ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുകയായിരുന്ന സോനം വാങ്ചുകിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് പിന്നാലെ നിരാഹാര സമരം പ്രഖ്യാപിച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.

ഇന്ന് (ജൂലൈ 18, ശനി) രാവിലെയോടെയാണ് ദല്‍ഹി ജന്തര്‍ മന്ദറിലെ സമര വേദിയില്‍ നിന്ന് വാങ്ചുകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

താന്‍ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണെന്ന് വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചു.

ദല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലാക്കിയിരുന്നെന്നും മര്‍ദിച്ചിരുന്നെന്നും ദീപ്‌കെ ഇന്ന് രാവിലെ അറിയിച്ചിരുന്നു. തന്നെ ജന്തര്‍ മന്ദറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബലം പ്രയോഗിച്ചാണ് പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദല്‍ഹി സഫ്ദര്‍ ജങ് ആശുപത്രിയിലേക്കാണ് വാങ്ചുകിനെ പൊലീസ് മാറ്റിയതെന്നാണ് വിവരം. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം ഇന്ന് രാവിലെ വാങ്ചുക്കിനെ പരിശോധിക്കാനായി ജന്തര്‍ മന്ദറിലെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ ഇല്ലാതെ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് സമരവേദിയിലുള്ള ക്രോക്രോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലപാടെടുത്തു.

ഇതോടെ പൊലീസ് സംഘം വേദിയിലെത്തുകയും വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു. സമരവേദി വലിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ച ശേഷമായിരുന്നു വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ബെഡ്ഷീറ്റുകള്‍ വച്ച് മറച്ചിരുന്നതിനാല്‍ പൊലീസ് എന്താണ് ചെയ്യുന്നതെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല.

അറസ്റ്റിന്റെ സമയത്ത് ഇന്റെര്‍നെറ്റ് അടക്കം വിഛേദിച്ച നിലയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് അഭിജിത് ദിപ്കെ വേദിയിലുണ്ടായിരുന്നില്ല. വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സി.ജെ.പിയുടെ നേതൃത്തില്‍ ജന്തര്‍മന്തറില്‍ വലിയ പ്രതിഷേധവും ആരംഭിച്ചിരുന്നു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജൂണ്‍ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സോനം വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതെന്ന് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്ത് വില കൊടുത്തായാലും ജൂലൈ 20 വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നായിരുന്നു ആരോഗ്യ നില വഷളാവുന്നതായ വാര്‍ത്തകള്‍ക്കിടയിലും വാങ്ചുക് ഇന്നലെ പ്രതികരിച്ചത്.

‘ഞാന്‍ പുറത്തേക്ക് ക്ഷീണിതനാണെങ്കിലും ഉള്ളില്‍ കരുത്തുണ്ട്. നിങ്ങളെല്ലാവര്‍ക്കും ഉള്ളില്‍ കരുത്തുണ്ടെന്ന് എനിക്ക് ഉറപ്പാണ്. നമുക്ക് പാര്‍ലമെന്റിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തേണ്ട ജൂലൈ 20 വരെ നമുക്ക് ഈ ഊര്‍ജം വേണം,’ എന്നായിരുന്നു വാങ്ചുക് പറഞ്ഞത്.

തന്റെ ആരോഗ്യ നില വഷളാവുന്നതായി ജന്തര്‍ മന്തറില്‍ തന്നെ പിന്തുണച്ച് എത്തിയവരോട് സംസാരിക്കവെ വാങ്ചുക് പറഞ്ഞിരുന്നു. ആരോഗ്യ നില വഷളായാലും തന്റെ ദൃഢനിശ്ചയത്തിന് ഒട്ടും ഇളക്കം തട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight: CJP’s Abhijeet Dipke begins indefinite fast after Sonam Wangchuk is moved to hospital