ബെംഗളൂരൂ: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനം പിന്‍വലിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ.
വിദ്യാലയങ്ങളില്‍ യൂണിഫോം നയങ്ങള്‍ ലഘൂകരിച്ച്, ഹിജാബ് വീണ്ടും കൊണ്ടുവരുന്നത് വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ലാസ്സ് റൂമുകളെ മതപരമായ അടയാളപ്പെടുത്തലുകള്‍ക്കുള്ള വേദിയാക്കുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു.
യുവാക്കള്‍ സ്വതന്ത്രമായും ജിജ്ഞാസയോടും കൂടി വളരുന്ന ഇടങ്ങളായിരിക്കണം സ്‌കൂളുകളെന്നും അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വേര്‍തിരിവുണ്ടാക്കുന്ന സ്ഥലങ്ങളാവരുതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് വിലക്ക് പിന്‍വലിച്ച് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്.
നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി.
കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.
Content Highlight: Classrooms are not for religious symbols: BJP against Karnataka’s move to lift hijab ban
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.