ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കരുത്തറിയിച്ച് ബ്രസീല്‍ ക്ലബ്ബുകള്‍. കോണ്‍മെബോളില്‍ നിന്നും ടൂര്‍ണമെന്റിനെത്തിയ നാല് ബ്രസീലിയന്‍ ക്ലബ്ബുകളും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയിരിക്കുകയാണ്. പാല്‍മീറസ് (ഗ്രൂപ്പ് എ), ബൊട്ടാഫോഗോ (ഗ്രൂപ്പ് ബി), ഫ്‌ളമെംഗോ (ഗ്രൂപ്പ് ഡി), ഫ്‌ളുമിനന്‍സ് (ഗ്രൂപ്പ് എഫ്) എന്നിവരാണ് സൂപ്പര്‍ സിക്‌സ്റ്റീനിന് യോഗ്യത നേടിയിരിക്കുന്നത്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പാല്‍മീറസ് അടുത്ത ഘട്ടത്തിലേക്ക് കുതിച്ചത്. ഒരു ജയവും രണ്ട് സമനിലയുമാണ് ടീമിനുള്ളത്.
ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരാണ് ബൊട്ടാഫോഗോ. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും ടീം വിജയിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായ പി.എസ്.ജിയെ അടക്കം പരാജയപ്പെടുത്തിയാണ് ബൊട്ടാഫോഗോ സൂപ്പര്‍ സിക്‌സ്റ്റീനിന് യോഗ്യതയുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു പരാജയവും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യ റൗണ്ടില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്ന ഏക ബ്രസീലിയന്‍ ടീം ബോട്ടാഫോഗോ മാത്രമാണ്.
നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാരും ഇംഗ്ലീഷ് വമ്പന്‍മാരുമായ ചെല്‍സി ഉള്‍പ്പെട്ട ഗ്രൂപ്പ് ഡി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഫ്‌ളമെംഗോ റൗണ്ട് ഓഫ് സിക്സ്റ്റീനിന് ടിക്കറ്റെടുത്തത്. ആദ്യ ഘട്ടത്തില്‍ ചെല്‍സിയെയും ടുണീഷ്യന്‍ ക്ലബ്ബായ ഇ.എസ്. ടുണീസിനെയും പരാജയപ്പെടുത്തിയ ഫ്‌ളമെംഗോ ലോസ് ആഞ്ചലസ് എഫ്.സിയോട് സമനില വഴങ്ങി.
ഗ്രൂപ്പ് എഫ്-ല്‍ നിന്നും രണ്ട് സമനിലയും ഒരു ജയവുമായാണ് ഫ്‌ളുമിനന്‍സ് കുതിച്ചത്. ജര്‍മന്‍ സൂപ്പര്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിന് കീഴില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫ്‌ളുമിനന്‍സ് ഫിനിഷ് ചെയ്തത്.
ലാറ്റിന്‍ അമേരിക്കന്‍ കരുത്തറിയിച്ച് ബ്രസീല്‍ ടീമുകള്‍ അടുത്ത ഘട്ടത്തിന് യോഗ്യതയുറപ്പിച്ചപ്പോള്‍ കോണ്‍മെബോളില്‍ നിന്നും ക്ലബ്ബ് ലോകകപ്പിനെത്തിയ അര്‍ജന്റീന ടീമുകള്‍ക്ക് അടിപതറി. സൂപ്പര്‍ ടീമുകളായ ബോക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.
ഗ്രൂപ്പ് സി-യില്‍ നിന്നും ഒറ്റ ജയം പോലുമില്ലാതെയാണ് ബോക്ക ജൂനിയേഴ്‌സ് തിരികെ മടങ്ങുന്നത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ജൂനിയേഴ്‌സിനുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓക്‌ലന്‍ഡ് സിറ്റിയോട് ഞെട്ടിക്കുന്ന സമനില നേടിയതും ജൂനിയേഴ്‌സ് ആരാധകരെ നിരാശരാക്കി.
ഗ്രൂപ്പ് ഇ-യിലായിരുന്നു റിവര്‍ പ്ലേറ്റിന്റെ സ്ഥാനം. ഒന്ന് വീതം ജയവും തോല്‍വിയും സമനിലയുമായി നാല് പോയിന്റാണ് ടീമിനുണ്ടായിരുന്നത്. ഇന്റര്‍ മിലാനും റിവര്‍ പ്ലേറ്റിനും കീഴില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റൈന്‍ ടീം ഫിനിഷ് ചെയ്തത്.
Content Highlight: Club World Cup: All Brazil clubs qualified for Round Of 16