അനസ് വിരമിച്ചപ്പോള്‍ ആശംസിക്കാതിരിക്കാന്‍ കാരണമെന്താണെന്ന് എല്ലാവരും ചോദിച്ചിരുന്നു: സി.കെ വിനീത്
Football
അനസ് വിരമിച്ചപ്പോള്‍ ആശംസിക്കാതിരിക്കാന്‍ കാരണമെന്താണെന്ന് എല്ലാവരും ചോദിച്ചിരുന്നു: സി.കെ വിനീത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2019, 5:50 pm

അനസ് എടത്തൊടിക വിരമിച്ചെങ്കിലും തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സി.കെ വിനീത്. ടീമിന് കൂടുതല്‍ നല്‍കാനുണ്ട്. അതുകൊണ്ട് ശരിയായ സമയത്ത് തിരിച്ചുവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

അനസ് വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷെ കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന തോന്നലാണ് അന്ന് അങ്ങനെ ചെയ്യാതിരുന്നതെന്നും വിനീത് പറയുന്നു. പരിക്കുകള്‍ അലട്ടുന്നുണ്ടെങ്കിലും നല്ലൊരു പോരാളിയാണ് ഇന്ത്യയുടെ പ്രതിരോധ മതിലെന്നും വിനീത് പറഞ്ഞു.

പരിശീലകന്‍ സ്റ്റിമാചിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് അനസ് വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്. അനസിന്റെ വിരമിക്കലോടെ ദേശീയ ടീമില്‍ ജിങ്കന്‍ കൂട്ടായി ഒരു മികച്ച സെന്റര്‍ ബാക്കിന്റെ കുറവ് വന്ന ടീമിന് താരത്തിന്റെ തിരിച്ചു വരവ് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അനസ്, ഏഷ്യാ കപ്പിലെ ബഹ്റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനം.