| Monday, 6th October 2025, 7:47 am

ഒഡീഷയിലെ കട്ടക്കില്‍ സംഘര്‍ഷം; സമാധാന ശ്രമങ്ങള്‍ അട്ടിമറിച്ച് വി.എച്ച്.പിയുടെ റാലിയും ബന്ദും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ദുര്‍ഗ പൂജ ഘോഷയാത്രക്കിടയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്റെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം.

കട്ടക്ക് മുന്‍സിപാലിറ്റിയിലെ ദര്‍ഗ ബസാറിലൂടെ കടന്നുപോവുകയായിരുന്ന ഘോഷയാത്രയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മറികടന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ മോട്ടോര്‍സൈക്കിള്‍ റാലി നടത്തുകയും കടകള്‍ ആക്രമിക്കുകയും ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ ദര്‍ഗ ബസാറിലാണ് ദുര്‍ഗ പൂജ യാത്രക്കിടെ സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചും 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തും സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പി പൊലീസിന്റെ സമാധാന ശ്രമങ്ങളെ വെല്ലുവിളിക്കുകയായിരുന്നു.

കത്തജോഡി നദിയുടെ സമീപത്തുള്ള ദര്‍ഗ ബസാര്‍ പരിസരത്ത് വെച്ച് ശനിയാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ദുര്‍ഗ പൂജയുടെ ഭാഗമായ വിഗ്രഹ നിമഞ്ജന യാത്രക്കിടയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നു.

പുലര്‍ച്ചെ 2 മണിയോടെയുണ്ടായ ഈ ശബ്ദകോലാഹലം പരിസരവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കല്ലേറിലും കലാശിച്ചു.

ബോട്ടിലുകളും കല്ലുകളും ഉപയോഗിച്ച് ഘോഷയാത്രയിലെ ആളുകളും പരിസരവാസികളും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. കട്ടക്ക് ഡി.സി.പി ഖിലാരി റിഷികേഷ് ഡ്യാന്‍ഡിയോ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

ഇതോടെ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനായി പൊലീസ് ഞായറാഴ്ച മുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റിന് വിലക്കും ഏര്‍പ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള 36 മണിക്കൂറാണ് കര്‍ഫ്യൂ.

അതേസമയം, സംഭവം സാമുദായിക സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ പൊലീസ് മുന്‍കരുതലെടുക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം വി.എച്ച്.പി പ്രവര്‍ത്തകര്‍ ദര്‍ഗ ബസാറില്‍ മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിക്കുകയായിരുന്നു. കര്‍ഫ്യൂ നിയന്ത്രണങ്ങളെ മറികടന്നായിരുന്നു വി.എച്ച്.പിയുടെ റാലി.

റാലിക്കിടെ സി.സി.ടി.വി ക്യാമറകള്‍ തകര്‍ക്കപ്പെടുകയും റാലി കടന്നുപോയ പ്രദേശത്തെ ചില കടകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചില കടകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെയാണ് തിങ്കളാഴ്ച 12 മണിക്കൂര്‍ ബന്ദിന് വി.എച്ച്.പി ആഹ്വാനം ചെയ്തിരിക്കുന്നതും.

പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കൂടുതല്‍ സേനയെ വിന്യസിച്ചു. ശനിയാഴ്ചയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Clashes in Cuttack, Odisha; VHP rally and bandh sabotage peace efforts

We use cookies to give you the best possible experience. Learn more