ന്യൂദല്‍ഹി: തെരുവ് നായകളെ പൊതു ഇടങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ നിന്നും തെരുവ് നായകളെ നീക്കം ചെയ്യാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇത് നീക്കം ചെയ്യണമെന്ന് കാണിച്ച് മൃഗ സ്‌നേഹികളും മറ്റ് എന്‍.ജി.ഒകളും നല്‍കിയ ഹരജിയാണ് കോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. കേസില്‍ മൂന്ന് ഭാഗങ്ങളായാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
നിലവിലെ ഉത്തരവ് കര്‍ശനമായി തന്നെ നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിടികൂടിയ നായകളെ വന്ധ്യംകരണത്തിന് ശേഷം അതേ പ്രദേശത്ത് തന്നെ തിരികെ കൊണ്ടുപോയി ഉപേക്ഷിക്കരുതെന്നും കോടതി പറഞ്ഞു.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അതീവ ഗൗരവമായി കാണുന്നുവെന്നും തെരുവുനായകളുടെ കടിയേറ്റ് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സംസ്ഥാനത്തിന് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘അത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്, അന്തസോടെ ജീവിക്കാനുള്ള അവകാശം നായകളുടെ ഭീഷണിയില്ലാതെ സ്വതന്ത്രമായി ജീവക്കാനുള്ള അവകാശത്തെ ഉള്‍കൊള്ളുന്നു,’ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി അജ്ഞരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തെരുവ് നായക്കള്‍ക്കെതിരായ ഉത്തരവ് നടപ്പിലാക്കിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആറോ ക്രിമിനല്‍ നടപടികളോ ഫയല്‍ ചെയ്യരുതെനന്നും കോടതി നിര്‍ദേശിച്ചു.
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും എയര്‍പോര്‍ട്ടുകളില്‍ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.
ജില്ലാ തലത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഒരു എ.ബി.സി സെന്റര്‍ വേണമെന്നും ആന്റി റാബിസ് വാക്‌സിന്‍ കര്‍ശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. തെരുവ് നായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂര്‍ണ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിച്ചത് കടുത്ത അനാസ്ഥയാണെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും ഇതിന് രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അപകടകരവും അക്രമണ സ്വഭാവമുള്ള തെരുവുനായ്ക്കളെ ദയാ വധം ചെയ്യാമെന്നും കോടതി പറഞ്ഞു.
തെരുവ് നായ പ്രശ്‌നത്തില്‍ കോടതി സ്വമേധയാ കേസെടുത്തായിരുന്നു മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇത് വിവാദമായതോടെ മൂന്നംഗ ബെഞ്ച് പരിശോധിച്ച് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Content Highlight:Citizens have the right to live without fear of stray dogs, euthanasia is allowed; Supreme Court rejects animal lovers’ plea
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.