ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടാന്‍ സാധിക്കാതെ അര്‍ജന്റൈന്‍ ടീമുകള്‍. ബോക്ക ജൂനിയേഴ്‌സിന് പിന്നാലെ റിവര്‍ പ്ലേറ്റും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.
ഗ്രൂപ്പ് ഇ-യില്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ റിവര്‍ പ്ലേറ്റ് ഇന്റര്‍ മിലാനോട് പരാജയപ്പെടുകയും സെര്‍ജിയോ റാമോസിന്റെ മോണ്ടറേ ജപ്പാനീസ് സൂപ്പര്‍ ടീം യുറാവ റെഡ് ഡയമണ്ട്‌സിനെ പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് അര്‍ജന്റൈന്‍ ടീമിന്റെ വിധി കുറിക്കപ്പെട്ടത്.
ലാറ്റിന്‍ അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോളില്‍ നിന്നും ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമായ ആറ് ടീമില്‍ നാല് ടീമുകളും സൂപ്പര്‍ സിക്സ്റ്റീനിന് യോഗ്യത നേടിയിട്ടുണ്ട്. പുറത്തായ രണ്ട് ടീമുകള്‍ അര്‍ജന്റീനയില്‍ നിന്നും യോഗ്യത നേടിയ നാല് ടീമുകള്‍ (പാല്‍മീറസ്, ബോട്ടാഫോഗോ, ഫ്‌ളുമിനന്‍സ്, ഫ്‌ളാമെംഗോ) ബ്രസീലില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
സിയാറ്റില്‍, വാഷിങ്ടണ്ണിലെ ലുമെന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ വിജയിച്ചുകയറിയത്. ഇതോടെ ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായി റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടാനും ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് സാധിച്ചു. മോണ്ടറേയാണ് ഗ്രൂപ്പ് ഇ-യില്‍ നിന്നും സൂപ്പര്‍ 16നെത്തുന്ന അടുത്ത ടീം.
മത്സരത്തിന്റെ 66ാം മിനിട്ടില്‍ ലൂക്കാസ് മാര്‍ട്ടീനസ് ക്വാര്‍ട്ട ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരായി റിവര്‍ പ്ലേറ്റ് ചുരുങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഇന്റര്‍ രണ്ട് ഗോളും അടിച്ചെടുത്തത്.
3-5-2 എന്ന ഫോര്‍മേഷനിലാണ് ഇന്റര്‍ മിലാന്‍ കളത്തിലിറങ്ങിയത്. അതേസമയം, റിവര്‍ പ്ലേറ്റ് പരിശീലകന്‍ മാഴ്‌സലോ ഗല്ലാര്‍ഡോ 4-3-3 എന്ന ഫോര്‍മേഷനും അവലംബിച്ചു.
ഗോള്‍രഹിതമായി തുടര്‍ന്ന ആദ്യ പകുതിക്ക് പിന്നാലെ ഇരുടീമുകളും കാര്യമായ സബ്‌സ്റ്റിറ്റിയൂഷനുകളും നടത്തി. മത്സരത്തിന്റെ 66ാം മിനിട്ടില്‍ ഹെന്‌റിക് എംകിറ്റീരിയനെ ഫൗള്‍ ചെയ്തതിന് പിന്നാലെ ലൂക്കാസ് മാര്‍ട്ടീനസിനെതിരെ റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തു.
അവസരം മുതലാക്കിയ ഇന്റര്‍ മിലാന്‍ കൃത്യം ആറാം മിനിട്ടില്‍ സ്‌കോര്‍ ചെയ്തു. ഫ്രാന്‍സിസ്‌കോ പയോ എസ്‌പോസിറ്റോയാണ് ടീമിനായി ഗോള്‍ കണ്ടെത്തിയത്. ആഡ് ഓണ്‍ ടൈമില്‍ അലസാണ്‍ഡ്രോ ബസ്‌റ്റോണിയും ഇന്ററിനായി ഗോള്‍ കണ്ടെത്തി.
90+5ാം മിനിട്ടില്‍ റിവര്‍ പ്ലേറ്റ് താരം ഗോണ്‍സാലോ മോണ്‍ടീലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുമായി മിലാന്‍ വിജയം സ്വന്തമാക്കി.
Content Highlight: Club World Cup: River Plate knocked out from group stage