നേരിട്ടത് 41 ഷോട്ട്, വഴങ്ങിയത് വെറും ഒറ്റ ഗോള്‍; ക്ലബ്ബ് വേള്‍ഡ് കപ്പിലെ ഏക അമേച്വര്‍ ക്ലബ്ബ് വിടപറയുന്നത് തലയുയര്‍ത്തി തന്നെ
Sports News
നേരിട്ടത് 41 ഷോട്ട്, വഴങ്ങിയത് വെറും ഒറ്റ ഗോള്‍; ക്ലബ്ബ് വേള്‍ഡ് കപ്പിലെ ഏക അമേച്വര്‍ ക്ലബ്ബ് വിടപറയുന്നത് തലയുയര്‍ത്തി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 12:20 pm

 

ഒരു പ്രതീക്ഷകളുമില്ലാതെയാണ് ഓക്‌ലാന്‍ഡ് സിറ്റിയെന്ന ന്യൂസിലാന്‍ഡ് ടീം ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയത്. ഒ.എഫ്.സിയെന്ന ഓഷ്യാനിക് ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ പ്രതിനിധീകരിച്ച് ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തിയ ഏക ടീമായിരുന്നു ഓക്‌ലാന്‍ഡ് സിറ്റി.

ഗ്രൂപ്പ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഓക്‌ലാന്‍ഡിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും പോര്‍ച്ചുഗല്‍ ചാമ്പ്യന്‍ ടീമായ ബെന്‍ഫിക്കയും അടങ്ങുന്ന ഗ്രൂപ്പ് സി-യിലാണ് ഓക്‌ലാന്‍ഡ് ഇടം നേടിയത്.

 

ബയേണ്‍ മ്യൂണിക്കിന്റെ നൂറിലൊന്ന് സ്‌ക്വാഡ് വാല്യൂ പോലുമില്ലാത്ത ടീമായിരുന്നു ഓക്‌ലാന്‍ഡ് സിറ്റി. പ്രൊഫഷണല്‍ ഫുട്‌ബോളിനൊപ്പം തന്നെ മറ്റ് ജോലികളും ചെയ്താണ് ടീമിലെ ഓരോ താരങ്ങളും ജീവിതം മുമ്പോട്ട് കൊണ്ടുപോയത്.

ബയേണ്‍ മ്യൂണിക്കിലെ ഹാരി കെയ്ന്‍ ഫുട്‌ബോളില്‍ നിന്നും ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന തുക സ്വന്തമാക്കണമെങ്കില്‍ ജീവിതകാലം മുഴുവന്‍ പന്തുതട്ടേണ്ടിയിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

അങ്ങനെയുള്ള ഒരു ടീം തലകുനിക്കാതെ പോയിന്റുമായാണ് തിരികെ മടങ്ങുന്നത്. അര്‍ജന്റൈന്‍ ചാമ്പ്യന്‍ ടീം ബോക്ക ജൂനിയേഴ്‌സിനെതിരെ സമനിലയുമായാണ് ഓക്‌ലാന്‍ഡ് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും പടിയിറങ്ങുന്നത്.

കഴിഞ്ഞ ദിവസം ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ജൂനിയേഴ്‌സും ഓക്‌ലാന്‍ഡും സമനില പാലിച്ചത്. ബോക്ക ജൂനിയേഴ്‌സിന്റെ പേരില്‍ കുറിച്ചതാകട്ടെ സെല്‍ഫ് ഗോളും.

മത്സരത്തിന്റെ 26ാം മിനിട്ടിലാണ് ബോക്ക ജൂനിയേഴ്‌സിന്റെ പേരില്‍ ആദ്യ ഗോള്‍ കുറിക്കപ്പെടുന്നത്. ബോക്ക ജൂനിയേഴ്‌സെടുത്ത കോര്‍ണര്‍ കിക്ക് വിഫലമാക്കാനായിരുന്നു ഓക്‌ലന്‍ഡിന്റെ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ ഗ്രേയുടെ ശ്രമം.

ഹെഡ്ഡറിലൂടെ താരം അപകടമൊഴിവാക്കാനൊരുങ്ങിയെങ്കിലും ആ ഷോട്ട് പോസ്റ്റിലിടിക്കുകയും റീബൗണ്ട് ചെയ്ത് ഗോള്‍ കീപ്പര്‍ നഥാന്‍ കൈല്‍ ഗാരോയുടെ ദേഹത്തിടിച്ച് വലയിലെത്തുകയുമായിരുന്നു.

ഇതോടെ ആദ്യ പകുതി ഒരു ഗോളിന്റെ ലീഡുമായി ബോക്ക ജൂനിയേഴ്‌സ് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ 52ാം മിനിട്ടിലാണ് ചരിത്രം കുറിച്ചുകൊണ്ട് ക്രിസ്റ്റിയന്‍ ഗ്രേ ഓക്‌ലന്‍ഡിനായി വലകുലുക്കിയത്. ലാഗോസ് ജിറാള്‍ഡോയുടെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഗ്രേ സകോര്‍ ചെയ്തത്. ഇതോടെ തിരിച്ചടിക്കാനായി ബോക്ക ജൂനിയേഴ്‌സ് പലവുരു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും ഓരോ ഗോളിന് സമനില പാലിച്ചു.

എഡിസണ്‍ കവാനിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ബോക്ക ജൂനിയേഴ്‌സിന്റെ കൈവശം തന്നെയായിരുന്നു മത്സരത്തിന്റെ സിംഹഭാഗവും പന്തുണ്ടായിരുന്നത്. 74 ശതമാനവും പന്ത് അര്‍ജന്റൈന്‍ ടീം കൈവശം വെച്ചു.

മത്സരത്തില്‍ 41 ഷോട്ടുകളാണ് ജൂനിയേഴ്‌സ് തൊടുത്തുവിട്ടത്. ഇതില്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് വന്നതാകട്ടെ പത്തെണ്ണവും. 20 കോര്‍ണറുകളും തങ്ങള്‍ക്കനുകൂലമായി ലഭിച്ചെങ്കിലും ജൂനിയേഴ്‌സിന് അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഓക്‌ലന്‍ഡ് അടിച്ചത്. ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട് രണ്ടെണ്ണവും.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന സ്ഥാനക്കാരായാണ് മടക്കമെങ്കിലും ഓരോ ഫുട്‌ബോള്‍ ആരാധകരന്റെയും സ്‌നേഹവും ബഹുമാനവും നേടിയാണ് ഇവര്‍ പടിയിറങ്ങുന്നത്.

 

Content Highlight: Club World Cup: Auckland City hold Boca Juniors to a draw