കുട്ടികള്‍ നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന ഒന്നിലധികം വാര്‍ത്തകള്‍ കേള്‍ക്കുന്ന ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ കുട്ടികളെ കുറ്റപ്പെടുത്തിയും പൊതുസംവിധാനങ്ങളെയും മാതാപിതാക്കളെയും വിമര്‍ശിച്ചും ചര്‍ച്ചകളുയരുന്നുണ്ട്. യാഥാത്ഥ്യത്തില്‍ എന്താണ് നമ്മുടെ കുട്ടികളുടെ ഉള്ളില്‍ സംഭവിക്കുന്നതെന്ന് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് അര്‍പിത സചീന്ദ്രന്‍.
രാഗേന്ദു: കുട്ടികളുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിദ്യാലയങ്ങളില്‍ ചൂരല്‍ കഷായം തിരിച്ച് കൊണ്ടുവരണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുകയുണ്ടായി. അത്തരം പ്രസ്താവനകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അര്‍പിത: ഇപ്പോള്‍ കേരളത്തില്‍ നിലനിലക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ നമ്മളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുട്ടികളില്‍ കൂടി വരുന്ന ആക്രമണ മനോഭാവവും പ്രതികാര ബുദ്ധിയും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വിശകലനം ചെയ്യപ്പെടുന്നുണ്ട്. പഴയ അധ്യാപന രീതിയിലേക്ക് തിരികെ എത്തിയാല്‍ കുട്ടികള്‍ ശരിയാകുമെന്നും ചൂരല്‍ കഷായമാണ് പ്രതിവിധിയെന്നുമുള്ള പ്രതികരണങ്ങള്‍ കേട്ടിരുന്നു.
എന്നാല്‍ ശിക്ഷകള്‍ ഒരിക്കലും ഒരു പരിഹാരമല്ല. ഒരു സ്വഭാവ രീതി വളര്‍ത്തുന്നതിനും മറ്റൊന്ന് തളര്‍ത്തുന്നതിനുമായി അവലംബിക്കുന്ന രീതിയാണ് സമ്മാനങ്ങളും ശിക്ഷകളും. എന്നാല്‍ ഇവയുടെ ശരിയായ ഉപയോഗവും ബാലന്‍സായ രീതിയും മനസിലാക്കാതെ നല്‍കുന്ന ചൂരല്‍ കഷായം ഉപയോഗപ്രദമല്ല എന്ന് മാത്രമല്ല, കുട്ടിയുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ചെയ്ത തെറ്റ് എന്താണെന്ന് ചിന്തിച്ച് തിരുത്തുന്നതിന് പകരം ഉള്ളില്‍ അമര്‍ഷവും വിഷമവും അടക്കിവെക്കാനും ആത്മവിശ്വാസം കെടുത്തുവാനും ഇത് കാരണമാകുന്നു.
ഒന്ന് ആലോചിച്ച് നോക്കൂ, പണ്ട് ചൂരല്‍ കൈയില്‍ പിടിച്ച് പേടിപ്പിച്ച് വിറപ്പിച്ച് പഠിപ്പിച്ചിരുന്ന അധ്യാപകരെ പേടിയോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ സാധിക്കില്ല. ഒരു കുട്ടിയുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസാരമല്ല. ചൂരല്‍ പാടുകളും വഴക്ക് പറച്ചിലുമെല്ലാം കുട്ടിയുടെ കഴിവുകേടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ മോശമാണ്, എനിക്കൊന്നും സാധിക്കില്ല തുടങ്ങിയ ചിന്തകള്‍ രൂപപ്പെടുത്താനും ഇക്കാര്യങ്ങള്‍ പിന്നീടുള്ള കൗമാര ജീവിതത്തിലേക്ക് കൊണ്ടുപോകാനും ഇവ കാരണമാകാം.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. എല്ലാ വിഷയത്തിലും എല്ലാവര്‍ക്കും ശ്രദ്ധ ചെലുത്തുവാനോ ഗ്രാസ്പ് ചെയ്യാനോ കഴിയണമെന്നില്ല. പഠനനിലവാരത്തിലും ബുദ്ധി വളര്‍ച്ചയിലുമുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും വ്യക്തിപരമായ ട്രീറ്റ്‌മെന്റുകള്‍ കൊടുക്കുന്ന രീതിയില്‍ അധ്യാപകരും പരിശീലനം നേടുകയാണ് വേണ്ടത്.
രാഗേന്ദു: ക്ലാസുകളില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും മറ്റ് വിവരങ്ങള്‍ അന്വേഷിക്കുമ്പോഴും അധ്യാപകരോട് കയര്‍ത്ത് സംസാരിക്കുന്ന, മോശം രീതിയില്‍ പെരുമാറുന്ന കുട്ടികള്‍ സമൂഹത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം കുട്ടികളോട് സ്‌കൂള്‍ സംവിധാനങ്ങള്‍ എങ്ങനെയാണ് പെരുമാറേണ്ടത്?
അര്‍പിത: അധ്യാപകരോട് ദേഷ്യപ്പെടുന്ന കുട്ടികള്‍ ഈയിടെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ഒരു കുട്ടി തന്റെ അധ്യാപകനോട് ഇങ്ങനെ പെരുമാറാന്‍ പാടുണ്ടോ എന്ന മോറല്‍ പൊലീസിങ്ങിന് പകരം, ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. അതിനാല്‍ തന്നെ അവരുടെ സാഹചര്യങ്ങളോട് അവർ പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാകാം.
സൈക്കോളജിയില്‍ ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ചുറ്റുപാടാണ്. കുട്ടി വളര്‍ന്നുവരുന്ന ചുറ്റുപാടുകളും മാതാപിതാക്കളുടെ പ്രതികരണ രീതിയും കുടുബാന്തരീക്ഷവും സാമൂഹിക സാഹചര്യവും മാധ്യമങ്ങളുടെ സ്വാധീനവുമെല്ലാം സ്വഭാവ രൂപീകരണത്തില്‍ പങ്കുവഹിക്കുന്നു.
അതിനാല്‍ തന്നെ ഒരു കുട്ടി ദേഷ്യപ്പെടുമ്പോള്‍ അതേപോലെ പ്രതികരിക്കുന്ന ബദ്ധിശ്യൂനരാകരുത് നമ്മള്‍. കുട്ടികളെ കേള്‍ക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അധ്യാപകര്‍ തയ്യാറാകണം. അളവില്‍ കൂടുതല്‍ ഒരു കുട്ടി പ്രതികരിക്കുന്നുണ്ടെന്ന് തോന്നിയാല്‍, തന്നെ ധിക്കരിച്ചു എന്ന് ചിന്തിക്കുന്നതിന് പകരം അവന്/അവള്‍ക്ക് എന്താണ് മനസില്‍ വിഷമമെന്നും എന്തൊക്കെയാണ് സാഹചര്യങ്ങളെന്നും മനസിലാക്കാന്‍ ഓരോ അധ്യാപകരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കേള്‍ക്കാന്‍ ഒരാളുണ്ടാകുക എന്നതാണ് ഇന്നത്തെ കുട്ടികള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. മാനസികാരോഗ്യത്തെ കുറിച്ചും കുട്ടികള്‍ക്കുണ്ടാകുന്ന പിരിമുറക്കങ്ങളെ കുറിച്ചും അധ്യാപകര്‍ക്ക് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള പരിശീലന പരിപാടികള്‍ വിപുലമാക്കണം.
സിലബസില്‍ ശാരീരിക ആരോഗ്യം പോലെ മനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. കൂടുതല്‍ വിശദമായി പറഞ്ഞാല്‍, സ്‌കൂള്‍ കൗണ്‍സിലറുടെ സാന്നിധ്യവും മാനസികാരോഗ്യ ക്ലബ്ബിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ മാറിവരുന്ന തലമുറയുടെ മനസ് മനസിലാക്കാന്‍ സാധിക്കും.
രാഗേന്ദു: കുട്ടികളില്‍ ഹൈപ്പര്‍ ആക്ഷന്‍ എന്ന അവസ്ഥ പ്രകടമാണോ? എല്ലാ വിഷയങ്ങളെയും ഒറ്റബുദ്ധിയോടെ കാണുന്ന, കൈകാര്യം ചെയ്യുന്ന കുട്ടികളെ ഏത് രീതിയിലാണ് നമ്മള്‍ പരിഗണിക്കേണ്ടത്?
അര്‍പിത: കുട്ടികളിലുണ്ടാകുന്ന ഹൈപ്പര്‍ ആക്ടിവിറ്റിയുടെ കാരണങ്ങള്‍ പലതാണ്. പ്രധാനമായും ഹൈപ്പര്‍ ആക്റ്റിവിറ്റി എന്ന് പറയുന്നത്, അറ്റന്‍ഷന്‍ ഡെഫിസ്റ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്നാണ്. അതായത് ‘എ.ഡി.എച്ച്.ഡി’. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് എ.ഡി.എച്ച്.ഡി. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് ശ്രദ്ധക്കുറവും പിരിമുറുക്കങ്ങളും കാണാന്‍ സാധിക്കും.
എന്നാല്‍ മൊബൈല്‍ ഫോണ്‍, ടി.വി തുടങ്ങിയവയുടെ ചെറുപ്പം മുതല്‍ക്കേയുള്ള അമിത ഉപയോഗം കുട്ടികളില്‍ ശ്രദ്ധക്കുറവും പിരിമുറുക്കവും ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതെല്ലം കൃത്യമായി തിരിച്ചറിയാനും കുട്ടിയെ മാനസികാരോഗ്യ വിദഗ്‌ധനെ റഫര്‍ ചെയ്യാനും സാധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രാഥമിക പരിശീലനമാണ് ഇവിടെ അനിവാര്യമായി വരുന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനം കുട്ടികളിലെ എ.ഡി.എച്ച്.ഡി പോലുള്ള അവസ്ഥകളെ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാനും വിദഗ്‌ധ പരിശീലനം നല്‍കുന്നതിനും കാരണമാകും.
കുട്ടികളിലെ ശ്രദ്ധക്കുറവും പിരുപിരിപ്പും കുറയ്ക്കുന്നതിനും ഒരു പരിധി വരെ മാനസികാരോഗ്യ സേവനങ്ങള്‍ സഹായകമാണ്. അതുകൊണ്ടുതന്നെ അധ്യാപകരുടെ പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യം ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.കുറുമ്പായോ വാശിയായോ മാത്രം കാണാതെ ശാസ്ത്രീയമായി കുട്ടികളുടെ സ്വഭാവത്തെ വിശകലനം ചെയ്യാന്‍ അധ്യാപകര്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും കംഫര്‍ട്ടും നല്‍കാന്‍ നമുക്ക് സാധിക്കും.
രാഗേന്ദു: ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് വീടിനുള്ളില്‍ എത്രമാത്രം സ്‌പേസ് ഉണ്ട്. രക്ഷിതാക്കളുമായുള്ള കമ്മ്യൂണിക്കേഷന്‍ കുട്ടികളെ എങ്ങനെയാണ് സ്വാധീനിക്കുക?
അര്‍പിത: കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് നമ്മുടെ കുരുന്നുകളെയാണ്. അഞ്ചും പത്തും പേരുള്ള കുടുംബങ്ങളില്‍ നിന്നും വലിയ കളിയാരവങ്ങളുമുള്ള മൈതാനങ്ങളില്‍ നിന്നും കുട്ടികള്‍ കുറേയേറെയായി അകന്നിട്ട്. കുട്ടികള്‍ക്ക് വേണ്ടത് എന്താണെന്ന് അവര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി ഉയര്‍ന്ന ലിവിങ് സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കുന്ന തിരക്കിലാണ് മിക്ക മാതാപിതാക്കളും.
ഒരു കുറവും കൂടാതെ കുട്ടിയെ വളര്‍ത്തുക, ഉയര്‍ന്ന ഫീസ് വാങ്ങുന്ന ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മാതാപിതാക്കളുടെയും കുട്ടികളുടെയും സ്റ്റാറ്റസ് ഉയര്‍ത്തുക, നല്ല മാര്‍ക്ക് വാങ്ങുക, പഠ്യേതര പരിപാടികളില്‍ പോലും മത്സരബുദ്ധിയോടെ പരിശീലിപ്പിക്കുക എന്നിവക്കായി മാത്രം രക്ഷിതാക്കള്‍ ഒതുങ്ങുമ്പോള്‍ ഇതിനെല്ലാം ഇടയില്‍ കുട്ടികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കാന്‍ നമ്മള്‍ വിട്ടുപോകുന്നു.
പിന്നാലെ മൊബൈല്‍ ഫോണിലെ കുഞ്ഞ് ലോകത്തേക്കും അതിലെ റിവോര്‍ഡ് തരുന്ന ഗെയിമുകളിലേക്കും മുഖമില്ലാത്ത ചങ്ങാത്തങ്ങളിലേക്കും കുട്ടികള്‍ എത്തിപ്പെടുന്നു. ഇവിടെ കുട്ടികളുടെ ഭാഗത്താണോ തെറ്റ്? മൊബൈല്‍ ഉപയോഗം കുറയ്ക്കുവാനും കൂടുതല്‍ ആളുകളുമായി ഇടപെഴകാനും ശരിയായ രീതിയില്‍ പെരുമാറാനും വെറുതെ പറഞ്ഞാല്‍ മതിയോ?
തുറന്ന സംസാരമാണ് പരിഹാരം. കുട്ടികളെ കേള്‍ക്കാനും അവര്‍ക്കൊപ്പം ക്വാളിറ്റി സമയം ചെലവഴിക്കാനും മാതാപിതാക്കള്‍ തയ്യാറാകണം. കുട്ടികള്‍ നല്ല വ്യക്തികളായി വളരണമെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം പ്രാധാന്യമാണ് മൂല്യങ്ങളും. അനുകമ്പയും സഹാനുഭൂതിയും സഹവര്‍ത്തിതവുമെല്ലാം അവര്‍ക്ക് പഠിക്കുന്നത് കുടുംബങ്ങളില്‍ നിന്ന് കൂടിയാണ്. മാതാപിതാക്കളുടെ സമയവും ശ്രദ്ധയുമാണ് കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
രാഗേന്ദു: പഠിക്കാന്‍ താത്പര്യം കാണിക്കാത്ത എന്നാല്‍ മറ്റ് പഠ്യേതര കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ നമ്മള്‍ എങ്ങനെയാണ് മനസിലാക്കേണ്ടതും അവരോട് പെരുമാറേണ്ടതും?
അര്‍പിത: പഠന പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരു കുട്ടിക്ക് പഠനത്തിനുള്ള താത്പര്യക്കുറവ്, പഠനത്തിനുള്ള കഴിവ് കുറവ് എന്നിവയെ ലേർണിങ് ഡിസേബിലിറ്റിയായി സൂചിപ്പിക്കാം. ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിവളര്‍ച്ചയോ ഉള്ള കുട്ടികള്‍ക്ക് പഠനത്തില്‍ മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അത് പഠനവൈകല്യമാകാം. എന്നാല്‍ ചുറ്റുപാടും ഇതിനൊരു കാരണമാകാം.
പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് കുട്ടികള്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങളോ ശരിയായ രീതിയില്‍ മനസുറപ്പിച്ച് പഠിക്കാന്‍ കഴിയാത്ത കുടുംബാന്തരീക്ഷമോ കുട്ടികളുടെ പഠനനിലവാരം കുറയ്ക്കാം.
ഇതുമല്ലെങ്കില്‍ ശാരീരികമായ കാഴ്ചക്കുറവോ കേള്‍വിക്കുറവോ കുട്ടികളെ ബാധിക്കുന്ന ചൈല്‍ഡ്ഹുഡ് സൈക്കോളജിക്കല്‍ ഡിസോര്‍ഡറുകളോ കാരണമാകാം. ഇതെല്ലാം പഠനത്തെ ബാധിക്കാം.
കൂടിവരുന്ന മൊബൈല്‍ ഉപയോഗം ശ്രദ്ധയെ ബാധിക്കുകയും അത് പഠനത്തില്‍ താത്പര്യക്കുറവിന് കാരണമാകുകയും ചെയ്യും. എന്നാല്‍ എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് തിരിച്ചറിയാന്‍ ശരിയായ മനഃശാസ്ത്ര സേവനം ലഭ്യമാക്കണം. കുട്ടിയുടെ പഠനത്തില്‍ മാത്രമുള്ള താത്പര്യക്കുറവിനെ അവന്റെ മടിയായും കുറുമ്പായും എളുപ്പത്തില്‍ തള്ളിക്കളയാതെ ഇതെല്ലാം മനസില്‍ വെക്കുക.
രാഗേന്ദു: കുട്ടികളുടെ സ്‌ക്രീന്‍ ടൈം, മൊബൈല്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്. കുട്ടികളുടെ സ്‌ക്രീന്‍ ടൈം കുറയ്ക്കാനാണോ നമ്മള്‍ ആദ്യം ശ്രമിക്കേണ്ടത്?
അര്‍പിത:പിറന്ന് വീണത് തന്നെ മൊബൈല്‍ യുഗത്തിലായ ജെന്‍ഡ്സ് സി.എന്‍ ജെന്‍ ആല്‍ഫ കുട്ടികളുടെ മൊബൈല്‍ ഉപയോഗം, മൊബൈലില്‍ അടിമപ്പെടുന്നതിലേക്കും വ്യക്തിത്വത്തിന്റെ മാറ്റങ്ങളിലേക്കും നയിക്കുന്നതിന് നമ്മള്‍ സാക്ഷികളാണ്. എന്നാല്‍ സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്ന ഒരു കുട്ടിയുടെ ശീലം മാറ്റാന്‍, അതെടുത്ത് മാറ്റിവെച്ചിട്ട് കാര്യമില്ല. പലപ്പോഴും നമ്മള്‍ തന്നെ കണ്ടിട്ടുള്ളതാണ് മൊബൈല്‍ ഉപയോഗം തടസപ്പെടുത്തുമ്പോള്‍ കുട്ടികള്‍ കാണിക്കുന്ന വാശിയും വയലന്‍സും. പിന്നെ എന്താണ് ഇതിന് പ്രതിവിധി?
നമ്മള്‍ എപ്പോള്‍ മുതലാണ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ തുടങ്ങിയത്. അവര്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ വാശി പിടിക്കുമ്പോള്‍ എളുപ്പത്തില്‍ കഴിക്കാന്‍, നമുക്ക് ജോലി ചെയ്യാനുള്ള സൗകര്യത്തിനൊക്കെ വേണ്ടിയാണ്. സത്യത്തില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സാമൂഹിക ചുറ്റുപാടും ശാരീരിക ക്ഷമതയുണ്ടാക്കുന്ന കളികളും മാതാപിതാക്കള്‍ക്കൊപ്പമുള്ള സമയവുമെല്ലാം നമ്മള്‍ തിരിച്ചുകൊടുത്ത ശേഷം മാത്രമേ മൊബൈല്‍ ഉപയോഗം തടസപ്പെടുത്തിയിട്ട് കാര്യമുള്ളൂ.
ആരും സംസാരിക്കാതെ, ഒന്നും ചെയ്യാനില്ലാതെ വരുന്ന സാഹചര്യത്തിലാകും അഭിനന്ദങ്ങള്‍ ലഭിക്കുന്ന ഗെയിമുകളും മുഖമില്ലാത്ത കൂട്ടുകാരും കുട്ടികള്‍ക്ക് സ്വന്തമായത്. അതിനാല്‍ തന്നെ ഉപയോഗം കുറക്കുവാനും നല്ല കാര്യങ്ങള്‍ക്ക് മാത്രമായി സമയം കുറച്ച് ഉപയോഗിക്കാനും ശീലിപ്പിക്കുന്നതിന് മുമ്പ് നമുക്ക് ചെലവഴിക്കാന്‍ സമയവും അവര്‍ക്ക് കളിക്കാന്‍ കളികളും ആവശ്യമാണ്.
രാഗേന്ദു: തലമുറകള്‍ തമ്മിലുള്ള വിടവ് കുട്ടികളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ടോ. അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് കുട്ടികളെ പിയര്‍ ഗ്രൂപ്പിലേക്ക് കൂടുതലായി അടിമപ്പെടുത്തുന്നുണ്ടോ?
അര്‍പിത: തലമുറകള്‍ക്കിടയിലെ വിടവ് എല്ലാ കാലഘട്ടങ്ങളിലും നിലനിന്നിരുന്ന കാര്യമാണ്. 80കളിലെ ആളുകള്‍ 90കളിലെ ആളുകളെ കുറ്റം പറഞ്ഞും 90കളിലെ ആളുകള്‍ 2കെ കിഡ്‌സിനെ കുറ്റം പറഞ്ഞും. അങ്ങനെ ഓരോ കാലഘട്ടത്തിലും ഇത് നിലനിന്നിരുന്നു. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് ഇപ്പോഴാണ് കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള അന്തരം ഇത്രയും പ്രകടമാകാന്‍ കാരണമായത്.
അതിന് പ്രധാന കാരണം, പുതിയ തലമുറയുടെ പെട്ടെന്നുള്ള പ്രൊസസിങ് ചിന്തകളിലേക്കും ജീവിതരീതികളിലേക്കും എത്താന്‍ നമുക്ക് സാധിക്കാത്തത് തന്നെയാണ്. ഇതിന്റെ പ്രതിഫലനമാണ് പരാജയപ്പെട്ടുപോകുന്ന പാരന്റിങ് സംവിധാനം. കുട്ടികളെ മനസിലാക്കുവാനും അവര്‍ക്കൊപ്പം എത്താനും സാധിക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ പേടിയോടെ കാണുന്നു. പലര്‍ക്കും ഇടപെടാന്‍ സാധിക്കാതെ വരികയും അവരുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ട് പോകാതെയിരിക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ അവരുടെ അതേ ചിന്താഗതിയുള്ള പിയര്‍ ഗ്രൂപ്പുമായി പെട്ടെന്ന് അടുക്കുന്നു.
അവരുടേതിന് സമാനമായ ചിന്താരീതിയുള്ളതുകൊണ്ട് മറ്റൊരു വീക്ഷണത്തില്‍ കാര്യങ്ങള്‍ ചിന്തിക്കാനോ സ്വീകരിക്കാനോ ഈ കുട്ടികള്‍ക്ക് സാധിക്കാതെ വരികയും ചെയ്യുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍, കുട്ടികളെ മൊത്തമായി വിമര്‍ശിക്കുന്നതിന് പകരം എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അവരെ സഹായിക്കാനും മനസിലാക്കാനും നമുക്ക് സാധിക്കണം.
രാഗേന്ദു: ഇപ്പോഴത്തെ ചര്‍ച്ചകള്‍ പരിഗണിക്കുകയാണെങ്കില്‍, സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ? കുട്ടികള്‍ ലഹരിയിലേക്ക് എത്തുന്നത് എങ്ങനെയായിരിക്കുമെന്നാണ് തോന്നുന്നത്?
അര്‍പിത: തീര്‍ച്ചയായും. ഓരോ കാലഘട്ടത്തിലും അവര്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും മനുഷ്യരും സ്വാഭാവികമായും സ്വാധീനിക്കുക തന്നെ ചെയ്യും. സിനിമകള്‍ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നിരിക്കെ കഴിഞ്ഞ കുറെ നാളുകളായി വയലന്‍സ് വളരെ പച്ചയായി അവതരിപ്പിക്കാന്‍ സിനിമകള്‍ തിടുക്കം കൂട്ടുന്നതായി തോന്നിയിട്ടുണ്ട്. പണ്ട് ഇടക്കാലത്ത് വന്നിരുന്ന ഫാമിലി ഫീല്‍ഗുഡ് സിനിമകളും കോമഡി സിനിമകളും അളവില്‍ കുറയുകയും ക്രൈം ത്രില്ലറും ഗ്യാങ്സ്റ്റര്‍ സിനിമകളും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
സിനിമയാണോ സമൂഹമാണോ ആദ്യം മാറിയതെന്ന് ചിന്തിക്കുന്നതിന് പകരം, മാറിവന്ന സാമൂഹികാന്തരീക്ഷത്തില്‍ കൂടുതല്‍ അപക്വ ചിന്തകള്‍ കടത്തിവിടാന്‍ ശ്രമിക്കാതിരിക്കുക എന്നുള്ളത് സിനിമയുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ സിനിമ മാത്രമാണോ കാരണം? മറ്റു ദൃശ്യ മാധ്യമങ്ങളിലും അവരുടെ കമ്മ്യൂണിക്കേഷന്‍ രീതിയില്‍ പോലും ഒളിഞ്ഞിരിക്കുന്ന വയലന്‍സ് പ്രകടമല്ലേ….? എന്തിനേറെ പൊളിറ്റിക്കല്‍ സാഹചര്യത്തിലും കുടുംബാന്തരീക്ഷത്തിലുമെല്ലാം അസഹിഷ്ണുത പ്രകടമാണ്. ഇതെല്ലാം കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതിനും കാരണമാകും.
മറ്റൊന്ന് മൂല്യങ്ങള്‍ ഇല്ലാതാകുന്നതാണ്. ഹ്യുമാനിറ്റേറിയന്‍ മൂല്യങ്ങളായ സഹാനുഭൂതി, കൂട്ടുകെട്ട്, ഷെയറിങ്, ക്ഷമ ഇവയെല്ലാം പുതുതലമുറയില്‍ കുറഞ്ഞുവരുന്നുണ്ട്. പക്ഷെ ഒരു തലമുറ മുതല്‍ പെട്ടെന്ന് അങ്ങോട്ട് കുറഞ്ഞുപോയതാണോ ഇവയെല്ലാം? കുറേ കാലഘട്ടങ്ങളിലായി സമൂഹത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഇപ്പോഴാണ് പ്രകടമായതെന്ന് പറയാം.
ലഹരിയുടെ ഉപയോഗവും കുട്ടികളില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇവ ലഭിക്കുന്ന സ്രോതസുകള്‍ കണ്ടെത്താനും പരിശോധിക്കാനും സ്‌കൂളുകളില്‍ ആന്റി ഡ്രഗ്‌സ് സ്‌കോഡിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും ശ്രമിക്കണം. നിയമങ്ങള്‍ കര്‍ശനമാകുക തന്നെ വേണം. ഇക്കാര്യങ്ങളെല്ലാം നമുക്ക് കുടുംബങ്ങളില്‍ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം.
നല്ല കുടുംബാന്തരീക്ഷം, നല്ല പാരന്റിങ്, കുട്ടികളെ മത്സരബുദ്ധിയോടെ നയിക്കാതെ വ്യക്തിത്വപരമായി കെയര്‍ നല്‍കുന്ന വിദ്യാലയങ്ങള്‍ എന്നിവ വളര്‍ന്നുവരുന്ന തലമുറയെ സംരക്ഷിക്കുമെന്ന് പ്രത്യാശിക്കാം.
Content Highlight: Clinical psychologists talk about what is happening to our children