം കൊണ്ട് മികച്ചതാക്കിയിട്ടുണ്ട്. ബോഡി സ്വാപ്പിങ് നടക്കുമ്പോള്‍ മാനറിസം മാറ്റുക എന്നതിലുപരി ഈ മാനറിസങ്ങള്‍ കൊണ്ട് കണ്ടിരിക്കുന്നവരെ ചിരിപ്പിക്കുക എന്ന വലിയ വെല്ലുവിളിയെ മറികടക്കാനും താരത്തിന് അനായാസം സാധിക്കുന്നുണ്ട്.
ചിത്രം കണ്ട പലരെയും ഓര്‍മിപ്പിച്ചത് മനു സ്വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പടക്കളമാണ്. ഷറഫുദ്ധീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ബ്ലാക്ക് കോമഡി ഫാന്റസി ഴോണര്‍ ചിത്രമായിരുന്നു പടക്കളം. പ്രകമ്പനത്തില്‍ ആത്മാവിലൂടെയാണെങ്കില്‍ പടക്കളത്തില്‍ ഒരു ഗെയിമിലൂടെയാണ് ബോഡി സ്വാപ്പിങ്ങ് നടക്കുന്നതെന്ന് കാണാം.
മൂന്ന് പേരുടെ ശരീരം പരസ്പരം മാറി പോകുന്ന ചിത്രം ഈ കാരണം കൊണ്ട് തന്നെ പ്രേക്ഷകനെ ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്നു. പടക്കളത്തില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത് യുവനടനായ സന്ദീപ് പ്രദീപ് ആയിരുന്നു. ഷറപുദ്ദീന്‍ അവതരിപ്പിച്ച രഞ്ജിത്തിന്റെ ആത്മാവ് സന്ദീപിന്റെ കഥാപാത്രത്തില്‍ കയറുന്നതോടെ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അവിസ്മരണീയമായ പ്രകടനമാണ് സന്ദീപ് കാഴ്ച്ചവെച്ചത്. ആദ്യപകുതിയില്‍ നിഷ്‌കളങ്കനായി പെരുമാറുന്ന സന്ദീപ് രണ്ടാം പകുതിയില്‍ സ്വാഗുള്ള കഥാപാത്രമായാണ് വെള്ളിത്തിരയില്‍ അരങ്ങുതകര്‍ക്കുന്നത്.
പടക്കളം. Photo: IMDB
ചിത്രത്തിലെ അഭിനേതാക്കളെല്ലാം കൈയടി നേടിയപ്പോള്‍ രണ്ട് ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിച്ചതിന് വലിയ പ്രശംസയാണ് യുവ അഭിനേതാവെന്ന നിലയില്‍ സന്ദീപിന് ലഭിച്ചത്. ഒരു തരത്തിലും തന്റെ പതിവ് മാനറിസങ്ങള്‍ കഥാപാത്രങ്ങളിലേക്ക് കടന്നുവരാതെ നോക്കുന്നതിലും സന്ദീപ് വിജയിച്ചു എന്ന് നിസംശയം പറയാം.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് കെട്ടുറപ്പുള്ള പ്രകടനത്തിലൂടെ തങ്ങളുടെതായ സ്ഥാനം കണ്ടെത്തുകയാണ് സാഗര്‍ സൂര്യയും സന്ദീപ് പ്രദീപും. ഇന്ത്യന്‍ സിനിമയില്‍ പരിചിതമല്ലാത്ത പരീക്ഷണ ചിത്രങ്ങളെടുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യം നല്‍കുന്നതില്‍ സാഗറിനെയും സന്ദീപിനെയും പോലുള്ള യുവതാരങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
Content Highlight: Comparison Between Roles portrayed by Sagar Surya and Sandeep Pradeep In Prakambanam and Padakkalm
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.