ഇത് പ്രതീക്ഷിച്ച മത്സരം, എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു; തോല്‍വിയില്‍ പ്രതികരിച്ച് മെസി
Sports News
ഇത് പ്രതീക്ഷിച്ച മത്സരം, എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു; തോല്‍വിയില്‍ പ്രതികരിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 11:47 am

 

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി.എസ്.ജിയോട് പരാജയപ്പെട്ട് ലയണല്‍ മെസിയും ഇന്റര്‍ മയാമിയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ മയാമിയെ തകര്‍ത്തുവിട്ടത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്‌റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.

ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മെസി ഇപ്പോള്‍. പി.എസ്.ജി വളരെ മികച്ച ടീമീണെന്നും ഇത്തരമൊരു മത്സരം അവര്‍ പുറത്തെടുക്കുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും മയാമി ക്യാപ്റ്റന്‍ പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പി.എസ്.ജി വളറെ മികച്ച ടീമാണ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്, അവര്‍ വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതാണ് സത്യം. ഇത് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഇത്തരമൊരു മത്സരമാണ് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടത്. ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഞങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു,’ മെസി പറഞ്ഞു.

മയാമിക്കെതിരായ മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ പി.എസ്.ജി ആദ്യ ഗോള്‍ നേടിയിരുന്നു. ബോക്‌സിന് വെളിയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ടീം എഫേര്‍ട്ടിലൂടെ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ വലയിലെത്തിച്ചു. വിറ്റിന്‍ഹയെടുത്ത കിക്കില്‍ കൃത്യമായി തലവെച്ച നെവെസ് പി.എസ്.ജിയെ മുമ്പിലെത്തിച്ചു. 39ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.

ആദ്യ പകുതി അവസാനത്തോട് അടുക്കവെ ഹെറോണ്‍സിന്റെ നെഞ്ചില്‍ ഇടിത്തീവെട്ടി മൂന്നാം ഗോള്‍ പിറന്നു, അതാകട്ടെ സെല്‍ഫ് ഗോളും. മയാമി പോസ്റ്റിന് മുമ്പില്‍ ഭീഷണിയുമായി പി.എസ്.ജി നടത്തിയ കുതിപ്പ് വിഫലമാക്കാന്‍ ശ്രമിക്കവെ തോമസ് അവിലസിന് പിഴയ്ക്കുകയും പി.എസ്.ജിയുടെ പേരില്‍ മൂന്നാം ഗോള്‍ കുറിക്കപ്പെടുകയുമായിരുന്നു.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ സൂപ്പര്‍ താരം അഷ്‌റഫ് ഹാക്കിമി കൂടി ഗോള്‍ കണ്ടെത്തിയതോടെ നാല് ഗോളിന്റെ ലീഡുമായി പി.എസ്.ജി മത്സരത്തില്‍ ആധിപത്യം നേടി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ 4-0ന് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുത്തു. മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏറ്റവുമധികം ഗോള്‍ സ്വന്തമാക്കുന്ന താരം എന്ന ക്രിസറ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാനും മെസിക്ക് സാധിച്ചില്ല.

ജൂലൈ അഞ്ചിനാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍.

 

Content Highlight: Club World Cup: Lionel Messi about lost against PSG