| Friday, 9th May 2025, 10:47 pm

എമ്പുരാന് തൊടാന്‍ പറ്റാത്ത ഒരു റെക്കോഡുണ്ടല്ലോ, അതും കൂടെ തീര്‍ക്കാനൊരുങ്ങി ഷണ്മുഖന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പുതിയ റിലീസുകളെക്കാള്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവ സംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചപ്പോള്‍ മികച്ചൊരു ചിത്രമാണ് ലഭിച്ചത്. പല തിയേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളുമായി മുന്നേറുകയാണ് തുടരും.

ബോക്‌സ് ഓഫീസില്‍ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കുകയാണ് തുടരും. മോഹന്‍ലാലിന്റെ മുന്‍ ചിത്രമായ എമ്പുരാന്‍ മലയാളത്തിലെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരുന്നു. ആദ്യദിനം കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ പ്രീ സെയിലിലൂടെ സ്വന്തമാക്കിയ എമ്പുരാന്‍, മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനും തന്റെ പേരിലാക്കിയാണ് കളംവിട്ടത്.

എന്നിരുന്നാല്‍ പോലും കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ എമ്പുരാന് സാധിച്ചിരുന്നില്ല. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് നിലവില്‍ കേരളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ്. 88 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. എന്നാല്‍ എമ്പുരാന്റെ കളക്ഷന്‍ 86 കോടിയില്‍ അവസാനിച്ചു.

എന്നാല്‍ 2018നെ തകര്‍ത്ത് തുടരും ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. നിലവില്‍ 84 കോടിയാണ് തുടരും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ സ്ഥിതി വെച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഇന്‍ഡസ്ട്രി ഹിറ്റ് ടാഗ് തുടരും സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ അതിനെക്കാളുപരി പലരും പ്രതീക്ഷിക്കുന്നത് മറ്റൊരു നാഴികക്കല്ലാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യചിത്രമായി തുടരും മാറുമോ എന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്. പുതിയ റിലീസുകള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതും വേനലവധിയുടെ അഡ്വാന്റേജും ചിത്രത്തെ തുണക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും മോഹന്‍ലാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ 40 ദിവസത്തെ ഗ്യാപ്പില്‍ വെറും രണ്ട് ചിത്രങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. 450 കോടിയാണ് രണ്ട് സിനിമകള്‍ കൊണ്ട് മോഹന്‍ലാല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തന്റെ താരസിംഹാസനം വീണ്ടെടുത്ത് അപ്രമാദിത്വം തുടരുകയാണ് മോഹന്‍ലാല്‍.

Content Highlight: Collection Trackers saying that Thudarum movie will collect 100 crores from Kerala Box Office

We use cookies to give you the best possible experience. Learn more