രണ്ട് കള്ളികള്‍ ഒന്നില്‍ തുപ്പേട്ടന്‍, മറ്റൊന്നില്‍ വി.ടി
Memoir
രണ്ട് കള്ളികള്‍ ഒന്നില്‍ തുപ്പേട്ടന്‍, മറ്റൊന്നില്‍ വി.ടി
റിയാസ്
Friday, 1st February 2019, 11:26 pm

ഒരു നവതിക്കാലത്തോളം നീണ്ട സഫലമായ ജീവിതകാലത്തിനിടെ സൗമ്യനും മിതഭാഷിയുമായ തുപ്പേട്ടനോട് ആരും തന്നെ പിണങ്ങിയിട്ടുണ്ടാവില്ല. ആരോടും വഴക്കിനോ വക്കാണത്തിനോ അദ്ദേഹവും ചെല്ലാനിടയില്ല. എന്നാല്‍ അനുഭവത്തിലും പ്രതിഭയിലും ഇങ്ങേയറ്റത്തു നില്‍ക്കുന്ന ഈയുള്ളവനുമായി ആ വലിയ എഴുത്തുകാരനുണ്ടായ മാനസിക സംഘര്‍ഷത്തിന്റേയും പിണക്കത്തിന്റെയും കഥയാണ് ഇത്.

തൊണ്ണൂറുകളുടെ പകുതിയിലാണ് പൊന്നാനി നാടകവേദി ഇടശ്ശേരിയുടെ കൂട്ടുകൃഷിയുമായി അരങ്ങിലെത്തിയത്. നരിപ്പറ്റരാജു സംവിധാനം ചെയ്ത നാടകം അന്നുവരെയുണ്ടായിരുന്ന കൂട്ടുകൃഷി അവതരണങ്ങളില്‍ നിന്ന് വേറിട്ട ഒന്നായിരുന്നു. കൃഷിക്കളം അരങ്ങാക്കി മെനഞ്ഞെടുത്ത ആ നാടകം പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമുള്ള നാടകപ്രവര്‍ത്തകരിലും ആസ്വാദകരിലും വലിയ ഉണര്‍വ്വുണ്ടാക്കി.

നാട്ടു നാടക സംഘങ്ങളുടെ ഭാവുകത്വത്തെ തന്നെ ആ നാടകം പുതുക്കിപ്പണിതു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം കൂട്ടുകൃഷി കളിച്ച ഗ്രാമങ്ങളിലെല്ലാം തുടര്‍ന്ന് നാടകങ്ങളുണ്ടാക്കാനുള്ള ഊര്‍ജ്ജത്തോടെ നാടകപ്രേമികള്‍ സംഘടിച്ചത് മലയാളത്തിലെ എഴുതപ്പെട്ട നാടക ചരിത്രത്തിന്റെ ഭാഗമാണ്.

കൂട്ടുകൃഷി ഉഴുതുമറിച്ച മണ്ണില്‍ വിളഞ്ഞത് തുപ്പേട്ടന്റെ നാടകങ്ങളായിരുന്നു. നാടകങ്ങളുടെ കയ്യെഴുത്തു പ്രതികളുമായി നരിപ്പറ്റ രാജു ഗ്രാമങ്ങളിലേക്ക് ചെന്നു. എല്ലായിടത്തും തുപ്പേട്ടന്റെ നാടകങ്ങളുണ്ടായി. പാഞ്ഞാള്‍ എന്ന ഗ്രാമം നാടക ഭൂപടത്തില്‍ ഇടം നേടി. സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്ന തുപ്പേട്ടനെക്കുറിച്ച് നാടറിഞ്ഞു. നാടകങ്ങള്‍ക്ക് പുറമേ അദ്ദേഹം സിഗരറ്റു കൂടുകളില്‍ കോറിയിട്ട മുഖങ്ങള്‍ ജനം കണ്ടു.

 

പാഞ്ഞാള്‍ ശിവകരനെക്കുറിച്ച് പുതിയ തലമുറ കേട്ടു.പെണ്ണുകെട്ടാത്ത അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ (എഡ്യുക്കേറ്റഡ് അണ്‍എംപ്ലോയ്ഡ് ബാച്ചിലേഴ്സ് അസോസിയേഷന്‍-ഇയുബിഎ)സംഘത്തെക്കുറിച്ച് സകല ദിക്കിലും കേള്‍വിപ്പെട്ടു. പൊന്നാനി നാടകവേദിയുടെ മോഹനസുന്ദരപാലം, കുളത്തൂര്‍ യുവജനസംഘം വായനശാല അവതരിപ്പിച്ച വന്നന്ത്യേകാണാം, ആറങ്ങോട്ടുകര നാടകസംഘത്തിന്റെ തനതുലാവണം, മായന്നൂരുകാരുടെ ചക്ക, പാഞ്ഞാള്‍ ഇയുബിഎ ഒരുക്കിയ ഭദ്രായനം ചേര്‍പ്പുകാരുടെ അരിയിട്ടുവാഴ്ച.. മധ്യകേരളമൊന്നാകെ തുപ്പേട്ടന്റെ നാടകങ്ങള്‍ നിറഞ്ഞു.

നരിപ്പറ്റ രാജു, പിപിരാമചന്ദ്രന്‍, സി എം നാരായണന്‍, കെ വി സുരേഷ് തുടങ്ങി നാടകകമ്പക്കാരുടെ മുന്‍കയ്യില്‍ ദേശങ്ങളുടെ നാടകവരവുകള്‍ക്ക് പാഞ്ഞാള്‍ അരങ്ങൊരുക്കി. അങ്ങനെ ആദ്യത്തെ പാഞ്ഞാള്‍ നാടകവേലയുണ്ടായി. തുടര്‍ന്ന് തുപ്പേട്ടന്റെ നാടകങ്ങള്‍ തെരഞ്ഞുപിടിച്ച് അരങ്ങിലെത്തിക്കുകയായിരുന്നു നാടകപ്രവര്‍ത്തകരുടെ പ്രധാന പണി. കടമ്പഴിപ്പുറത്ത് ഡബിളാക്ട്, പൊന്നാനിയില്‍ സ്വാപഹരണം അഥവാ എല്ലാവരും അര്‍ജ്ജന്റീനയിലേക്ക് കുളത്തൂരില്‍ കെ ബി ഹരി സംവിധാനം ചെയ്ത കാലാവസ്ഥ തുടങ്ങി അതുവരെ കളിച്ച നാടകങ്ങളെല്ലാം കോര്‍ത്തുകെട്ടി നരിപ്പറ്റ രാജു തുപ്പേട്ടന്‍:ഡോക്യുപ്ലേ എന്ന വ്യത്യസ്തമായ രംഗഭാഷ്യവുമുണ്ടാക്കി. പാര്‍ത്ഥസാരഥിയും അരുണ്‍ ലാലും “മറുമരുന്ന്, ” “കുന്താപ്പി ഗുലു ഗുലു”, “ചോര്‍ച്ച വിളയാട്ടം” എന്നീ നാടകങ്ങളുമായി കുട്ടികളുടെ നാടക വേദിയേയും കാണികളേയും പുതുക്കുകയും പുതിയ കാഴ്ചാ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്തു

തുപ്പേട്ടന്റെ നാടകങ്ങള്‍ വിവിധ ദേശത്തെ നാടകക്കാര്‍ക്കിടയില്‍ സൗഹാര്‍ദ്ദങ്ങളുണ്ടാക്കി. സംഘങ്ങള്‍ ഇടകലര്‍ന്ന് പുതിയ അരങ്ങന്വേഷണങ്ങള്‍ ഉണ്ടായി. കറന്റ് ബുക്സ് തൃശൂര്‍ വന്നന്ത്യേകാണാം എന്ന സമാഹാരം പുറത്തിറക്കി. പിപിരാമചന്ദ്രനും ആറ്റൂരും നാടകൃത്തും ചിത്രകാരനുമെല്ലാമായ തുപ്പേട്ടനെ അടയാളപ്പെടുത്തുന്ന കുറിപ്പുകളാല്‍ പുസ്തകം സമ്പന്നമാക്കി.

 

തൊണ്ണൂറുകളുടെ ഒടുക്കമാണ് പൊന്നാനി നാടകവേദി ചന്തപ്പടി സ്‌കോളര്‍ കോളേജില്‍ ഒരു നാടക ശില്പശാല സംഘടിപ്പിച്ചത്. അവിടെ വെച്ചാണ് ആദ്യമായി ചക്ക എന്ന രചന പരിചയപ്പെടുന്നത്. അഞ്ച് പുറത്തില്‍ കവിയാത്ത ഒരു ഏകാങ്കം. പുതിയ സാമ്പത്തിക നയങ്ങളുടെ വരവ് സാമൂഹ്യജീവിതത്തില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടു വന്നു തുടങ്ങിയ കാലമാണ്. ആഗോളവത്കരണാനന്തര സമൂഹത്തിന്റെ കിടമത്സരങ്ങളാണ് നാടകത്തിന്റെ പ്രമേയം. നാടകങ്ങളുടെ പഴക്കം കേട്ടപ്പോള്‍ കാലത്തെ അതിജീവിച്ച, പുതിയ കാലത്തോട് തീക്ഷ്ണമായി സംവദിക്കുന്ന ആ നാടകം എല്ലാവരേയും ആകര്‍ഷിച്ചു.

ചക്ക പൊന്നാനി നാടകവേദിയുടെ പേരില്‍ പട്ടാമ്പി കോളേജില്‍ നടന്ന നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടു. അവിടെ വെച്ചാണ് വന്നന്ത്യേകാണാം എന്ന നാടകവും സി എം നാരായണന്‍ സംവിധാനം ചെയ്ത തനതുലാവണവും കണ്ടത്. പിന്നീട് പകര്‍ത്തിയെഴുതപ്പെട്ട പ്രതികള്‍ കൈമാറി കിട്ടി. തുപ്പേട്ടന്‍ നാടകങ്ങളുടെ വായന ഞങ്ങളുടെ നാടകപ്രവര്‍ത്തനത്തിന്റെ പ്രധാന പരിപാടിയായി മാറി.

ആയിടെ നാടകത്തില്‍ ഉപരിപഠനത്തിന് കാലടി സര്‍വകലാശാലയില്‍ ചേര്‍ന്ന എന്റെ ജീവിത പങ്കാളി സുരഭി, അവരുടെ ക്ലാസ്സ് പ്രൊഡക്ഷന് തെരഞ്ഞെടുത്തത് തുപ്പേട്ടന്റെ ബൊമ്മൈവിളയാട്ടമായിരുന്നു. തുടര്‍ന്ന് എംഫില്‍ കാലത്ത് നരേറ്റോളജിയെക്കുറിച്ചുള്ള പഠനം തുപ്പേട്ടന്റെ നാടകങ്ങളെ മുന്‍നിര്‍ത്തിയാണ് അവര്‍ ചെയ്തത്. അമ്മട്ടില്‍ അകത്തും പുറത്തും നാടകവും തുപ്പേട്ടനുമായി നടക്കുന്ന കാലത്താണ് മാധ്യമത്തില്‍ സബ്എഡിറ്ററായി ചേര്‍ന്നത്. എന്റെ നാടക താല്പര്യം മനസ്സിലാക്കിയ വാരാദ്യമാധ്യമത്തിന്റെ ചുമതലയുണ്ടായിരുന്ന സബ്എഡിറ്റര്‍ ഇക്ബാല്‍ ചേന്നര നാടക നിരൂപണങ്ങള്‍ക്കായി വലിയ തോതില്‍ അവസരങ്ങള്‍ തന്നു. കാര്യമായി ഞാന്‍ ആ അവസരങ്ങള്‍ മുതലെടുക്കുകയും ചെയ്തു.

കുളത്തൂര്‍ യുവജന സംഘം വായനശാല അവതരിപ്പിച്ച “കാലാവസ്ഥ “

ആറങ്ങോട്ടുകര നാടകസംഘം കലാപാഠശാലയായി പരിണമിക്കുന്ന കാലം. വലിയ തോതില്‍ കൃഷിയും നാടകവും -കള്‍ചറും അഗ്രികള്‍ചറും- എന്ന തരത്തില്‍ കാര്‍ഷിക നാടക പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയമാകുമ്പോള്‍ അവര്‍ പുസ്തക പ്രസാധനത്തിലേക്കും തിരിഞ്ഞു. പാഠശാല രണ്ടു പുസ്തകങ്ങള്‍ പുറത്തിറക്കി. കെ വി സുരേഷ് വിവര്‍ത്തനം ചെയ്ത പിറ എന്ന ടാഗോറിന്റെ ക്രസന്റ് മൂണിലെ കവിതകളും തുപ്പേട്ടന്‍ വരകളും വരികളും എന്ന പുസ്തകവും. പ്രകാശനം കഴിയുന്നതിനു മുമ്പേ ഞാന്‍ പുസ്തകം സംഘടിപ്പിച്ചു. എന്റെ കൈവശം പുസ്തകങ്ങള്‍ കണ്ട ഇക്ബാല്‍ അടുത്തലക്കത്തിലേക്ക് തന്നെ റിവ്യൂ എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. വലിയ ആവേശത്തോടെ ഞാന്‍ തുപ്പേട്ടന്റെ പുസ്തകം വായിച്ചു തുടങ്ങി.

തുപ്പേട്ടന്റെ ഭദ്രായനം എന്ന നാടകത്തില്‍ ലോകമൊന്നാകെ പ്രധാനകഥാപാത്രമായ വീരഭദ്രനടുത്തേക്ക് എത്തുന്ന ഒരു ദൃശ്യമുണ്ട്. അതിനു സമാനമാണ് ആ പുസ്തകം. ലോകമൊന്നാകെ ഷൊര്‍ണൂരിനടുത്തുള്ള പാഞ്ഞാളിലെത്തുന്നു. അവരോടെല്ലാം തുപ്പേട്ടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാട്ടുകാര്യങ്ങള്‍ പറയുന്നു. കമ്യൂണിസം, നാടകം, സ്‌കൂള്‍ ഓഫ് ഡ്രാമ, അതിരാത്രം, ഹെല്‍സിങ്കി,ജോസ് ചിറമ്മല്‍,ഡ്രോയിംഗ് തുടങ്ങി ഏറെ കാര്യങ്ങള്‍ വെടിവട്ടത്തിനു വിഷയമാകുന്നു.

ആത്മകഥാംശങ്ങളുള്ള കുറിപ്പുകളുടെ സമാഹാരം പേജുകള്‍ പിന്നിടും തോറും എനിക്ക് വലിയ നിരാശ തോന്നി. തുപ്പേട്ടന്‍ നാടകത്തില്‍ സ്വീകരിക്കുന്ന ഭാഷയിലും ശൈലിയിലും ചെറിയ കുറിപ്പുകള്‍. ഒത്തുകൂടിയിരുന്ന് സംസാരിക്കുന്ന മട്ടില്‍ വളരെ ലളിതമായ ആഖ്യാനം. പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതാന്‍ തരത്തില്‍ ഒന്നും തന്നെ കൊളുത്തുന്നില്ല. ചില അനുഭവങ്ങള്‍ എനിക്ക് വലിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പ്രത്യേകിച്ച് കല്‍ക്കത്താ തീസീസ് കാലത്ത് ഇല്ലത്ത് പോലീസ് റെയിഡ് നടന്നതുമായി ബന്ധപ്പെട്ട കുറിപ്പ്.

 

കല്‍ക്കത്താ തീസീസിന്റെ കാലം. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരിക്കുന്നു. ആറ്റൂരിനൊപ്പം നാടകവും വായനശാല വാര്‍ഷികവുമായി നടക്കെ ഒരു രാത്രി ഇല്ലത്ത് ഇ എം എസിനെ തെരഞ്ഞ് പോലീസെത്തി. തെരച്ചില്‍ തട്ടിന്‍പുറത്തേക്കും തുടര്‍ന്ന് ട്രങ്കുപെട്ടിയിലെ കടലാസുകളിലേക്കും നീണ്ടു. പോലീസുകാര്‍ അവിടെയിരുന്ന് അതെല്ലാം വായിച്ചു നോക്കി. ഒരു കടലാസ്സ് വായിച്ച് അയാള്‍ ചോദിച്ചു, എന്തടാ സാമ്പത്തിക പരാധീനത എന്നു പറഞ്ഞാല്‍? ആവശ്യത്തിനു കാശില്ലാത്തതു കൊണ്ടുള്ള വിഷമം. ഓഹോ അത്രേയുള്ളൂ എന്ന ഭാവത്തില്‍ പരിശോധന തുടര്‍ന്നു.പെട്ടിയില്‍ നിന്ന് കിട്ടിയ വികൃതികളേയും കൊണ്ട് പോലീസുകാര്‍ പോയി എന്ന തരത്തിലാണ് ആസുരമായ ഒരു കാലത്തെ പോലീസ് റെയിഡിന്റെ അവതരണം.

ആയിരങ്ങള്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ഭ്രാന്തും മരണവും സംഭവിക്കുകയും ചെയ്ത ഒരു വിഷയത്തെ ഈ മട്ടില്‍ ആവിഷ്‌കരിച്ചത് വായിച്ചപ്പോള്‍ എനിക്ക് അമര്‍ഷം അടക്കാനായില്ല. ഞാന്‍ വീണ്ടും പുസ്തകം ആദ്യം മുതല്‍ വായിച്ചു. അവസാനിക്കും മുമ്പ് എനിക്ക് പറയാവുന്ന ഒരു വലിയ കാര്യം മനസ്സിലുടക്കി. ഉറപ്പുവരുത്താന്‍ വീണ്ടും പരിശോധിച്ചു. ഇല്ല. വിടിയെക്കുറിച്ച് ഒന്നും തന്നെ ആ പുസ്തകത്തില്‍ പറയുന്നില്ല! വിധവാ വിവാഹത്തെക്കുറിച്ചും നമ്പൂതിരി വിദ്യാഭ്യാസത്തെക്കുറിച്ചും സര്‍വ്വോപരി നാടകത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ആ പുസ്തകം വിടി എന്ന രണ്ടക്ഷരം പരാമര്‍ശിക്കുന്നതേയില്ല. തുപ്പേട്ടന്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കണ്ടിട്ടുണ്ടാവില്ലേ? വിടിയുടെ പേര് പരാമര്‍ശിക്കാത്ത ആ പുസ്തകം ഒരു വലിയ രാഷ്ട്രീയ നീതികേടാണ് എന്ന് തന്നെ എനിക്ക് തോന്നി. പത്രക്കാരന്റെ അമിതാവേശവും തലയ്ക്കു പിടിച്ചപ്പോള്‍ ഞാനാ റിവ്യൂ ഈ മട്ടില്‍ പൊളിച്ചു പന്തലിട്ടു കൊണ്ട് ഉപസംഹരിച്ചു.

നാടകം, അച്ഛന്‍ പെങ്ങളുടെ രണ്ടാം വേളി, അതിരാത്രം, യോഗക്ഷേമ സഭയുടെ വിദ്യാലയം എന്നിവയെല്ലാം പരാമര്‍ശിക്കുന്ന അനുഭവമെഴുത്ത് വിടിയെ അവഗണിക്കുന്നു എന്നത് പുസ്തകത്തെ രാഷ്ട്രീയമായി വായിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക

തുപ്പേട്ടന്‍, വരകളിലും വരികളിലും ഒരു വെടിവട്ടം എന്ന തലക്കെട്ടോടെ പുസ്തകറിവ്യൂ പ്രസിദ്ധീകരിച്ചു വന്നു.
സുഹൃത്തുക്കളില്‍ പലരും ആ പുസ്തകത്തെ അങ്ങനെയൊന്നും വായിക്കേണ്ട കാര്യമില്ല എന്ന മട്ടില്‍ സംസാരിച്ചു. തുപ്പേട്ടന്റെ ശൈലി അതാണല്ലോ എന്ന ന്യായം പറഞ്ഞു. കല്‍ക്കത്താ തീസീസ് ഞാന്‍ സമ്മതിച്ചുതരാം, വിടി അത് ഒരു പ്രശ്നം തന്നെയാണ് എന്നായിരുന്നു എന്റെ നിലപാട്.

 

രണ്ടു മൂന്നു മാസങ്ങള്‍ കഴിഞ്ഞു. ഒരു സിനിമാ എഴുത്തുമായി കൊച്ചിയിലേക്ക് കുടിയേറി. രാപകല്‍ അതിന്റെ തിരക്കിലായി. ഒരു വൈകുന്നേരം എന്റെ ഫോണില്‍ ഒരു ലാന്‍ഡ്ലൈന്‍ നമ്പര്‍ തെളിഞ്ഞു. പരിചിതമല്ലാത്ത പ്രായമുള്ള സ്വരം സ്വയം പരിചയപ്പെടുത്തി, തുപ്പേട്ടനാണ്. ആരോ എന്നെ കളിയാക്കുകയാണെന്നു തന്നെ ഞാന്‍ കരുതി. അല്ലെങ്കില്‍ തുപ്പേട്ടനൊക്കെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എന്നെ വിളിക്കുക! എന്റെ അവിശ്വാസം മനസ്സിലായെന്നോണം തുപ്പേട്ടന്‍ വീണ്ടും സംസാരിച്ചു. പാര്‍ത്ഥസാരഥിയാണ് നമ്പര്‍ തന്നത്. അതോടെ എനിക്ക് വേവലാതിയായി. എന്താണ് വിളിയുടെ ഉദ്ദേശം? ഞാന്‍ ഊഹിച്ച പോലെ ആ റിവ്യു തന്നെയായിരുന്നു വിഷയം.

അദ്ദേഹം സാവകാശം പറഞ്ഞു തുടങ്ങി, പുസ്തകക്കുറിപ്പ് ഞാന്‍ വായിച്ചു. ആദ്യ ഖണ്ഡികകള്‍ ബലേ എന്നു തോന്നി. എന്നാല്‍ ഒടുക്കം വലിയ ഒരു കല്ലെടുത്ത് എന്റെ തലയിലിടുകയായിരുന്നു. വായിച്ച ഉടനെ ഞാന്‍ വാസുദേവനെ (വിടിയുടെ മകന്‍) വിളിച്ചു.ഞാന്‍ വിടിയെ അവഗണിച്ചിട്ടില്ലാന്ന് അറിയിച്ചു. വാസുദേവന്‍ എന്തിനാ തുപ്പേട്ടന്‍ അങ്ങനെയൊക്കെ ആലോചിക്കുന്നത് എന്ന് ആശ്വസിപ്പിച്ചു. അപ്പഴേ എനിക്ക് സമാധാനമായൂള്ളു. റിയാസ് കരുതും പോലെ ഞാന്‍ വിടിയെ അവഗണിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു നിര്‍ത്തിയതും ഞാനാകെ മാനസിക സംഘര്‍ഷത്തിലായി. ഒരു പുസ്തകക്കുറിപ്പ് ആ മനുഷ്യനെ വല്ലാതെ നീറ്റിയിരിക്കുന്നു. വേവലാതിയോടെ ആരെയൊക്കെയൊ വിളിച്ച് അദ്ദേഹത്തിന്റെ നിരപരാധിത്വം അറിയിക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. എന്താണ് പറയുക. ഉടനെ തന്നെ ഞാന്‍ എന്നെ സ്വാധീനിച്ച വി ടി എന്ന മഹാപ്രസ്ഥാനത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം തുപ്പേട്ടനേക്കാളും പ്രധാനം വിടിയാണ് എന്ന് ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു. അദ്ദേഹം ചിരിച്ചു. കുറച്ചു സമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പറഞ്ഞു, ഞാനെഴുതിയ കുറിപ്പുകളില്‍ വിടി ഉണ്ടായിരുന്നു. ഞാനാദ്യമായി ഒരു നാടകം കണ്ടത് അമ്മയുടെ മടിയിലിരുന്ന് അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ആണ്. പുസ്തകം തയ്യാറാക്കുന്നതിനിടെ നഷ്ടപ്പെട്ടു പോയതായിരിക്കണം. ഞാന്‍ അദ്ദേഹത്തോട് മാപ്പു പറഞ്ഞു. അത് അദ്ദേഹം സ്വീകരിച്ചില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്നും ഞാന്‍ ഒരു പരാതിയായിട്ടല്ല ഇത് വിളിച്ചു പറഞ്ഞത് എന്നും പറഞ്ഞു. പിന്നേയും ഏറെ സംസാരിച്ച് അദ്ദേഹം ഫോണ്‍ വെക്കുമ്പോള്‍ ഒരു വലിയ പ്രശ്നം അലിഞ്ഞില്ലാതായതിന്റെ തെളിച്ചം ഉള്ളിലുണ്ടായിരുന്നു.

മോഹനസുന്ദരപാലം- 27/03/2013

പിന്നേയും കാലം പോയി. പൊന്നാനി കേന്ദ്രമായി ക്ലേ പ്ലേഹൗസ് എന്ന പേരില്‍ ഞങ്ങള്‍ ഒരു സംഘം രൂപീകരിച്ചു. നാടകം ചെയ്തു. വേദികള്‍ കിട്ടാതെയും മറ്റും വലിയ സാമ്പത്തിക ബാധ്യത വന്നു. സംഘം നിലച്ചു പോകുന്ന അവസ്ഥയായി. എല്ലാവരുടേയും നിരാശ മാറ്റുന്നതിനും സംഘത്തെ ജീവന്‍ വെപ്പിക്കുന്നതിനുമായി നാടക ശില്പശാല നടത്തി. തുടര്‍ന്ന് കാറല്‍മണ്ണ ചെന്ന് നരിപ്പറ്റ രാജുമാഷെ കണ്ട് മോഹനസുന്ദരപാലം ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. മാഷ് വന്നു. നാടകം ചെയ്തു. ഏറെ വേദികള്‍ കിട്ടി. അടുത്ത നാടകം ആലോചിക്കാവുന്ന ഊര്‍ജ്ജം ആ നാടകം നല്‍കി.

കാല്‍നൂറ്റാണ്ട് പഴക്കമുള്ള പൊന്നാനി ചമ്രവട്ടം പാലത്തിന്റെ പണികള്‍ ഉദ്യോഗസ്ഥ പ്രഭുക്കളുടേയും രാഷ്ട്രീയക്കാരുടേയും കെടുകാര്യസ്ഥതയില്‍ മുടന്തിയും ഇഴഞ്ഞും പോകുന്ന കാലമാണ്. ചമ്രവട്ടം ജംഗ്ഷനില്‍ റോഡിനായി അളന്നിട്ട സ്ഥലത്ത് ഞങ്ങള്‍ മോഹനസുന്ദരപാലം കളിച്ചു. ആ നാടകം ചമ്രവട്ടം പാലം വിഷയമാക്കി എഴുതിയതാണെന്നു തന്നെ നാടകം കണ്ടവര്‍ കരുതി. അത്രയും കൃത്യമായിരുന്നു ആ നാടകത്തിന്റെ കാലികതയും തീവ്രതയും.

അങ്ങനെയൊരു ദിവസം വളാഞ്ചേരിയിലുള്ള നാടകപ്രവര്‍ത്തകനും സുഹൃത്തുമായ സുഭാഷേട്ടന്റെ (പികെ സുഭാഷ്) ഫോണ്‍കോള്‍ വന്നു. തുപ്പേട്ടന്‍ വരകളും വരികളും പുതിയ എഡിഷന്‍ വരുന്നു. ചെറിയ ചില മാറ്റങ്ങള്‍ പുസ്തകത്തില്‍ തുപ്പേട്ടന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരു അനുബന്ധം വേണം എന്ന് അദ്ദേഹം നിര്‍ബന്ധം പറഞ്ഞു. അത് റിയാസ് എന്ന പത്രക്കാരന്‍ വാരാദ്യമാധ്യമത്തിലെഴുതിയ പുസ്തകറിവ്യൂവിനെ സംബന്ധിച്ചാണ്. ആ കയ്യെഴുത്ത് പ്രതി വാങ്ങാനായി ഞാനും പിപി രാമചന്ദ്രന്‍ മാഷും തുപ്പേട്ടനരികില്‍ പോയിരുന്നു. എന്തായാലും ഞങ്ങള്‍ പറഞ്ഞ് നിന്റേയും പത്രസ്ഥാപനത്തിന്റേയും പേര് മാറ്റിയിട്ടുണ്ട്.

മോഹനസുന്ദരപാലം

എനിക്ക് രസം തോന്നി. പേര് മാറ്റേണ്ടിയിരുന്നില്ല. അന്ന് അങ്ങനെ സംസാരിച്ച് അദ്ദേഹത്തിനുണ്ടായ മാനോവിഷമത്തിന് മാപ്പ് പറഞ്ഞെങ്കിലും ആ പുസ്തക റിവ്യൂവിലെ അഭിപ്രായത്തില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. സുഭാഷേട്ടന്‍ ചിരിച്ചു. പ്രമുഖ പത്രക്കാരനും പ്രമുഖ പത്രവുമായി ആ അനുബന്ധം അവസാന വാചകം എന്ന തലക്കെട്ടിനു താഴെ ഇങ്ങനെ അച്ചടിച്ചു വന്നു:

ഏതായാലും സംഗതി ഒട്ടു കഠിനമായി. പുസ്തകം ഏതു കള്ളിയിലാണ് പെടുക എന്നു പറഞ്ഞാലേ നിരൂപണം പൂര്‍ത്തിയാവൂ എന്ന ധാരണയിലാണോ ആ പ്രസ്താവം? ഇവിടെ പുസ്തകത്തില്‍ പറഞ്ഞ കാര്യത്തെ ചൊല്ലിയല്ല, പറയാത്ത കാര്യത്തെ ചൊല്ലിയാണ് കള്ളിത്തിരിവ് എന്നത് ലേശം പേടിപ്പിക്കുന്നുണ്ട്. കണ്ണിമാങ്ങ, ഗുരുവായൂര്‍ ഏകാദശി, ചുവന്ന മെഴുകുതിരി,പി കെ കുഞ്ഞാലിക്കുട്ടി- ഇവയെപ്പറ്റിയൊന്നും ഉള്ള പരാമര്‍ശവും ഇല്ല പുസ്തകത്തില്‍. ആരും അറിഞ്ഞിട്ടില്ല എന്തോ ഭാഗ്യം.

പുസ്തകം കൊളത്തൂര് വെച്ച് പ്രകാശനത്തിന്റെ അന്നു തന്നെ കണ്ടു. ആ ഭാഗം ഉള്‍പ്പെടുത്തി ഒരു എഫ് ബി കുറിപ്പെങ്കിലും ഇടണമെന്ന് കരുതി. പിന്നെ വേണ്ടെന്ന് വെച്ചു. എന്തിനാണ് വീണ്ടും അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. അതില്‍ ഒരു അനൗചിത്യമുണ്ടെന്ന് തോന്നി.

നാടകങ്ങളുമായി ഞങ്ങളെയെല്ലാവരേയും വശീകരിച്ച, സ്വാധീനിച്ച പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.