ന്യൂദല്‍ഹി: തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡിയെ ചോദ്യം ചെയ്തുകൊണ്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി.ജെ.പി) സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് രങ്കയും ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പിന്‍വലിച്ചു. മറ്റ് നിയമ മാര്‍ഗങ്ങളുള്ളതിനാല്‍ ഈ വിഷയം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്നാണ് സി.ജെ.പി നേതാക്കള്‍ ഹരജി പിന്‍വലിച്ചത്.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ബുധനാഴ്ച സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് (എസ്.ഇ.എം) മുന്നില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനും, പരാതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും കോടതി സൗരവിനോടും അശുതോഷിനോടും നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ നടക്കാനിരിക്കുന്ന വാദം കേള്‍ക്കലിന്റെ ഫലം കാത്തിരിക്കാനും, അതിനുശേഷവും പരാതി നിലനില്‍ക്കുകയാണെങ്കില്‍ അപ്പീല്‍ കോടതിയെ സമീപിക്കാനും കോടതി ഹരജിക്കാരുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.ജെ.പി നേതാക്കള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ എസ്.ഇ.എം നടപടിക്കെതിരെയാണ് സി.ജെ.പി നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

തിങ്കളാഴ്ചയാണ് (ഒക്ടോബര്‍ 19) കസ്റ്റഡി നീട്ടിക്കൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വന്നത്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിക് ചിംനി വാദിച്ചു. കസ്റ്റഡി നീട്ടാന്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരപരിധിയില്ലെന്നും, കരുതല്‍ നടപടികള്‍ ഏകപക്ഷീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, ഹരജി പിന്‍വലിക്കാന്‍ നിര്‍ദേശിച്ചെങ്കിലും, വിഷയത്തിന്റെ മെറിറ്റിനെക്കുറിച്ച് താന്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. ‘ഇത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചിലര്‍ ഒപ്പം കൂടി എന്തെങ്കിലും ചെയ്‌തേക്കാം. സമാധാനപരമെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ഒരു പരിപാടി തുടങ്ങുമ്പോള്‍, അനാവശ്യമായ ആളുകള്‍ കടന്നുവന്ന് നിങ്ങളുടെ പേര് കളങ്കപ്പെടുത്താതിരിക്കാന്‍ പോലീസില്‍ നിന്ന് അനുമതി വാങ്ങാമായിരുന്നല്ലോ,’ എന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

സി.ജെ.പിയുടെ ലക്ഷ്യങ്ങളെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. ‘നിങ്ങള്‍ ആരാണ്? എന്താണ് നിങ്ങളുടെ സംഘടന? ഈ സംഘടനയുടെ ലക്ഷ്യമെന്താണ്? സമാധാനത്തിനും ക്രമസമാധാനത്തിനും ഭംഗം വരുമെന്ന ആശങ്കയുള്ളപ്പോള്‍, ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം വലിയ പ്രസക്തിയുണ്ട്,’ കോടതി നിരീക്ഷിച്ചു.

‘ലക്ഷ്യങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ സംബന്ധിച്ചിടത്തോളം… ക്രമസമാധാന ലംഘനത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് പരിശോധിക്കുമ്പോള്‍, ഇത്തരം ചോദ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്,’ എന്നും കോടതി അഭിപ്രായപ്പെട്ടു. ബോണ്ട് സംബന്ധിച്ച തര്‍ക്കം മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ, ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുയോജ്യമായ മറ്റൊരു വേദി കണ്ടെത്തണമെന്ന് കോടതി സി.ജെ.പി നേതാക്കളോട് ഉപദേശിക്കുകയും ചെയ്തു.

ഈ മാസം 13ന് വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തിലാണ് സി.ജെ.പി നേതാക്കള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരിന്നു.

ഈ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സൗരവിനെയും അശുതോഷിനെയും മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ച് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂട്ടാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇന്നലെ സി.ജെ.പി നേതാക്കള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പിച്ചത്.

Content Highlight: CJP Leaders Saurav Das, Ashutosh Ranka Withdraw From Delhi High Court Plea Challenging Judicial Custody