ന്യൂദല്‍ഹി: ജന്തര്‍മന്ദറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സി.ജെ.പി പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളിലും ഭീഷണിപ്പെടുത്തലിലും പ്രതിഷേധം രേഖപ്പെടുത്തി ഫെഡറേഷന്‍ ഓഫ് പ്രസ് ക്ലബ്‌സ് (എഫ്.പി.സി)
മാധ്യമ പ്രവര്‍ത്തനത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും മേലുള്ള ഗുരുതര കടന്ന് കയറ്റമാണിതെന്ന് സംഘടന പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ നയങ്ങള്‍ തീരുമാനിക്കുന്നത് റിപ്പോര്‍ട്ടര്‍മാരല്ലെന്നും ഗ്രൗണ്ട് റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്നും സംഘടന പറഞ്ഞു.
കൂടാതെ വിഷയത്തില്‍ മാധ്യമ സ്ഥാപനങ്ങളും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും എഡിറ്റോറിയല്‍ തീരുമാനങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ ജനരോഷത്തിന് ഇരയാവുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെങ്കിലും അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധക്കാരുടെയോ സുരക്ഷാ സേനയുടെയോ കൈകളാല്‍ അതിക്രമത്തിന് ഇരയാവരുതെന്നും പ്രസ്താാവനയില്‍ വ്യക്തമാക്കി.
സര്‍ക്കാരനുകൂല ടെലിവിഷന്‍ ചാനലുകളെന്ന് കരുതപ്പെടുന്ന സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ പ്രതിഷേധക്കാര്‍ ഒറ്റപ്പെടുത്തുന്നതിനെതിരെയും സംഘടന ആശങ്ക പ്രകടിപ്പിച്ചു. സംഘടനാ പ്രസിഡന്റ് ഗൗതം ലാഹിരിയും സെക്രട്ടറി ജനറല്‍ സൗരഭ് ദുഗ്ഗലുമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
പ്രതിഷേധത്തിനിടെ ദല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും അമിതമായി ബലപ്രയോഗം നടത്തിയതിനെതിരെയും ഫെഡറേഷന്‍ രംഗത്തെത്തി. സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ പെല്ലറ്റ് ഗണ്ണുകള്‍, ഷോക്ക് ബാറ്റണുകള്‍, ആണികള്‍ ഘടിപ്പിച്ച ലാത്തികള്‍ എന്നിവ ഉപയോഗിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
പൊലീസ് നടപടിക്കിടെ ഔട്ട് ലുക്ക് എന്ന സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകന് പെല്ലറ്റ് തോക്കിനാല്‍ പരിക്കേറ്റതായും സംഘടന പറഞ്ഞു.
പ്രക്ഷോഭ സ്ഥലത്തെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സുപ്രീം കോടതിയുടെ ഡി.കെ ബസു കേസ് വിധയിയുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ പറയുന്നു. പല ഉദ്യോഗസ്ഥരും തിരിച്ചറിയല്‍ ബാഡ്ജുകള്‍ ധരിച്ചില്ലെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
ജൂലൈ 20 ന് നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും എഫ്.പി.സി അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ നിഷ്പക്ഷമായ നിയമ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും സംഘടന പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു.
Content Highlight: CJP Protest: FPC expresses concern over ‘Godi Media’ slurs and pellet attacks.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.