അടിച്ചടിച്ച് സഞ്ജുവിനും സൂര്യയ്ക്കുമൊപ്പം; സൂപ്പര്‍ നേട്ടത്തില്‍ നൈറ്റ് റൈഡേഴ്‌സിന്റെ മണ്‍റോ
Sports News
അടിച്ചടിച്ച് സഞ്ജുവിനും സൂര്യയ്ക്കുമൊപ്പം; സൂപ്പര്‍ നേട്ടത്തില്‍ നൈറ്റ് റൈഡേഴ്‌സിന്റെ മണ്‍റോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th August 2025, 3:56 pm

കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി തിളക്കവുമായി കോളിന്‍ മണ്‍റോ. സി.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയെറ്റ്‌സ് മത്സരത്തിലാണ് മണ്‍റോ വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയത്. താരത്തിന്റെ കരുത്തില്‍ ടി.കെ.ആര്‍ വിജയിക്കുകയും ചെയ്തു.

57 പന്തില്‍ 120 റണ്‍സാണ് താരം അടിച്ചെടുത്തത്. 14 ഫോറും ആറ് സിക്‌സറും അടക്കം 210.53 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ടി-20 ഫോര്‍മാറ്റില്‍ ഇത് ആറാം തവണയാണ് കോളിന്‍ മണ്‍റോ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ്, സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ് മണ്‍റോ.

സഹിബ്‌സാദ ഫര്‍ഹാന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, എവിന്‍ ലൂയീസ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഷെയ്ന്‍ വാട്‌സണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ജേസണ്‍ റോയ്, കോളിന്‍ മണ്‍റോ എന്നിവരാണ് നിലവില്‍ ആറ് സെഞ്ച്വറിയുമായി റെക്കോഡ് നേട്ടത്തില്‍ ആറാമതുള്ളത്.

22 സെഞ്ച്വറിയുമായി ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാമതുള്ള ബാബര്‍ അസമിന് ഗെയ്‌ലിന്റെ പകുതി മാത്രം (11) സെഞ്ച്വറിയാണുള്ളത്. ഒമ്പത് സെഞ്ച്വറിയുമായി റിലി റൂസോയും വിരാട് കോഹ്‌ലിയും മൂന്നാം സ്ഥാനം പങ്കിടുന്നു.

എട്ട് സെഞ്ച്വറിയുമായി ഏഴ് താരങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. മൈക്കല്‍ ക്ലിങ്കര്‍, ആരോണ്‍ ഫിഞ്ച്, ഫാഫ് ഡു പ്ലെസി, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍, രോഹിത് ശര്‍മ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് നാലാമത്.

അഭിഷേക് ശര്‍മ, കെ.എല്‍. രാഹുല്‍, ലൂക്ക് റൈറ്റ്, ബ്രെണ്ടന്‍ മക്കെല്ലം, ക്വിന്റണ്‍ ഡി കോക്ക്, ജെയിംസ് വിന്‍സ്, അലക്‌സ് ഹെയ്ല്‍സ് എന്നിവര്‍ ഏഴ് വീതം സെഞ്ച്വറികളുമായി അഞ്ചാമതുമുണ്ട്.

അതേസമയം, മത്സരത്തില്‍ കോളിന്‍ മണ്‍റോയുടെ സെഞ്ച്വറി കരുത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് സ്വന്തമാക്കി. 27 പന്തില്‍ 47 റണ്‍സടിച്ച അലക്‌സ് ഹെയ്ല്‍സും ടീമില്‍ കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പേട്രിയറ്റ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ കൈല്‍ മൈയേഴ്‌സും ആന്ദ്രേ ഫ്‌ളെച്ചറും 80 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ നാല് പന്തിനിടെ ഇരുവരെയും ടീമിന് നഷ്ടപ്പെട്ടു. മയേഴ്‌സ് 22 പന്തില്‍ 32 റണ്‍സും ഫ്‌ളെച്ചര്‍ 26 പന്തില്‍ 44 റണ്‍സും നേടി.

മൂന്നാമനായി ഇറങ്ങിയ റിലി റൂസോയും നിരാശപ്പെടുത്തിയില്ല. 24 പന്തില്‍ 38 റണ്‍സ് നേടി. 22 പന്തില്‍ മൂന്ന് വീതം സിക്‌സറും ഫോറുമായി 44 റണ്‍സടിച്ച ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും കരുത്ത് കാട്ടി.

അവസാന ഓവറുകളില്‍ ഡൊമനിക് ഡ്രേക്‌സും (12 പന്തില്‍ പുറത്താകാതെ 20), നസീം ഷായും (അഞ്ച് പന്തില്‍ പുറത്താകാതെ 17) തകര്‍ത്തടിച്ചെങ്കിലും വിജയത്തിന് 12 റണ്‍സകലെ ടീം കാലിടറി വീണു.

സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ടി.കെ.ആര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ഓഗസ്റ്റ് 27നാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. സെന്റ് ജോര്‍ജിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സാണ് എതിരാളികള്‍.

 

 

Content Highlight: Colin Munro hits 6th century in T20