തോല്‍ക്കുന്നവര്‍ പുറത്ത്; ബ്രസീലിയന്‍ എല്‍ ക്ലാസിക്കോയോടെ നോക്ക്ഔട്ട് തുടങ്ങുന്നു
Sports News
തോല്‍ക്കുന്നവര്‍ പുറത്ത്; ബ്രസീലിയന്‍ എല്‍ ക്ലാസിക്കോയോടെ നോക്ക്ഔട്ട് തുടങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th June 2025, 7:48 am

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ നോക്ക്ഔട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ആദ്യ മത്സരം. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ ടീമുകളായ പാല്‍മീറസും ബൊട്ടാഫോഗോയും പരസ്പരമേറ്റുമുട്ടും.

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പാല്‍മീറസ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായാണ് പാല്‍മീറസ് റൗണ്ട് ഓഫ് സിക്സ്റ്റീനിനെത്തിയത്.

ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായതോടെയാണ് ബൊട്ടാഫോഗോ പാല്‍മീറസിന് എതിരാളിയായി എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെയാണ് ബോട്ടാഫോഗോ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമാണ് ടീമിനുള്ളത്.

പാല്‍മീറസിനും ബൊട്ടാഫോഗോയ്ക്കും പുറമെ ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയ ഫ്‌ളമെംഗോ, ഫ്‌ളുമിനന്‍സ് ടീമുകളും നോക്ക്ഔട്ടിലെത്തിയിരുന്നു. ജൂണ്‍ 30നാണ് ഫ്‌ളമെംഗോ പ്രീക്വാര്‍ട്ടറിനിറങ്ങുന്നത്. അടുത്ത ദിവസം ഫ്‌ളുമനന്‍സും കളത്തിലിറങ്ങും.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഏറ്റവുമധികം ക്ലബ്ബുകള്‍ ബ്രസീലില്‍ (ബ്രസീലിറോ സീരി എ) നിന്നുമാണ് അടുത്ത റൗണ്ടിലെത്തിയത്. നാല് ടീമുകള്‍. ഇംഗ്ലണ്ട് (ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്), ഇറ്റലി (സീരി എ), ജര്‍മിനി (ബുണ്ടസ് ലീഗ്) എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകളും സ്പെയ്ന്‍ (ലാ ലിഗ), പോര്‍ച്ചുഗല്‍ (ലിഗ പോര്‍ച്ചുഗല്‍), അമേരിക്ക (മേജര്‍ ലീഗ് സോക്കര്‍), ഫ്രാന്‍സ് (ലീഗ് വണ്‍), മെക്സിക്കോ (ലിഗ എം.എക്സ്), സൗദി അറേബ്യ (സൗദി പ്രോ ലീഗ്) എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീമുകളും പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടി.

കോണ്‍ഫെഡറേഷനുകള്‍ പരിശോധിക്കുമ്പോള്‍ യുവേഫയില്‍ നിന്നാണ് ഏറ്റവുമധികം ടീമുകള്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ഒമ്പത് ടീം. കോണ്‍മെബോളില്‍ നിന്ന് നാല് ടീമുകളും കോണ്‍കകാഫില്‍ നിന്ന് രണ്ട് ടീമുകളും അടുത്ത റൗണ്ടുറപ്പിച്ചു. എ.എഫ്.സിയില്‍ നിന്നാണ് 16ാം ടീം.

ഓരോ ഗ്രൂപ്പില്‍ നിന്നും റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമുകള്‍

ഗ്രൂപ്പ് എ: പാല്‍മീറസ് (ബ്രസീല്‍), ഇന്റര്‍ മയാമി (അമേരിക്ക)

ഗ്രൂപ്പ് ബി: പി.എസ്.ജി (ഫ്രാന്‍സ്), ബൊട്ടാഫോഗോ (ബ്രസീല്‍)

ഗ്രൂപ്പ് സി: ബെന്‍ഫിക്ക (പോര്‍ച്ചുഗല്‍), ബയേണ്‍ മ്യൂണിക് (ജര്‍മനി)

ഗ്രൂപ്പ് ഡി: ഫ്ളമെംഗോ (ബ്രസീല്‍), ചെല്‍സി (ഇംഗ്ലണ്ട്)

ഗ്രൂപ്പ് ഇ: ഇന്റര്‍ മിലാന്‍ (ഇറ്റലി), മോണ്ടറേ (മെക്സിക്കോ)

ഗ്രൂപ്പ് എഫ്: ബൊറൂസിയ ഡോര്‍ട്മുണ്ട് (ജര്‍മനി), ഫ്ളുമിനന്‍സ് (ബ്രസീല്‍)

ഗ്രൂപ്പ് ജി: മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്), യുവന്റസ് (ഇറ്റലി)

ഗ്രൂപ്പ് എച്ച്: റയല്‍ മാഡ്രിഡ് (സ്പെയ്ന്‍), അല്‍ ഹിലാല്‍ (സൗദി)

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, റൗണ്ട് ഓഫ് 16

ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്

ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം

ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

ജൂണ്‍ 30: ഫ്ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 1: ഇന്റര്‍ മിലാന്‍ vs ഫ്‌ളുമിനെന്‍സ്, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം

ജൂലൈ 1: മാഞ്ചസ്റ്റര്‍ സിറ്റി vs അല്‍ ഹിലാല്‍, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 2: റയല്‍ മാഡ്രിഡ് vs യുവന്റസ്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 2: ബൊറൂസിയ ഡോര്‍ട്മുണ്ട് vs മോണ്ടറേ, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

 

Content Highlight: Club World Cup: Palmeiras will face Botafogo in Round of 16