കൊളംബിയ തെരഞ്ഞെടുപ്പിലും 'ബ്ലാക്ക് കോര്‍'; ഇസ്രഈല്‍ ജനാധിപത്യത്തിന്റ ശത്രുവെന്ന് ഗുസ്താവോ പെഡ്രോ
World
കൊളംബിയ തെരഞ്ഞെടുപ്പിലും 'ബ്ലാക്ക് കോര്‍'; ഇസ്രഈല്‍ ജനാധിപത്യത്തിന്റ ശത്രുവെന്ന് ഗുസ്താവോ പെഡ്രോ
റെന്വര്‍ പി
Sunday, 12th July 2026, 9:33 am

ബൊഗോട്ട: രാജ്യത്തെ തെരഞ്ഞടുപ്പില്‍ ഇസ്രഈലി സൈബര്‍-ഇന്റലിജന്‍സ് സ്ഥാപനമായ ബ്ലാക്ക് കോര്‍ ഇടപെടല്‍ നടത്തിയതായി സ്ഥാനമൊഴിയുന്ന കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവൊ പെഡ്രോ. കൊളംബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ബ്ലാക്ക് കോര്‍ വ്യാജ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചതായി പെഡ്രോയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഇസ്രഈലി കമ്പനിയായ ബ്ലാക്ക് കോര്‍ അഞ്ച് ലക്ഷം ബോട്ടുകളെ ഉപയോഗിച്ചും ഫേക്ക് പ്രൊഫൈലുകളുണ്ടാക്കിയും കൊളംബിയന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു. തനിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇടത് സ്ഥാനാര്‍ത്ഥിയായ ഇവാന്‍ സെപേഡ കാസ്‌ട്രോയ്ക്കും എതിരെ ദശലക്ഷക്കണക്കിന് കള്ളങ്ങള്‍ അവര്‍ ഇതിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും പെഡ്രോ പറഞ്ഞു.

ഇസ്രഈല്‍ ലോകത്തിലെ ജനാധിപത്യത്തിന് അപകടകരമാണെന്നും മറ്റൊരു എക്‌സ് പോസ്റ്റില്‍ പെഡ്രോ അഭിപ്രായപ്പെട്ടു. വോട്ടുകള്‍ക്ക് പകരം അല്‍ഗോരിതത്തെ സ്ഥാപിക്കാന്‍ അവര്‍ക്ക് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ആഗോള ജനാധിപത്യത്തിന് നേര്‍ക്കുള്ള ഏറ്റവും വലിയ അപകടമാണ് നമ്മുടെ മുന്നിലുള്ളത്. അവര്‍ക്ക് എ.ഐ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൊളംബിയ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ പറ്റുന്നു. ജനങ്ങളുടെ വോട്ടില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാക്കാന്‍ പറ്റുന്നു.

നെതന്യാഹു അയാളെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ നടക്കുകയാണ്. അങ്ങനെ ചെയ്ത് വംശഹത്യാ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതില്‍ നിന്ന് അയാള്‍ സ്വയം രക്ഷിക്കുന്നു. ലോകത്ത് മൊത്തമായി ജനാധിപത്യം അവസാനിപ്പിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്, യു.എസിനകത്തെ ജനാധിപത്യം പോലും,’ പെഡ്രോ പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പെഡ്രോയുടെ പ്രതികരണങ്ങള്‍. തെരഞ്ഞെടുപ്പില്‍ പെഡ്രോയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഇവാന്‍ സെപേഡ കാസ്‌ട്രോ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്ന അബെലാര്‍ഡോ ഡെ ലെ എസ്പ്രിയെല്ലയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

സ്പാനിഷ് അധിനിവേശത്തിന് ശേഷം രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുണ്ടായ ഏറ്റവും വലിയ അടിയാണ് ഇസ്രഈല്‍ സ്ഥാപനത്തിന്റെ ഇടപെടലെന്ന് പെഡ്രോ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് വരാന്‍ പോകുന്ന സര്‍ക്കാരിനെ താന്‍ അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ഈ മാസം 20ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം തന്റെ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെയും ബ്ലാക്ക് കോറിനെതിരെ വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ‘ബ്ലാക്ക് കോര്‍’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടലുകള്‍ നടത്തിയതായി ഫ്രഞ്ച് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഫ്രാന്‍സിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ കമ്പനി ഇടപെട്ടതായും സംശയിക്കപ്പെട്ടിരുന്നു.

യു.എസിലെ ന്യൂയോര്‍ക്ക് സിറ്റി, യു.കെയിലെ സ്‌കോട്ട്‌ലന്‍ഡ് തെരഞ്ഞെടുപ്പുകളില്‍ ഈ സ്ഥാപനത്തിന്റെ ഇടപെടലുണ്ടായതായി ഡിജിറ്റല്‍ രംഗത്തെ വ്യാജ ഇടപെടലുകള്‍ നിരീക്ഷിക്കുന്ന ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സിയായ’വിജിനം’ കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോള, ടോഗോ എന്നിവിടങ്ങളിലും ഈ ഇസ്രഈല്‍ സ്ഥാപനം സജീവമായി പ്രവര്‍ത്തിച്ചിരുന്നതായും ഏജന്‍സി കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം മെയില്‍ ഫ്രാന്‍സില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ, ഫലസ്തീന്‍ അനുകൂല പാര്‍ട്ടിയായ ‘ഫ്രാന്‍സ് അണ്‍ബോവ്ഡ്’ സംഘടനയുടെ മൂന്ന് മേയര്‍ സ്ഥാനാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന ഓണ്‍ലൈന്‍ പ്രചാരണത്തിന് പിന്നില്‍ ബ്ലാക്ക് കോര്‍ ആണെന്ന് ഫ്രഞ്ച് അധികൃതര്‍ സംശയിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കമ്പനിയുടെ ആഗോള ഇടപെടലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് ഏജന്‍സി പുറത്തുകൊണ്ടുവന്നത്.

Content Highlight: Colombia’s Gustavo Petro accuses Israeli cyberfirm BlackCore of election interference

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.