ഹനോയ്: വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തോ ലാം രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായി അഞ്ച് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജനുവരിയിയിലാണ് ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് തോ ലാം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരവും വേഗത്തിലുള്ളതുമായ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്നും വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിയറ്റ്‌നാമിലെ ഏറ്റവും പ്രധാനമായ രണ്ട് പദവികള്‍ ഒരാള്‍ തന്നെ വഹിക്കുന്നത് ഇതാദ്യമാണ്. ദശകങ്ങളായി വിയറ്റ്‌നാം പിന്തുടരുന്ന കൂട്ടായ നേതൃശൈലിയില്‍ നിന്നുള്ള വലിയൊരു മാറ്റമാണിത്.
ബ്ലേസിംഗ് ഫര്‍ണസ് എന്ന് വിളിക്കപ്പെടുന്ന അഴിമതി വിരുദ്ധക്യാമ്പയിനിലൂടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും അദ്ദേഹം പുറത്താക്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ അനാവശ്യ തസ്തികകള്‍ നീക്കം ചെയ്യുകയും മന്ത്രാലയം ലയിപ്പിക്കുകയും ചെയ്തുകൊണ്ട് ഭരണകൂടത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോ ലാമിന് അഭിനന്ദനമറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദം ശക്തി പ്രാപിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിസ്റ്റര്‍ തോ ലാമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
Content Highlight: Communist leader Tho Lam elected as Vietnam’s president; Modi congratulates him
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.