ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തി പി.എസ്.ജി ക്വാര്‍ട്ടറില്‍. കഴിഞ്ഞ ദിവസം മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ടീം പരാജയപ്പെട്ടത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്‌റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് പരിശീലകന്‍ ലൂയീസ് എന്‌റിക്വ് തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം ഹാവിയര്‍ മഷറാനോ ആകട്ടെ മെസിയെയും സുവാരസിനെയും മുന്നേറ്റത്തിന്റെ ചുമതലയേല്‍പ്പിച്ച് 4-4-2 ഫോര്‍മേഷനും അവലംബിച്ചു.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. ബോക്‌സിന് വെളിയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ടീം എഫേര്‍ട്ടിലൂടെ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ വലയിലെത്തിച്ചു. വിറ്റിന്‍ഹയെടുത്ത കിക്കില്‍ കൃത്യമായി തലവെച്ച നെവെസ് പി.എസ്.ജിയെ മുമ്പിലെത്തിച്ചു.
ആദ്യ പകുതി അവസാനത്തോട് അടുക്കവെ ഹെറോണ്‍സിന്റെ നെഞ്ചില്‍ ഇടിത്തീവെട്ടി മൂന്നാം ഗോള്‍ പിറന്നു, അതാകട്ടെ സെല്‍ഫ് ഗോളും. മയാമി പോസ്റ്റിന് മുമ്പില്‍ ഭീഷണിയുമായി പി.എസ്.ജി നടത്തിയ കുതിപ്പ് വിഫലമാക്കാന്‍ ശ്രമിക്കവെ തോമസ് അവിലസിന് പിഴയ്ക്കുകയും പി.എസ്.ജിയുടെ പേരില്‍ മൂന്നാം ഗോള്‍ കുറിക്കപ്പെടുകയുമായിരുന്നു.
⏱️ 43′ I Own goal from Inter Miami! It’s 3-0!#PSGMIA 3-0 I #FIFACWC
മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് പാരീസ് സൂപ്പര്‍ ടീം ജയിച്ചുകയറിയത്. കളിയുടെ 67 ശതമാനവും പന്ത് കൈവശം വെച്ചത് പി.എസ്.ജിയായിരുന്നു. 19 ഷോട്ടുകഗളും ഒമ്പത് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളും പി.എസ്.ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. അതേയമയം, മയാമിയാകട്ടെ ഓണ്‍ ടാര്‍ഗറ്റിലേക്കുള്ള മൂന്ന് ഷോട്ടടക്കം എട്ട് ഷോട്ടുകളാണ് ഉതിര്‍ത്തത്.
ജൂലൈ അഞ്ചിനാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍.
Content Highlight: Club World Cup: PSG defeated Inter Miami