| Tuesday, 6th March 2018, 2:55 pm

കാലാവസ്ഥ വ്യതിയാനം - നമ്മളെയും നമുക്കറിയാവുന്ന ലോകത്തെയും എങ്ങനെ ബാധിക്കുന്നു

റെന്‍സ ഇഖ്ബാല്‍

2018ല്‍ കേരളം സംസ്ഥാനത്തെ താപനിലയുടെ സകല റെക്കോര്‍ഡും തകര്‍ത്തെഴുതുമെന്നാണ് ഇന്ത്യന്‍ മീറ്റയോറോളജിക്കല്‍ ഡിപ്പാര്‍ട്മെന്റ് (ഐ.എം.ഡി) പറയുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സാധാരണയില്‍ നിന്ന് ഉയര്‍ന്ന താപനില അനുഭവിക്കാനാണ് സാധ്യതയെന്ന് ഐ.എം.ഡി പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തുടനീളം ശരാശരി ഒരു ഡിഗ്രിയുടെ വര്‍ധനവ് കാലാവസ്ഥയില്‍ ഉണ്ടാവുമെന്നാണ് ഐ.എം.ഡിയില്‍ നിന്ന് കിട്ടിയ വിവരം. 2016ല്‍ പാലക്കാട് ജില്ലയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 41.3 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം കേരളത്തില്‍ 0.5 ഡിഗ്രി വരെ വര്‍ധനവ് കാണപ്പെടുമെന്ന് കണക്കാക്കുന്നു.

1980കള്‍ മുതല്‍ ആഗോളതാപനം കേരളത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനില 2011നും 2020നും ഇടയ്ക്കായിരിക്കും അനുഭവിക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തൊട്ടാകെ താപനിലയില്‍ വര്‍ധനവുള്ളതായിട്ടാണ് കണ്ടു വരുന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായിട്ടും അല്ലാതെയും താപനിലയില്‍ വ്യതിയാനം കണ്ടുവരുന്നുണ്ട് എന്നാണ് പഠനങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കുന്നത്.

“കാലാവസ്ഥയെ കുറിച്ച് നമ്മള്‍ നടത്തിയ പഠനത്തില്‍ മനസിലാക്കാന്‍ സാധിച്ചത് തിരുവനന്തപുരത്ത് ഓരോ പത്തു വര്‍ഷവും മഴയില്ലാത്ത സമയത്ത് താപനില കൂടുന്നത് 0.15 ഡിഗ്രി വെച്ചാണ്. മഴക്കാലത്ത് പത്തു വര്‍ഷത്തിനിടക്ക് 0.17 ഡിഗ്രി താപനില കൂടുന്നതായും കണ്ടു.” ഐ.എം.ഡിയില്‍ ശാസ്ത്രജ്ഞയായ ഡോ. മിനി വി.കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ പഠന കേന്ദ്രത്തിന്റെ “കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണം: കേരളത്തിലെ പ്രവര്‍ത്തനം” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് സംസ്ഥാനത്തെ ജൈവവൈവിധ്യം 2030 ആകുമ്പോഴേക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നാണ്. പശ്ചിമഘട്ടത്തില്‍ വംശനാശഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്ന 300 ഉപവര്‍ഗ്ഗങ്ങളില്‍ 159 എണ്ണം കേരളത്തിലാണുള്ളത്.

മൃഗസംരക്ഷണത്തെയും കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. വര്‍ധിച്ച താപനില കന്നുകാലികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു, ഉത്പാദനക്ഷമത കുറയ്ക്കുന്നു, അവര്‍ക്കുള്ള ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നു.

“ഏതു മൃഗമായാലും ശരീരത്തിലെ ചൂട് പുറത്തോട്ട് വിട്ടുകൊണ്ടാണ് ശരീര താപനില നിയന്ത്രിക്കുന്നത്. എന്നാല്‍ പരിസരത്തെ ചൂട് വര്‍ധിക്കുമ്പോള്‍ ഈ പ്രക്രിയക്ക് കോട്ടം തട്ടുന്നു” എന്ന് മൃഗഡോക്ടറായ ഡോ. ഈശ്വരന്‍ കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍ ഭക്ഷണം കഴിക്കുന്നതിലും ഉല്‍പ്പാദനത്തിലും കുറവ് കാണാനാവും. പ്രതിരോധശക്തി കുറയും, അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടും. നമ്മുടെ ചുറ്റുവട്ടത്തുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി കുടിക്കാന്‍ വെള്ളം വെയ്ക്കുന്നത് നല്ലതാണ്, നല്ല വെള്ളം ആണെന്ന് ഉറപ്പ് വരുത്തണം എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

“സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഉപകരണങ്ങള്‍ പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യും” സംസ്ഥാന എനര്‍ജി സെന്ററില്‍ എനര്‍ജി എഫിഷ്യന്‍സിയുടെ തലവനായ നാരായണന്‍ പറയുന്നു. കെട്ടിടം നിര്‍മിക്കുമ്പോള്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ ഡിസൈനിലൂടെ അതിന്റെ ഊര്‍ജ ഉപഭോഗം 40% വരെ കുറക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം ഇതിലൂടെയെല്ലാം കുറയ്ക്കാനാവും.

“ഓഫീസുകള്‍ പേപ്പര്‍ മുക്തമാക്കുക, വെള്ളം പരിമിതമായി ഉപയോഗിക്കുക” എന്നീ നിര്‍ദ്ദേശങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തെ ചെറുത്ത് നില്‍ക്കാനായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

മാലിന്യ നിര്‍മാര്‍ജ്ജനം കാലാവസ്ഥ വ്യതിയാനത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നു. “പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പകരം ജീര്‍ണ്ണിക്കുന്നതും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതുമായ വസ്തുക്കളുടെ ഉപയോഗം നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നു” എന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി.ജോസ് പറയുന്നത്. ഹരിത കേരള മിഷന്റെ കീഴില്‍ കളക്ടര്‍ കോഴിക്കോട് ജില്ലയ്ക്കു വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് “സീറോ വേസ്റ്റ്.” ഫലപ്രദമായ മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പകര്‍ച്ചവ്യാധികള്‍ തടയാനായി “ജാഗ്രത” എന്ന് പദ്ധതി തുടരുന്നുണ്ട് എന്നാണ് കോഴിക്കോട് ഡി.എം.ഒ ആയ ഡോ.ജയശ്രീ പറയുന്നത്. നിലവില്‍ സംസ്ഥാനത്തെ വിവിധ ശുദ്ധജല സ്രോതസ്സുകള്‍ മലിനമായി കിടക്കുന്നതിനെ കുറിച്ച് നമ്മള്‍ ഒരുപാട് വാര്‍ത്തകള്‍ കാണുന്നു. സര്‍ക്കാര്‍ ഇടപെട്ട് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുകയാണെങ്കില്‍ അത് പരിസ്ഥിതിയില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ നിരന്തരം വാദിക്കുന്നു.

തണ്ണീര്‍ത്തട പുനരുദ്ധാരണ പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവെച്ച ഫണ്ട് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആരോപണം. “നിലവില്‍ സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്” കേരള നദീസംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ പ്രൊഫ. സീതാരാമന്‍ പറയുന്നു.

ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാര്‍ ചോലയില്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നത് – മഴക്കാലത്ത് പെയ്ത വെള്ളം സംഭരിച്ച് സൂക്ഷിച്ചിരുന്ന പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നാം ഉന്മൂലനം ചെയ്തു. വേനലില്‍ ജല സ്രോതസ്സുകളായി വര്‍ത്തിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളുടെ നശീകരണം സംസ്ഥാനത്തെ പ്രാദേശിക കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഹൈറേഞ്ചുകളിലെയും മറ്റിടങ്ങളിലെയും വ്യാപകമായ വനനശീകരണം, ഭൂവിനിയോഗ ക്രമത്തിലുണ്ടായ മാറ്റം, ജലാശയങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ശോഷണം തുടങ്ങിയ കാരണങ്ങളും പ്രാദേശിക തലത്തില്‍ താപനില നിയന്ത്രണ ഘടകങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം മൂന്ന് രീതിയിലാണ് കടലിനെ ബാധിക്കുക. കടല്‍ നിരപ്പ്, കടലിലെ താപനില, അമ്ലത എന്നിവയിലാണ് മാറ്റങ്ങള്‍ കണ്ടു വരിക. “കഴിഞ്ഞ 40 വര്‍ഷമായിട്ടുള്ള കടലിന്റെ ഉപരിതലത്തിലുള്ള താപനില നോക്കിക്കഴിഞ്ഞാല്‍ 0.8 ഡിഗ്രി വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന്” ഡോ. സക്കറിയ (ശാസ്ത്രജ്ഞന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) പറയുന്നത്. ഇങ്ങനെ വരുമ്പോള്‍ മത്സ്യങ്ങളുടെ ഭക്ഷണമായ പ്ലവകങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാവും.

ഇതിന്റെ കൂടെ മഴയും കൂടെ കുറയുമ്പോള്‍ പുഴകളിലെ വെള്ളം കടലില്‍ എത്താതെ പോകുന്നു. കൂടാതെ മീനുകള്‍ മുട്ടയിടുന്ന സമയങ്ങളിലും മാറ്റം ഉണ്ടാവുന്നു. മത്സ്യങ്ങള്‍ നേരത്തെ മുട്ട ഇടുന്നതായിട്ട് കാണുന്നു, നേരത്തെ മുട്ട ഇടുമ്പോള്‍ മുട്ടയുടെ എണ്ണത്തിലും, അതില്‍ നിന്നും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സംസ്ഥാനത്തെ ജനങ്ങളില്‍ 30 ശതമാനവും കടല്‍ തീരത്താണ് താമസിക്കുന്നത്. കാലാവസ്ഥയും കടലും അനുകൂലമായ അവസ്ഥയിലാണ് മത്സ്യബന്ധനത്തിന് പോകുന്നത്. കടലോരത്ത് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സമുദ്രനിരപ്പ് വര്‍ധിച്ചു വരുന്നതോടെ മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളുടെ എണ്ണം കുറയും.

നഗരവല്‍ക്കരണം എത്രത്തോളം പ്രകൃതിയെ ബാധിക്കുന്നു എന്നത് തിരിച്ചറിയാന്‍ നന്‍സെന്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ (നെര്‍സി) ചില പഠനങ്ങള്‍ നടത്തി വരുന്നണ്ട്. “പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും കാലാവസ്ഥ വ്യതിയാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്” എന്ന് ഡോ. ബിന്ദു ജി പറയുന്നു. 2013ല്‍ എറണാകുളത്ത് മെട്രോ വരുന്നതിന് മുമ്പും 2015ല്‍ മെട്രോ വന്നതിന് ശേഷവുമുള്ള മരങ്ങളുടെ എണ്ണത്തിലും ഗണത്തിലുമുള്ള വ്യത്യാസം അടിസ്ഥാനമാക്കി ഇവര്‍ നടത്തിയ പഠനത്തില്‍, പ്രദേശത്തെ മരങ്ങള്‍ കൊണ്ട് വലിച്ചെടുത്തുകൊണ്ടിരുന്ന കാര്‍ബണില്‍ 1249.31 ടണ്ണിന്റെ കുറവാണു കാണപ്പെട്ടത്.

വിശദമായ മറ്റൊരു പഠനം കൂടി ഈ വിഷയത്തില്‍ ഇവര്‍ നടത്തി വരുന്നു. “കൊച്ചി മെട്രോ പ്രദേശത്തെ മരങ്ങളുടെ കാര്‍ബണ്‍ വലിച്ചെടുക്കുവാനുള്ള കഴിവാണ് ഇതില്‍ നമ്മള്‍ പഠിക്കുന്നത്. മെട്രോയുടെ വരവിന് മുന്നേയും ശേഷവുമുള്ള അവസ്ഥ അടിസ്ഥാനമാക്കിയാണ് പഠനം. കഴിഞ്ഞ അഞ്ചു വര്‍ഷമാണ് പഠനത്തില്‍ വരുന്നത്. 2013ല്‍ ഉണ്ടായിരുന്നതും നിലവില്‍ ഉള്ളതുമായ മരങ്ങളുടെ എണ്ണത്തിലെ വ്യത്യാസം കൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ ഉണ്ടായ വ്യതിയാനമാണ് നമ്മള്‍ പഠിക്കുന്നത്.”

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പല പദ്ധതികളും നടത്തി വരുന്നു. “ആദ്യ ഘട്ടത്തില്‍, കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പഞ്ചായത്തുകളില്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പരിശീലനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതില്‍ മൂന്ന് ഘട്ടങ്ങളാണുള്ളത് ആദ്യം അതിനെ കുറിച്ചുള്ള ബോധവല്‍കരണം, പിന്നെ അവരുടെ പഞ്ചായത്തില്‍ കാലാവസ്ഥ വ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്ന് നിരീക്ഷിച്ച് അതിന് ആവശ്യമായിട്ടുള്ള പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കല്‍” ഡയറക്ടറായ ഡോ. ജോയ് എലമോന്‍ പറയുന്നു. ഇതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ആരോഗ്യം, കാര്‍ഷികം എന്നിങ്ങനെ ഓരോ മേഖലകളില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാന്‍ പറ്റും എന്ന് നമ്മള്‍ അന്വേഷിച്ചു വരുന്നു. അതിനനുസരിച്ചുള്ള കര്‍മ്മ പദ്ധതികള്‍ ഉണ്ടാക്കുന്നു. തീരദേശം, തണ്ണീര്‍ത്തടം എന്നിങ്ങനെ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്തമായ രീതിയിലായിരിക്കും കാലാവസ്ഥ വ്യതിയാനം ബാധിക്കുക. അതിനനുസരിച്ച് വ്യത്യസ്തമായ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കേണ്ടി വരും. തദ്ദേശടിസ്ഥാനത്തില്‍ കര്‍മ്മപദ്ധതി രൂപീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ക്രമേണ ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇദ്ദേഹം പറയുന്നു.

ഓഗസ്റ്റ് 2017ല്‍ ശാസ്ത്രരംഗത്തെ നാല് വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തില്‍ സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വികസ്വര രാജ്യങ്ങളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിക്കുക എന്ന് ചെന്നൈ മീറ്ററോളജിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തമ്പി എസ്.ബി. ഈ പുസ്തകത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരും, താപനില വര്‍ധിക്കും, കാലാവസ്ഥ ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കും, കാര്‍ഷികവിളവില്‍ കുറവുണ്ടാകും, ശുദ്ധജലത്തിന്റെ ലഭ്യത കുറയും– തമ്പി പറയുന്നു. സുസ്ഥിര വികസനത്തിന് ഊന്നല്‍ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

കുസാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അഭിലാഷ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് വര്‍ഷപാതത്തില്‍ 15% കുറവാണ് കാണപ്പെട്ടിട്ടുള്ളതെന്നാണ്. 2017 – 2030 കാലഘട്ടത്തിനിടയില്‍ തെക്കന്‍ ജില്ലകളില്‍ മഴക്കാലത്തെ വര്‍ഷപാതത്തില്‍ മൂന്ന് മുതല്‍ അഞ്ചു ശതമാനം വരെ കുറവ് ഉണ്ടാവുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മഴക്കാലത്തിനു ശേഷമുള്ള വര്‍ഷപാതത്തില്‍ ആറു മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടാവുമെന്നും അദ്ദേഹത്തിന്റെ പഠനങ്ങളില്‍ കാണാനാവും.

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ് റാവു കാലാവസ്ഥയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ പറയുന്നത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നാണ്. തണ്ണീര്‍ത്തടങ്ങള്‍ വേനല്‍ക്കാലത്ത് വെള്ളത്തിന്റെ സ്രോതസ്സായും മഴക്കാലത്ത് നീര്‍കെട്ടായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അതിന്റെ അഭാവം ജലസ്രോതസ്സുകളെ ബാധിക്കുന്നു. കഴിഞ്ഞ 150 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ കാടിന്റെ 46% നമ്മള്‍ നശിപ്പിച്ചു കഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ കാര്‍ഷിക രംഗത്തെ കലശലായി ബാധിക്കുന്നു. മഴയുടെ കുറവ് ജലസംഭരണികളെയും ജലവൈദ്യുതിയെയും ബാധിക്കുന്നു. കാര്‍ഷികവിളവില്‍ മാത്രമല്ല ഉത്പന്നങ്ങളുടെ വിലയിലും നിലവാരത്തിലും കാലാവസ്ഥ വ്യതിയാനം ബാധിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നടത്തിയ പഠനങ്ങള്‍ അടിസ്ഥാനമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് പുറത്തിറക്കിയ പുസ്തകത്തില്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍:

* ശാസ്ത്രീയമായ രീതിയില്‍ ജലസേചനം ചെയ്ത് ധാന്യങ്ങളെ സംരക്ഷിക്കുക

*കാലാവസ്ഥയ്ക്ക് അനുസൃതമായി ധാന്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക

*കന്നുകാലി വളര്‍ത്തലില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ വിന്യസിക്കുക

*ചക്ക തോട്ടങ്ങളില്‍ ആട് വളര്‍ത്തല്‍ സംയോജിപ്പിക്കുക

*മത്സ്യങ്ങളുടെ ദേശാന്തരഗമനം പഠിക്കുക, പഠന റിപ്പോര്‍ട്ടുകള്‍ മത്സ്യബന്ധന തൊഴിലാളികളുമായി പങ്കു വെക്കുക

*തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രധാന പരിഗണന കൊടുക്കുക, ഇത് കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആയുധമാണ്

*മഴവെള്ള സംഭരണികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

*ശുദ്ധജല സ്രോതസ്സുകളുടെ പുനരുദ്ധാരണം

*സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക

*പൊതുഗതാഗത ഉപയോഗത്തിന് ഊന്നല്‍ കൊടുക്കുക

റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more