ക്ലബ്ബ് വേള്‍ഡ് കപ്പില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടി ബ്രസീലിയന്‍ സൂപ്പര്‍ താരം തിയാഗോ സില്‍വയുടെ ഫ്‌ളുമിനന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ കരുത്തരായ മാമലോഡി സണ്‍ഡൗണ്‍സിനോട് സമനില വഴങ്ങിയതിന് പിന്നാലെയാണ് ഫ്‌ളുമിനന്‍സ് സൂപ്പര്‍ 16ന് യോഗ്യത നേടിയത്.
ഗ്രൂപ്പ് എഫ്-ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഫ്‌ളുമിനന്‍സ് അടുത്ത റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെയാണ് സില്‍വയും സംഘവും റൗണ്ട് ഓഫ് 16 പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്.
O FLUMINENSE FOOTBALL CLUB ESTÁ NAS OITAVAS DE FINAL DA @FIFACWC!
കളിച്ച മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് സമനിലയുമാണ് ടീമിനുള്ളത്. ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ സിക്സ്റ്റീനിനെത്തുന്ന മറ്റൊരു ടീം.
ഫ്‌ളുമിനന്‍സും അടുത്ത റൗണ്ടിന് യോഗ്യതയുറപ്പിച്ചതോടെ ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയ നാല് ബ്രസീലിയന്‍ ടീമും റൗണ്ട് ഓഫ് സിക്സ്റ്റീനിന്റെ ഭാഗമാകും. പാല്‍മീറസ് (ഗ്രൂപ്പ് എ), ബൊട്ടാഫോഗോ (ഗ്രൂപ്പ് ബി), ഫ്‌ളമെംഗോ (ഗ്രൂപ്പ് ഡി) എന്നിവരാണ് നോക്ക്ഔട്ട് കളിക്കുന്ന മറ്റ് ടീമുകള്‍.
നോക്ക്ഔട്ടില്‍ ബൊട്ടാഫോഗോ പാല്‍മീറസിനെ നേരിടുമ്പോള്‍ ബയേണ്‍ മ്യൂണിക്കാണ് ഫ്‌ളമെംഗോയുടെ എതിരാളികള്‍. ഗ്രൂപ്പ് ഇ-യിലെ ഒന്നാം സ്ഥാനക്കാരെയാണ് ഫ്‌ളുമിനന്‍സിന് റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ നേരിടാനുള്ളത്.
അതേസമയയം, മാമലോഡി സണ്‍ഡൗണ്‍സിനെതിരായ മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബ്രസീലിയന്‍ ടീം കളത്തിലിറങ്ങിയത്. മറുവശത്ത് സണ്‍ഡൗണ്‍സ് പരിശീലകനാകട്ടെ 4-1-4-1 എന്ന രീതിയിലും തന്റെ കുട്ടികളെ കളത്തിലിറക്കി.
മത്സരത്തില്‍ സണ്‍ഡൗണ്‍സാണ് മേധാവിത്തം പുലര്‍ത്തിയത്. ഷോട്ടുകളിലും ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളിലും ബോള്‍ പൊസഷനിലുമെല്ലാം സൗത്ത് ആഫ്രിക്കന്‍ ടീം മുന്നിട്ടുനിന്നു.
മത്സരത്തിന്റെ 68 ശതമാനവും പന്ത് കൈവശം വെച്ച മഞ്ഞപ്പട ഏഴ് ഷോട്ടുകളുതിര്‍ത്തു. ഇതില്‍ മൂന്നെണ്ണം ഫ്‌ളുമിനന്‍സ് ഗോള്‍ മുഖം ലക്ഷ്യമിട്ടുള്ളതായിരുന്നു. അതേസമയം, ഫ്‌ളുമനന്‍സാകട്ടെ ആറ് ഷോട്ടുകളാണ് എടുത്തത്. ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട് ഒന്നുപോലുമുണ്ടായിരുന്നില്ല.
കളിയില്‍ പുലര്‍ത്തിയ മേധാവിത്തം ഗോളടിയില്‍ കലാശിക്കാതെ പോയതോടെ സണ്‍ഡൗണ്‍സ് ഗോളില്ലാ സമനിലയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി. കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് സണ്‍ഡൗണ്‍ പോരാട്ടം അവസാനിപ്പിച്ചത്.
Content Highlight: Club World Cup: Including Fluminense FC all Brazil teams qualified for Round of 16