ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഭീഷണിപ്പെടുത്തിയതിനും വെനസ്വേലയിലെ സൈനിക നടപടികൾക്കും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധമുയർത്തി കൊളംബിയക്കാർ.
പതിനായിരക്കണക്കിന് ആളുകളാണ് അമേരിക്കൻ പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്. വെനസ്വേലയിൽ നടന്നത് നിയമവിരുദ്ധമാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആരോപിച്ചു.
വെനസ്വേലയുമായുള്ള കിഴക്കൻ അതിർത്തി പങ്കിടുന്ന നഗരമായ കുക്കുട്ടയിൽ നൂറുകണക്കിന് പ്രതിഷേധക്കാർ ‘ഫ്യുറ ലോസ് യാങ്ക്വിസ്’ (അമേരിക്കക്കാർ പുറത്തുകടക്കുക) എന്ന മുദ്രാവാക്യങ്ങളുയർത്തിയാതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
‘ട്രംപ് ഒരു പിശാചാണ്. ലോകത്തിലെ ഏറ്റവും വെറുപ്പുളവാക്കുന്ന വ്യക്തിയാണ് ട്രംപ്,’ പ്രതിഷേധത്തിനിടെ ജാനറ്റ് ചാക്കോൺ എന്ന പ്രകടനക്കാരി പറഞ്ഞു.
വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിൽ സമാധാനത്തിന്റെ പ്രസിഡന്റാണെന്ന ട്രംപിന്റെ അവകാശവാദത്തെ ജോസ് സിൽവയെന്ന മറ്റൊരു പ്രതിഷേധക്കാരൻ പരിഹസിച്ചു.
‘ട്രംപ് യുദ്ധത്തിന്റെ പ്രസിഡന്റാണ്. അയാൾ ഒരു ഭ്രാന്തനും കൊള്ളക്കാരനുമാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കാൻ യു.എസ് കോൺഗ്രസ് എന്തെങ്കിലും ചെയ്യണം,’ ജോസ് സിൽവ പറഞ്ഞു.
വെനസ്വേലയിലെ നടപടിക്ക് പിന്നാലെ ഞായറാഴ്ച ട്രംപ് പെട്രോയെ ‘അമേരിക്കയ്ക്ക് കൊക്കെയ്ൻ ഉണ്ടാക്കി വിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു രോഗി’യെന്ന് വിളിച്ചിരുന്നു. കൊളംബിയയിൽ വെനസ്വേലയിലേതുപോലുള്ള സൈനിക ഇടപെടൽ നടത്തുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അന്താരാഷ്ട്ര തലത്തിൽ ട്രംപിന്റെ നടപടികൾക്കെതിരെ കടുത്ത വിമർശങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.