പരിസ്ഥിതി ദിനത്തില്‍ അഷ്ടമുടിക്കായല്‍ വൃത്തിയാക്കി തൊഴിലാളികളുടെ മാതൃക; കായലില്‍ നിന്ന് നീക്കിയത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം
Environment
പരിസ്ഥിതി ദിനത്തില്‍ അഷ്ടമുടിക്കായല്‍ വൃത്തിയാക്കി തൊഴിലാളികളുടെ മാതൃക; കായലില്‍ നിന്ന് നീക്കിയത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം
ജദീര്‍ നന്തി
Wednesday, 6th June 2018, 4:38 pm

കൊല്ലം: ഉപജീവനം നല്‍കുന്ന കായലിനെ സംരക്ഷിക്കാനാണ് കാവനാട്ടിലെ കക്ക വാരല്‍ തൊഴിലാളികള്‍ ഈ പരിസ്ഥിതി ദിനം ഉപയോഗിച്ചത്. അഷ്ടമുടിക്കായലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതാണ് കക്ക വാരല്‍ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തില്‍ മാതൃകയായത്. രാജ്യാന്തര അംഗീകാരം നേടിയ അഷ്ടമുടി കക്ക സമ്പത്തിന് ഭീഷണിയാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കക്ക വാരല്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) അംഗങ്ങളായ ഇരുന്നൂറോളം പേരാണ് ഇന്നലെ രാവിലെ കാവനാട് മുക്കാട് പള്ളി കായല്‍ വാരത്ത് നിന്ന് നൂറോളം ചെറുവള്ളങ്ങളില്‍ തിരിച്ചത്.

ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സഹകരണത്തോടെയായിരുന്നു പരിപാടി. തേവളളി പാലം മുതല്‍ കടവൂര്‍, പെരുമണ്‍, അരിനല്ലൂര്‍, മണ്‍ട്രോതുരുത്ത്, തോപ്പില്‍കടവ്, കാവനാട്, മുക്കാട്, കല്ലുപുറം, മുകുന്ദപുരം, തലമുകില്‍, ചവറ തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു മാലിന്യ ശേഖരണം നടത്തിയത്. നഗരസഭയുടെ മേയര്‍ വി.രാജേന്ദ്ര ബാബുവും ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയനും തൊഴിലാളികളുടെ യജ്ഞത്തിന് പിന്തുണയുമായെത്തി.

വൈകുന്നേരം മുക്കാട് പളളിക്കടവില്‍ തിരികെ എത്തിയ വള്ളങ്ങള്‍ കായലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഏറ്റുവാങ്ങി കൊല്ലം കോര്‍പ്പറേഷന്‍ സജ്ജമാക്കിയ വാഹനങ്ങളില്‍ നീണ്ടകര ഹാര്‍ബറിലെ ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി. മൂന്നു ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്.

അഷ്ടമുടിയിലെ കക്ക ലോക വിപണിയില്‍ ഇന്ന് പ്രിയങ്കരമായ ഒരു വിഭവമാണ്. 2014ല്‍ മറൈന്‍ സ്റ്റീവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കേഷന്‍ കൂടി ലഭിച്ചതോടെയാണ് അഷ്ടമുടിക്കായലില്‍ നിന്ന് ശേഖരിച്ച് സംസ്‌കരിച്ചയക്കുന്ന കക്കയ്ക്ക് യൂറോപ്പ്, ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍പ്പോലും വാണിജ്യസാധ്യത കണ്ടെത്താനായത്.
മറൈന്‍ സ്റ്റീവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കക്കയാണ് അഷ്ടമുടിയിലേത്. ഏഷ്യയിലെ മൂന്നാമതും. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കക്കയുടെ 80 ശതമാനവും അഷ്ടമുടിക്കായലില്‍ നിന്നാണ്. കക്ക കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 13 കോടിയിലേറെ രൂപയുടെ വിദേശ നാണ്യം ഇന്ത്യയിലേക്കെത്തുന്നുണ്ട്. അയ്യായിരത്തിലേറെ പേരുടെ ഉപജീവനം കൂടിയാണീ മേഖല. ഈ പരിസ്ഥിതിയും ഉപജീവന മാര്‍ഗവുമാണ് നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിലൂടെ പതിയെ ഇല്ലാതായിക്കൊണ്ടിരുന്നത്. സ്വന്തം കണ്‍മുന്നില്‍ ഒരു ആവാസവ്യവസ്ഥയും ഉപജീവനവും നശിച്ചു കൊണ്ടിരിക്കുന്നത് കണ്ട തൊഴിലാളികള്‍ ഒന്നിച്ച് കൊല്ലം ജില്ലാ കക്ക വാരല്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് യേശുദാസന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ രംഗത്തിറങ്ങുകയായിരുന്നു.

മാലിന്യങ്ങള്‍ നീക്കുന്നത് ഒരു പരിസ്ഥിതി ദിനം കൊണ്ട് അവസാനിപ്പിക്കുകയില്ലെന്നും എല്ലാ മാസവും ഇത് തുടര്‍ന്ന് കൊണ്ട് പോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സി.ഐ.ടി.യു യൂണിയന്‍ പ്രസിഡന്റ് യേശുദാസന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മാലിന്യം കായലിലേക്ക് തള്ളുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്നും കായല്‍ മലിനമാക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“1990 കള്‍ മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ അഷ്ടമുടിക്കായലില്‍ നിന്ന് കക്ക വാരാന്‍ തുടങ്ങിയത്. ഇന്ന് പ്രാദേശിക വിപണിയില്‍ തന്നെ കോടികളുടെ കച്ചവടം നടക്കുന്ന ഒരു ഉപജീവന മാര്‍ഗമാണിത്. ആഗോള തലത്തില്‍ തന്നെ ഇവിടുത്തെ കക്കകള്‍ക്ക് നല്ല വിപണിയുണ്ട്. കക്കവാരിയും സംസ്‌കരണ തൊഴിലിലും മറ്റുമായി ഇവിടുത്തെ നിരവധി പേരുടെ ജീവിതം ഈ കായലുമായി ബന്ധപ്പെട്ടാണ്. കക്കയുടെ പ്രജനന കാലത്ത് പ്രദേശ വാസികള്‍ ആരും കായലില്‍ ഇറങ്ങാറില്ല. ചെറിയ കക്കകളെ പിടിക്കാതിരിക്കാനും നോക്കും. ഇങ്ങനെ സ്വയം നിയന്ത്രിച്ചും പരിസ്ഥിതിയോടുള്ള ബന്ധം സൂക്ഷിച്ചുമാണ് ആളുകള്‍ കായലുമായി ഇടപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ക്ക് കായല്‍ ഒരു കുപ്പത്തൊട്ടി പോലെയാണ്. മാലിന്യങ്ങള്‍ മുഴുവന്‍ എളുപ്പത്തില്‍ വലിച്ചെറിയുക കായലിലേക്കാണ്. മറ്റ് സ്ഥലത്ത് നിന്ന് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്കും അവസാനം കായലില്‍ വന്നടിയും. ഇത് കണ്ട് കൊണ്ടിരിക്കുന്നതിനാലാണ് ഒരു ദിവസം കായലിന്റെ നല്ലതിന് വേണ്ടി ചെലവഴിക്കാം എന്ന് തീരുമാനിച്ചത്.” – അഷ്ടമുടിക്കായലിലെ കക്കവാരല്‍ തൊഴിലാളിയായ പി.കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.