തീരദേശ പരിപാലന നിയമ ഭേദഗതി: സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന തേനില്‍ പൊതിഞ്ഞ കാളകൂട വിഷം
life of coastline
തീരദേശ പരിപാലന നിയമ ഭേദഗതി: സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന തേനില്‍ പൊതിഞ്ഞ കാളകൂട വിഷം
ജംഷീന മുല്ലപ്പാട്ട്
Monday, 31st December 2018, 12:08 am

തീരദേശ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കികൊണ്ട് പുതിയ തീരദേശ പരിപാലന വിജ്ഞാപനത്തിന് അംഗീകാരമായി. കേന്ദ്ര മന്ത്രിസഭയാണ് ഇതുസംബന്ധിച്ച് അംഗീകാരം നല്‍കിയത്. തീരദേശ നിര്‍മാണത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് 2011ല്‍ നിലവില്‍ വന്ന Coastal Regulation Zone Rule ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ജനസാന്ദ്രത കൂടിയ ഗ്രാമീണ തീരദേശ മേഖലയിലെ നിര്‍മാണത്തിനുള്ള നിയന്ത്രണപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി. കൂടാതെ ദ്വീപുകള്‍, കായലുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ തീരങ്ങളിലെ നിര്‍മാണ നിയന്ത്രണം 50 മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി. വിനോദ സഞ്ചാരത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റു നിര്‍മാണങ്ങള്‍ക്കും കൂടുതല്‍ ഇളവുകളും വിജ്ഞാപനത്തില്‍ പറയുന്നു. വേലിയേറ്റ തലത്തില്‍ നിന്നും 20 മീറ്റര്‍ അകലെ നിര്‍മാണങ്ങള്‍ നടത്താന്‍ പുതിയ ഭേദഗതി പ്രകാരം കഴിയും.

12 നോട്ടിക്കല്‍ മൈല്‍ സമുദ്രാന്തര്‍ഭാഗത്തിനും പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിനും മാത്രമേ കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി മതിയാകും. കൂടുതലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ഇതുവഴി സാധിക്കും. ടൂറിസം, റിയല്‍ എസ്റ്റേറ്റു മാഫിയകള്‍ക്ക് സാധ്യതകള്‍ നല്‍കുന്ന വിജ്ഞാപനം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കിന്നില്ല. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പറയുന്നുണ്ടെന്നല്ലാതെ അവയ്ക്ക് നല്‍കുന്ന സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ തീരദേശ ആവാസ വ്യവസ്ഥക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും വ്യാപകമായ കയ്യേറ്റങ്ങളും ചൂഷണങ്ങളും ഉണ്ടാകുകയും ചെയ്യും.

തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് തേനില്‍ പൊതിഞ്ഞിരിക്കുന്ന കാളകൂട വിഷമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രതിനിധി ചാള്‍സ് ജോര്‍ജ് പറയുന്നു. 446 തീരദേശ ഗ്രാമ പഞ്ചായത്തുകള്‍, 28 നഗരസഭ, 5 കോര്‍പറേഷനുകള്‍ എന്നിവ തീരദേശ പരിപാലന നിയമത്തിന്റെ ഭാഗമാണ്. 2011ലെ വിജ്ഞാപനത്തില്‍ നവി മുംബൈ, ഗോവ, കേരളം എന്നീ പ്രദേശങ്ങളിലെ ജനസാന്ദ്രത കണക്കിലെടുത്ത് പ്രത്യേകം ഇളവുകള്‍ നല്‍കിയിരുന്നു. 2013നകം കേരളത്തിലെ തീരദേശ മലിനീകരണത്തെ കുറിച്ചും ഓരോ പഞ്ചായത്തിലും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണമെടുക്കുകയും അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥലം കണ്ടെത്തുകയും ചെയ്യണ്ണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശമുണ്ടായിരുന്നു. അതോടൊപ്പം വേമ്പനാട്ടു കായലിനെ അതീവ പരിസ്ഥിതി ലോല പ്രദേശമെന്ന് കണക്കാക്കി പരിപാലിക്കേണ്ടതുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ 2018ലും കേരളം അത്തരത്തിലൊരു പ്ലാന്‍ തയ്യാറാക്കിയിട്ടില്ല.

പുതിയ ഭേദഗതി വന്നതിലൂടെ പ്രത്യക്ഷ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കുന്നതിനുള്ള തടസ്സങ്ങള്‍ പൂര്‍ണമായും മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന അപകടം, മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഇവിടെ നിര്‍മാണങ്ങള്‍ നടത്താന്‍ പറ്റും എന്നാണ്. പരിസ്ഥിതി സൗഹാര്‍ദ ജിവിതം നയിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ, കടലിനേയും തീരത്തേയും തകര്‍ക്കുന്ന വന്‍കിട നിക്ഷേപകര്‍ക്കും കെട്ടിടങ്ങള്‍ ഉണ്ടാക്കാം. അതികം താമസമില്ലാതെ ടൂറിസം-റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കേരളത്തിലെ കടല്‍ തീരത്തെ വിഴുങ്ങും. ഏതാണ്ട് നേരിട്ട് ബലംപ്രയോഗിച്ചല്ലാതെ മത്സ്യത്തൊഴിലാളികളെ അവരുടെ മേഖലയില്‍ നിന്നും കുടിയിറക്കുന്നതാണ് ഈ നിയമം.

പ്രധാനമന്ത്രിയുടെ സാഗര്‍മാല പദ്ധതിതിയുടെ ഭാഗമായി ഇന്ത്യയില്‍ വിഴിഞ്ഞം അടക്കം ആറു തുറമുഖങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 തീരദേശ വികസന സോണുകള്‍, 14 തീരദേശ വികസന ഏരിയകള്‍, പുതുവൈപ്പിനിലെ ഐ.ഒ.സി പോലെയുള്ള വലിയ പദ്ധതികള്‍. ഇത്തരത്തിലുള്ള വന്‍കിട പദ്ധതികള്‍ക്ക് എല്ലാതരത്തിലുള്ള പിന്തുണയും ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പറഞ്ഞത് ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും എന്നാണ്. കേരളത്തിലെ തീര മേഖലകളില്‍ നടക്കുന്ന പദ്ധതികളില്‍ എത്രയാണ് മല്‍സ്യത്തൊഴിലാളികളുടെ പങ്കെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പുതുവൈപ്പിന്‍, എല്‍.എന്‍.ജി, വല്ലാര്‍പാടം, ഐ.ഒ.സി തുടങ്ങിയ പദ്ധതികളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രാധിനിധ്യം ഇല്ലാ എന്ന് മാത്രമല്ല അവര്‍ക്ക് അവിടെ ഉണ്ടായിരുന്ന നാമമാത്രമായ തൊഴില്‍ ഉപാധിയും ഇല്ലാതായി.

അവശേഷിക്കുന്ന 20 ശതമാനം കണ്ടല്‍ക്കാടുകള്‍ കൂടി ഇനി നശിക്കും. കരട് രേഖ പ്രസിദ്ധീകരിച്ചപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവു വേണം എന്നായിരുന്നു. കൂടാതെ ടൂറിസ്റ്റ്-റിയല്‍ എസ്റ്റേറ്റ് മാഫിയകളെ ഒരു കാരണവശാലും തീരത്ത് നിര്‍മാണം നടത്താന്‍ അനുവദിക്കരുത് എന്നായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് നിവേദനങ്ങളെ ചവറ്റു കുട്ടയിലേയ്ക്ക് തള്ളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. കേരള സര്‍ക്കാരും ഈ തീരുമാനത്തെ അംഗീകരിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മിതിയെ കുറിച്ചു സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ നിയമ ഭേദഗതിയെ അനുകൂലിക്കുന്നത്.

ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള പ്രധാന ഇടപെടലുകള്‍

കേന്ദ്രസര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തില്‍ ഇളവ് വരുത്തിയത് നാലര വര്‍ഷത്തെ അശ്രാന്ത പരിശ്രമങ്ങളെ തുടര്‍ന്നാനെന്നാണ് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞത്. വകുപ്പ് മുന്‍ മന്ത്രി അനില്‍ മാധവ് ദാവെ, ഇപ്പോഴത്തെ മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ എന്നിവരെ നിരവധി തവണ നേരിട്ടുകണ്ടും വിഷയം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ചും നിരവധി പരിശ്രമങ്ങളാണ് നിയമഭേദഗതിക്കായി നടത്തികൊണ്ടിരുന്നതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

തീരപ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസം സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം ഒരു മാസത്തിനകം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ദ്ധന്‍ 2018 മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

തീരദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കു പുതിയ വീടുകള്‍ പണിയുന്നതിനും പഴയതു പുതുക്കി പണിയുന്നതിനും കഴിയുന്ന വിധത്തില്‍ തീരദേശ പരിപാലന നിയമം പുനര്‍നിര്‍ണയം നടത്തണമെന്നു പ്രഫ. കെ.വി. തോമസ് എം.പി 2017 മാര്‍ച്ചില്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

തീരദേശ പരിപാലന നിയമത്തില്‍ ഇളവു വരുത്തുമെന്ന് 2014ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

നഗരങ്ങളെ 2011 ലെ വിജ്ഞാപനത്തിലെന്നപോലെ തന്നെ രണ്ടാം മേഖലയിലാണ് ഉള്‍പെടുത്തിയത്. എന്നാല്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ മാനേജ്‌മെന്റ് പ്ലാനുകള്‍ക്ക് അനുസൃതമായി കേന്ദ്രാനുമതിയോടെ സോണ്‍ 3 ലുള്ള ഗ്രാമപ്രദേശങ്ങളെ രണ്ടാം മേഖലയില്‍ പെടുത്താവുന്നതാണ്. 2011ലെ ചട്ടപ്രകാരം തീരത്തോട് ചേര്‍ന്ന് വീടോ അല്ലെങ്കില്‍ റോഡോ ഉണ്ടെങ്കില്‍ അതിന്റെ കരഭാഗത്തേക്ക് മാത്രമാണ് നിര്‍മ്മാണം അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനപ്രകാരം മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്കും ഇവിടെ നിര്‍മ്മാണം നടത്താന്‍ കഴിയും. നഗരങ്ങളിലെ കടല്‍ തീരങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചുകൊടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. നഗരമേഖലയില്‍ വലിയ കെട്ടിടടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1991 ലെ ഡെവല്പമെന്റ് കണ്‍ട്രോള്‍ റഗുലേഷന്‍ എടുത്തുകളയുകയും ചെയ്തു.

ദ്വീപുകളിലെ നിര്‍മ്മാണത്തിന്റെ പരിധി 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപുകളെ ഇതില്‍ കൃത്യമായി നിര്‍വചിച്ചിട്ടില്ല. വൈപ്പിന്‍കര മുഴുവന്‍ ദ്വീപാണ്. ഇപ്പോള്‍ എല്‍.പി.ജി ടെര്‍മിനല്‍ വരുന്ന പുതുവൈപ്പ് അടക്കം ദ്വീപായി പരിഗണിക്കണം. വൈപ്പിനും
ഫോര്‍ട്ടുകൊച്ചിക്കുമിടയില്‍ കിടക്കുന്ന ദ്വീപ സമൂഹങ്ങളിലും പുതിയ നിര്‍മാണങ്ങള്‍ ഉയരാന്‍ പുതിയ നോട്ടിഫിക്കേഷന്‍ ഇടയാക്കും. നിലവിലെ നിയമങ്ങള്‍ ലംഘിച്ച് കായല്‍തുരുത്തുകളില്‍ വന്‍ കെട്ടിടസമുച്ചയങ്ങളും റിസോര്‍ട്ടുകളും പണിതുയര്‍ത്തിയിട്ടുണ്ട്.

2011ലെ ചട്ടപ്രകാരം കേസിലകപ്പെട്ട ചില നിര്‍മാണങ്ങള്‍

ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിനടുത്ത് നെടിയ തുരുത്തില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ കാപ്പികോ കമ്പനി പണിത 54 കെട്ടിടങ്ങള്‍ പൊളിച്ച് കളയാന്‍ 2013 ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

എറണാകുളം ചിലവന്നൂരില്‍ ഡി.എല്‍.എഫിന്റെ ഫ്‌ലാറ്റ് സമുച്ചയവും കേസിലാണ്.

വേമ്പനാട് കായലില്‍ തുരുത്തുകളിലും തീരങ്ങളിലുമായി നടക്കുന്ന കയ്യേറ്റങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ നവംബര്‍ ഏഴിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരസഭയില്‍ 33 ഇടത്തും മരട് നഗരസഭയില്‍ 14 ഇടങ്ങളിലും വന്‍കിട കയ്യേറ്റങ്ങള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറിമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് പുതിയ വിജ്ഞാപനം വഴി നിയമസാധുത ലഭിക്കും.

ഇന്ത്യയുടെ പശ്ചിമതീരത്തില്‍ 590 കി.മീ. ദൈര്‍ഘ്യമുള്ള കേരള തീരപ്രദേശം ഭൂപ്രകൃതിയില്‍ ഏറ്റവും വൈവിധ്യമുള്ള തീരഭൂഭാഗമാണ്. ഇതില്‍ ഭൂരിഭാഗവും, അതായത് 459 കിലോമീറ്ററും മണല്‍ത്തീരമാണ്. ഇതിനുപുറമെ പാറക്കെട്ടുകള്‍ അടങ്ങിയ 93 കി.മീറ്ററും ചേറുകലര്‍ന്ന മണലുള്ള എട്ടു കിലോമീറ്ററുമാണുള്ളത്. ഇതില്‍ 63 ശതമാനം തീരപ്രദേശവും അതീവ ദുര്‍ബലവും കടല്‍ക്ഷോഭ ഭീഷണി നേരിടുന്നവയുമാണ്. ഉറപ്പുള്ളതായ തീരം വെറും 7.8 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ തീരദേശത്ത് 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഏകദേശം എട്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ പ്രധാന ജീവനോപാധിയും സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനവും മത്സ്യബന്ധനം തന്നെയാണ്. രാജ്യത്തിന്റെ വിദേശനാണ്യ സമ്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന സമുദ്ര മത്സ്യബന്ധനത്തിലൂടെ പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

1991 ഫെബ്രുവരി 19നാണ് കേന്ദ്ര പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ നിയന്ത്രണ വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായ രൂപീകരണത്തിന് ശേഷമായിരുന്നില്ല ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം തീരദേശത്തെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നാലു മേഖലകളായി തിരിച്ചു. താരതമ്യേന വികസനം സാധ്യമാകാത്ത CRZ 3 മേഖലയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം തീരപ്രദേശങ്ങളും വരുന്നത്. 1986 ലെ ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, High Tide Line ല്‍ നിന്നും 500 മീറ്ററും കടല്‍, തടാകങ്ങള്‍, കായലുകള്‍, വെള്ളച്ചാട്ടങ്ങള്‍, വേലിയേറ്റതലം എന്നിവയില്‍ നിന്നും 100 മീറ്ററും ദൂരപരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് തീരദേശ മേഖലയായി (Coastal Regulation Zone) 1991ലെ നേട്ടിഫിക്കേഷനില്‍ പറയുന്നത്.

1991ലെ ചട്ടം മൂലം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള തീരദേശവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിനും പാര്‍പ്പിട വികസനത്തിനും നിരവധി ബുദ്ധിമുട്ടുകളുണ്ടായി. തുടര്‍ന്ന് പല തലങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ഈ നിയമം അസാധുവാക്കുകയും 2011ല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന CRZ സോണുകള്‍ നാലില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തിയെന്നതൊഴിച്ചാല്‍ 1991ലെ നിയമത്തെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു 2011ലെ വിജ്ഞാപനം. വിവിധ തരത്തിലുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, CRZ വിജ്ഞാപനത്തില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയോട് ശുപാര്‍ശകള്‍ നല്‍കുന്നതിന് ആവശ്യപ്പെട്ടു.

2011ലെ ചട്ടത്തിനെതിരെ (സി.ആര്‍.സഡ്) കേരളമുള്‍പ്പെടെ വിവിധ സംസ്ഥാങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2011ലെ ചട്ടം തീരദേശമേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും അനുവദിച്ചിരുന്നില്ല. തീരത്തുനിന്ന് 100 മുതല്‍ 500 വരെ മീറ്റര്‍ ദൂരം പല മേഖലകളായി തിരിച്ചായിരുന്നു നിരോധനം. വേലിയേറ്റ മേഖല അടയാളപ്പെടുത്തിയ കടല്‍, ഉള്‍ക്കടല്‍, കായല്‍, അഴിമുഖം, കടലിടുക്ക്, തടാകം തുടങ്ങിയവയ്ക്കും ചട്ടപ്രകാരമുള്ള നിയന്ത്രണം ബാധകമായിരുന്നു.

2011ലെ ചട്ടം കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിനോ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനോ സാധിക്കുന്നില്ലെന്ന് കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. പരിപാലന നിയമം ഉടച്ചുവാര്‍ക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക് അധ്യക്ഷനായ സമിതി രണ്ടുവര്‍ഷംമുമ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമുദ്രാതിര്‍ത്തിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേട്ടശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സാമ്പത്തീക സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. തീരത്തെ 30 ശതമാനം മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. തീരം കണ്ടല്‍കാട് നട്ട് സംരക്ഷിക്കണമെന്നും ഇത്തരത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമം തടസം നില്‍ക്കരുതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

1991 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനവും 2011 ലെ തീരദേശ പരിപാലന വിജ്ഞാപനവും പരിഷ്‌കരിച്ചുള്ള പുതിയ വിജ്ഞാപനത്തിന്റെ കരടാണ് ചര്‍ച്ചകള്‍ക്കായി 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരുന്നു. കരട് വിജ്ഞാപനത്തില്‍ തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വചനപ്രകാരം സമുദ്ര-തീരദേശ പരിപാലന മേഖലാ നിയമം എന്ന് ഭേദഗതിപ്പെടുത്തിയിട്ടുണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് സമാനമായി സാമ്പത്തിക, സാമൂഹിക, സുരക്ഷാ കാര്യങ്ങള്‍ക്ക് ഇളവനുവദിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ സമീപനം. ഇതനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനുപുറമേ മത്സ്യസംസ്‌കരണ യൂണിറ്റ്, മത്സ്യ ബന്ധനോപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ് തുടങ്ങിയവയും നിര്‍മിക്കാം. ഇവ നിര്‍മിക്കാന്‍ പരിസ്ഥിതി അനുമതി മുന്‍കൂര്‍ വാങ്ങണമെന്ന നിബന്ധനയും ഒഴിവായേക്കും. തീരസംരക്ഷണ മേഖല, വേലിയേറ്റ പരിധിയില്‍നിന്ന് കരഭാഗത്തേക്ക് 500 മീറ്ററോളം നീട്ടാനും പുതിയ വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ടാവും.

സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ (വിജ്ഞാപനത്തില്‍ ഇവ പൂര്‍ണമായി അംഗീകരിക്കണമെന്നില്ല)

തീരദേശത്തെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണം

ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്റര്‍ വിട്ടും മറ്റ് തീരപ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താം

മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുള്ള സൗകര്യമൊരുക്കാം

നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതിസൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാം

വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേ ഒരുക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് വിനോദസഞ്ചാരം, അലങ്കാരമത്സ്യകൃഷി എന്നിവയില്‍ പങ്കാളിത്തം നല്‍കണം

തീരദേശത്തെ ചരിത്ര-പുരാവസ്തു താത്പര്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണം

തീരദേശത്തെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

കണ്ടല്‍കാടുകള്‍ സംരക്ഷിക്കണം. ഇവ സംരക്ഷിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് ഈ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കണം.

2011ലെ തീരദേശ പരിപാലന ചട്ടത്തിന് പകരമായി ഇറക്കുന്ന പുതിയ വിജ്ഞാപനത്തിന് മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (എം.സി.ആര്‍.സഡ്) എന്നാണ് പേര്. ഇതനുസരിച്ച് നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിക്കാനും വ്യവസ്ഥയുണ്ട്. വിനോദ സഞ്ചാര പ്രോത്സാഹനത്തിന് ഉതകുന്ന ഈ നിര്‍ദേശം ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ മറവില്‍ തുറകള്‍ക്ക് വിലപറയാന്‍ റിസോര്‍ട്ട് ലോബികള്‍ ശ്രമിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നതാണ് ഗൗരവകരമായ മറ്റൊരു നിര്‍ദേശം.

പരിസ്ഥിതി സൗഹൃദം എന്ന പേരില്‍ തീരത്ത് വന്‍കിട റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് വീടിനുപുറമെ മത്സ്യ സംസ്‌ക്കരണ യൂണിറ്റും മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡും നിര്‍മ്മിക്കാന്‍ തടസങ്ങള്‍ ഉണ്ടാവില്ല. കാലാവസ്ഥാ പ്രവചനത്തില്‍ രാജ്യം 90 ശതമാനത്തിലധികം കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം ഏതെങ്കിലുമൊരു സ്ഥലത്ത് പെട്ടന്നുണ്ടാകുന്ന പ്രകൃതിക്ഷോഭം മുന്‍കൂട്ടി അറിയാനും ജനങ്ങളെ മാറ്റാനുമുള്ള സംവിധാനം വികസിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതാണെന്നും ശൈലേഷ് നായിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരസംരക്ഷണ മേഖല വേലിയേറ്റ പരിധിയില്‍ നിന്നും കരയിലേക്ക് 500 മീറ്റര്‍ നീട്ടാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. നിലവിലുള്ള ചട്ടപ്രകാരം തീരദേശ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമില്ല. തീരദേശത്തുനിന്നും 100 മുതല്‍ 500 മീറ്റര്‍ ദൂരം വരെ പല മേഖലകളായി തിരിച്ചായിരുന്നു നിരോധനം. വേലിയേറ്റ മേഖല അടയാളപ്പെടുത്തിയ കടല്‍, ഉള്‍ക്കടല്‍, കായല്‍, അഴിമുഖം, കടലിടുക്ക് തുടങ്ങിയവയ്ക്കും ചട്ടപ്രകാരമുള്ള നിയന്ത്രണം ബാധകമായിരുന്നു. എന്നാല്‍ ശൈലേശ് നായിക് സമിതി ഈ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ക്ക് ഈ മേഖലയില്‍ നിര്‍മ്മാണത്തിന് അനുമതി ഉണ്ടാകും. എന്നാല്‍ ആകെ നിര്‍മ്മാണ പ്രവര്‍ത്തനം മൊത്തം തീരദേശത്തിന്റെ 30 ശതമാനം സ്ഥലത്ത് മാത്രമേ നടത്താനാകൂ.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം