ക്ലബ്ബ് വേള്‍ഡ് കപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പി.എസ്.ജിയോട് പരാജയപ്പെട്ട് ഇന്റര്‍ മയാമി ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഹെറോണ്‍സിന്റ പരാജയം.
ഗ്രൂപ്പ് എ-യില്‍ നിന്നുമാണ് ഇന്റര്‍ മയാമി പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു മയാമി. കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് ടീമുണ്ടായിരുന്നത്.
ബ്രസീല്‍ സൂപ്പര്‍ ടീം പാല്‍മീറസാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുമ്പോട്ട് കുതിച്ചത്. മയാമിയെ പോലെ തന്നെ രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് പാല്‍മീറസിനുമുണ്ടായിരുന്നതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ കരുത്തില്‍ ടീം ഒന്നാമതെത്തി.
ഇപ്പോള്‍ പാല്‍മീറസിനെ കുറിച്ചും ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ക്കെതിരായ മത്സരത്തെ കുറിച്ചും സംസാരിക്കുകയാണ് മെസി. പാല്‍മീറസിനെതിരെ സമനില പാലിച്ചതോടെയാണ് പ്രീ ക്വാര്‍ട്ടറില്‍ തങ്ങള്‍ക്ക് കരുത്തരായ പി.എസ്.ജിയെ നേരിടേണ്ടി വന്നത് എന്നാണ് മെസി പറയുന്നത്.
ജൂണ്‍ 24ന് ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് മെസിയും സംഘവും പാല്‍മീറസിനെ നേരിട്ടത്. ഇരുവരും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 16ാം മിനിട്ടില്‍ താദിയോ അലാന്‍ഡെയും 65ാം മിനിട്ടില്‍ ലൂയി സുവാരസും മയാമിക്കായി ഗോള്‍ നേടി.
മത്സരത്തിന്റെ 80ാം മിനിട്ട് വരെ പാല്‍മീറസിനെ കൊണ്ട് ഗോളടിപ്പിക്കാതെ നോക്കിയെങ്കിലും അവസാന പത്ത് മിനിട്ടില്‍ പോര്‍ക്കോസ് രണ്ട് ഗോളടിച്ച് സമനില നേടി. 80ാം മിനിട്ടില്‍ പൗളീന്യോയും 87ാം മിനിട്ടില്‍ മൗറീഷ്യോയുമാണ് ഗോള്‍ കണ്ടെത്തിയത്.
ഈ മത്സരത്തെ കുറിച്ചാണ് മെസി സംസാരിച്ചത്. പി.എസ്.ജിക്കെതിരായ തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘പാല്‍മീറസിനെതിരായ മത്സരത്തിന് ശേഷം കുറച്ച് നിരാശ തോന്നിയിരുന്നു, കാരണം 2-0 എന്ന നിലയില്‍ ഞങ്ങള്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നു. പക്ഷേ ഒടുവില്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇത് കാരണം കുറച്ചുകൂടി ശക്തരായ പി.എസ്.ജിയെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു.
ഇതൊരു വിമര്‍ശനമായി പറയുകയല്ല. 2-0ന് മുമ്പില്‍ നില്‍ക്കവെ പത്ത് മിനിട്ടിനകം രണ്ട് ഗോള്‍ വഴങ്ങി സമനില നേരിടേണ്ടി വന്നത് ഞങ്ങള്‍ക്ക് കയ്‌പ്പേറിയ അനുഭവമായിരുന്നു. മറിച്ചായിരുന്നെങ്കില്‍ ഒരുപക്ഷേ കാര്യങ്ങളെല്ലാം വ്യത്യസ്തമാകുമായിരുന്നു.
ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ അതെല്ലാം അവസാനിച്ചു. സ്വന്തം ടൂര്‍ണമെന്റില്‍ ഇനിയെന്ത് എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്,’ മെസി പറഞ്ഞു.
അതേസമയം, പാല്‍മീറസ് ബ്രസീലിയന്‍ സൂപ്പര്‍ ടീമായ ബൊട്ടാഫോഗോയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പാല്‍മീറസ് വിജയിച്ചത്.
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകളും പാല്‍മീറസിനായി പൗളീന്യോ വിജയ ഗോള്‍ നേടുകയുമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്‍ഫിക്കയെ തോല്‍പ്പിച്ചെത്തിയ ചെല്‍സിയാണ് എതിരാളികള്‍.
Content Highlight: Club World Cup: Lionel Messi about Inter Miami’s match against Palmeres