ചെന്നൈ: കോയമ്പത്തൂരിലെ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടി വന്നതായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ശരവണ സുന്ദര്‍ പറഞ്ഞു.
വെടിവെപ്പിനെ തുടര്‍ന്ന് കാലില്‍ പരിക്കേറ്റ മൂന്ന് പ്രതികളും ജി.എസ്.എച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളക്കിണരുവില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഗുണ, കറുപ്പസ്വാമി, കാര്‍ത്തിക് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
പൊലീസിന്റെ പ്രത്യേക ഏഴംഗ സംഘമാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ ഹെഡ് കോണ്‍സ്റ്റബിളിനും പരിക്കേറ്റതായി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഈ സമയം പെണ്‍കുട്ടിയുടെ കാറില്‍ വിദ്യാർത്ഥിനിയുടെ ആണ്‍സുഹൃത്തുമുണ്ടായിരുന്നു.
കാറിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് സുഹൃത്തിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം അജ്ഞാതമായ ഒരു സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ മൂന്ന് പ്രതികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ഡി.എം.കെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട് ബി.ജെ.പി നേതൃത്വം രംഗത്തെത്തി. തമിഴ്നാട്ടില്‍ ക്രമസമാധാനം വഷളാകുകയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ എക്സില്‍ പ്രതികരിച്ചു.
ഡി.എം.കെ മന്ത്രിമാര്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും സ്റ്റാലിന്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
Content Highlight: Coimbatore gang abuse case; Three accused arrested