കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രൈസ്തവ സഭയും; വിമോചന സമരം മുതല്‍ ജലന്ധര്‍ ബിഷപ്പ് വരെ
Focus on Politics
കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രൈസ്തവ സഭയും; വിമോചന സമരം മുതല്‍ ജലന്ധര്‍ ബിഷപ്പ് വരെ
ഷാരോണ്‍ പ്രദീപ്‌
Wednesday, 12th September 2018, 2:28 pm

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും, ക്രൈസ്തവ സഭകളും ആദ്യകാലം മുതല്‍ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ പരസ്പര സംവാദം നടത്തി പോരുന്നുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ് സര്‍ക്കാരിനെ തൊട്ടടുത്ത വര്‍ഷം തന്നെ താഴെയിറക്കാനുള്ള സുവിശേഷപ്രചരണ വേല സഭ നടത്തിയത് ചരിത്രമാണ്. നിലപാടുകളില്‍ അന്ന് വിരുദ്ധ ധ്രുവങ്ങളിലാണ് ഇരു കൂട്ടരും നിലയുറപ്പിച്ചിട്ടുള്ളതെന്ന് ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും.

അന്നത്തെ സി.പി.ഐ. മന്ത്രിസഭ കൊണ്ട് വന്ന് ഭൂപരിഷ്‌കരണ ബില്ലും, വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലും അധികാര സിരാകേന്ദ്രങ്ങളിലുണ്ടായിരുന്ന സഭയെ കുറച്ചൊന്നുമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുപക്ഷത്താക്കിയത്. ഏറിയ പങ്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരിച്ചിരുന്ന, വലിയ പങ്ക് ഭൂമി കൈവശം വെച്ചിരുന്ന കേരളാ ക്രൈസ്തവ സഭകള്‍, എന്‍.എസ്.എസ് പോലെയുള്ള സമാന മതസംഘടനകളുടെ കൂടെ നിന്ന് സി.പി.ഐ.എമ്മിനെ താഴെയിറക്കാന്‍ സമരരംഗത്തിറങ്ങിയിരുന്നു.


ALSO READ: പരാതി പിന്‍വലിക്കാന്‍ അഞ്ച് കോടി വാഗ്ദാനം ചെയ്ത് ബിഷപ്പിന്റെ ബന്ധു സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍


കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് ഊര് വിലക്ക് കല്പിച്ച സഭാനടപടികളും കേരളത്തിന് അപരിചിതമല്ല. ഓര്‍മ്മയില്ലേ ഫാദര്‍ ജോസഫ് വടക്കനെ?. കമ്യൂണിസ്റ്റ് നേതാവായ എ.കെ ഗോപാലനുമായി സഹകരിച്ച് കുടിയിറക്ക് വിരുദ്ധ സമരം ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങളിലേക്ക് തിരിഞ്ഞ ഫാദര്‍ വടക്കനെ തൃശ്ശൂര്‍ രൂപത 8 വര്‍ഷത്തേക്ക് കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കിയത് കേരളം മറന്ന് കാണാന്‍ ഇടയില്ല.

അന്ന് മന്ത്രിസഭയില്‍ നിന്ന് ഇറങ്ങേണ്ടി വന്ന ഇ.എം.എസ് സര്‍ക്കാരിന് പിന്നീട് മതമേലധ്യക്ഷന്‍മാരെ ചെറുത്ത് ആര്‍ജ്ജവുമുള്ള ഒരു നിലപാടോ, നടപടിയോ എടുക്കാന്‍ സാധിച്ചിട്ടുമില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് കാലം മതമേലധ്യക്ഷന്‍മാരുടേതും, ജാതി മത സംഘടനാ നേതാക്കളുടേത് കൂടിയുമായി മാറി.

തങ്ങള്‍ക്ക് സ്വാധീനം ഉള്ള മേഖലകളില്‍ ആരോക്കെ സ്ഥാനര്‍ത്ഥികളാകണമെന്നും, ആരൊക്കെ ജയിക്കണമെന്നും, ആരൊക്കെ തോല്‍ക്കണമെന്നും തീരുമാനിക്കാനുള്ള അധിക ജോലി കൂടെ സഭകളും മത സംഘടനകളും ഏറ്റെടുത്തു. ഇവരെ പ്രീണിപ്പിക്കാനും വോട്ടുകള്‍ നേടാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമങ്ങല്‍ നടത്തി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ യേശുവും മാര്‍ക്‌സും പാവങ്ങള്‍ക്ക് വേണ്ടി പോരാടിയവരാണ് എന്ന കേവല താരതമ്യപ്പെടുത്തല്‍ മാത്രമല്ല ഇത്.

ആറന്‍മുളയില്‍ വീണ ജോര്‍ജ്ജ് വിജയിച്ച ശേഷം തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയത്തിന് പിന്നില്‍ എന്ന അവകാശവാദം ഓര്‍ത്തഡോക്‌സ് സഭ സ്വന്തം പത്രത്തില്‍ ഉന്നയിച്ചിരുന്നു. ശോഭനാ ജോര്‍ജ്ജിന് വോട്ട് ചെയ്യാന്‍ അഹ്വാനം ചെയ്ത് കൊണ്ട് ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്‌സ് സഭാ ഭദ്രസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് രംഗത്തെത്തിയതും മാധ്യമ വാര്‍ത്തയായതാണ്.

വിമോചന സമരം കഴിഞ്ഞ് വര്‍ഷം 60 കഴിയുമ്പോള്‍ ഈ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് ഇരു കൂട്ടരും, ഒരു ലയനക്കരാര്‍ പരസ്പരം പങ്ക് വെച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളാ ക്രൈസ്തവ സഭകളും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്ന നിലപാടുകള്‍ താരതമ്യം ചെയ്യപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും ഇതുകൊണ്ട് തന്നെ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് കേരളാ ക്രൈസ്തവ സഭകള്‍ക്ക് മുമ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുട്ടിടിച്ച് പോകുന്ന ആദ്യത്തെ സംഭവമല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുതല്‍ ഇങ്ങോട്ട് സഭയ്ക്ക് വോട്ടുകളുടെ മുകളിലുള്ള സ്വാധീന ശക്തിയെ ഭയന്നാണ് എന്നും സി.പി.ഐ.എം നിലകൊണ്ടിട്ടുള്ളത്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ എതിര്‍ത്തിട്ടും അന്ന് കസ്തൂരിരംഗന്‍-ഗാഡ്കില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കാനാണ് സി.പി.ഐ.എം നേതൃത്വം തീരുമാനിച്ചത്.

“സര്‍, മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, കേരളം ആ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കേരളത്തിന് കെല്‍പ്പില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിനുണ്ടായിട്ടുണ്ട്. നമ്മുടെ പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണി എന്ന് വി.എസ് അച്യുതാനന്ദന് പ്രളയാനന്തരം ഉണ്ടായ നിയമസഭാ സമ്മേളനത്തില്‍ കുറ്റസമ്മതം നടത്തേണ്ടി വരുന്നതും അതുകൊണ്ട് തന്നെ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്താങ്ങിയതിന്റെ പേരില്‍ ഇടുക്കി സിറ്റിംഗ് എം.പി പി.ടി തോമസിനെ സഭ അവിടെ നിന്ന് ഓടിക്കുകയും തുടര്‍ന്ന് ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജ് വിജയിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.


ALSO READ: ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍


സംസ്ഥാന സര്‍ക്കാറിന് മുമ്പില്‍ ജലന്ധര്‍ ഫ്രാങ്കോ മുളക്കല്‍ ഒന്നുമല്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുമ്പോഴും കേരളാ ഭരണം കൈവശം ഉണ്ടായിട്ടും സി.പി.ഐ.എം അറസ്റ്റിനോ തുടര്‍നടപടികള്‍ക്കോ ഇനിയും തയ്യാറാവാത്തതിനും മറ്റ് കാരണങ്ങള്‍ ഉണ്ടെന്ന് കരുതാനാവില്ല. കന്യാസ്ത്രീയുടെ പീഡനം മാനുഷികമായല്ല, രാഷ്ട്രീയമായാണ് പരിഗണിച്ചത് എന്ന് വരും മന്ത്രിസഭയിലെ കുമ്പസാരം കൊണ്ട് ഈ പാപത്തില്‍ നിന്ന് പാര്‍ട്ടിക്ക് മോചിതരാവാന്‍ കഴിഞ്ഞെന്ന് വരില്ല.

പി.കെ ശശിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പറയുന്ന സി.പി.ഐ.എമ്മും, ബിഷപ്പിനെതിരെ പരാതിയുണ്ടെന്ന് പറയുമ്പോല്‍ സ്വയം അന്വേഷണം നടത്തുമെന്ന് പറയുന്ന സഭയും ആശയപരമായി എങ്കിലും ഉണ്ടായിരുന്ന വ്യത്യാസങ്ങളും അവസാനിപ്പിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും, ഗ്രൂപ്പുകളിലും ഈ താരതമ്യം നേരത്തെ തന്നെ ആരംഭിച്ചും കഴിഞ്ഞിരിക്കുന്നു. കന്യാസ്ത്രീകള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം ഉണ്ടാവുന്ന അറസ്റ്റിനെ സൈബര്‍ ലോകത്തെ ഗീര്‍വാണങ്ങള്‍ കൊണ്ട് മാത്രം വെള്ളപൂശാന്‍ സാധിച്ചുവെന്ന് വരില്ല.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍