മൂവായിരം രൂപക്ക് ടിക്കറ്റെടുത്തവര്‍ മണ്ടന്മാര്‍? നോളന്റെ ഐമാക്‌സ് വിഷന്‍ കൃത്യമായി എത്തിക്കാന്‍ ഇന്ത്യയില്‍ ഒരു സ്‌ക്രീനുമില്ല
World Cinema
മൂവായിരം രൂപക്ക് ടിക്കറ്റെടുത്തവര്‍ മണ്ടന്മാര്‍? നോളന്റെ ഐമാക്‌സ് വിഷന്‍ കൃത്യമായി എത്തിക്കാന്‍ ഇന്ത്യയില്‍ ഒരു സ്‌ക്രീനുമില്ല
അമര്‍നാഥ് എം.
Thursday, 16th July 2026, 4:05 pm

സിനിമാപ്രേമികള്‍ മുഴുവന്‍ ജൂലൈ 17ന് വേണ്ടി കാത്തിരിക്കുകയാണ്. ഗ്രീക്ക് ഇതാഹസകാവ്യം ഒഡീസിയുടെ ചലച്ചിത്രഭാഷ്യം ക്രിസ്റ്റഫര്‍ നോളന്‍ ഏത് രീതിയിലാകും അണിയിച്ചൊരുക്കിയതെന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. പൂര്‍ണമായും ഐമാക്‌സ് ഫിലിം ക്യാമറയില്‍ ചിത്രീകരിച്ച ഒഡീസി വമ്പന്‍ ദൃശ്യാനുഭവമാകുമെന്ന് ഉറപ്പാണ്.

ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനുകളിലും ഒഡീസിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടുകഴിഞ്ഞു. തമിഴ്‌നാട് ഒഴികെ മറ്റെല്ലായിടത്തെയും ഐമാക്‌സ് സ്‌ക്രീനുകളില്‍ വന്‍ തുകയാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നത്. 3000 രൂപ വരെയാണ് ഒരു ടിക്കറ്റിന് പി.വി.ആര്‍ അടക്കമുള്ള മള്‍ട്ടിപ്ലെക്‌സ് ചെയിനുകള്‍ ചാര്‍ജ് ചെയ്യുന്നത്.

എന്നാല്‍ ഇത്രയും വലിയ പൈസ നല്‍കി ഇന്ത്യയില്‍ ഒഡീസി കാണുന്നവര്‍ക്ക് സിനിമയുടെ കൃത്യമായ എക്‌സ്പീരിയന്‍സ് ലഭിക്കില്ല എന്നതാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഐമാക്‌സ് 70MM സ്‌ക്രീനുകള്‍ക്ക് വേണ്ടിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഒഡീസി ഒരുക്കിയിട്ടുള്ളത്. നോളന്‍ എന്താണോ ഷൂട്ട് ചെയ്തത് അത് കൃത്യമായി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കുന്ന 40 സ്‌ക്രീനുകള്‍ മാത്രമേ ലോകത്ത് ഉള്ളൂ.

ഇതില്‍ ഒന്നുപോലും ഇന്ത്യയിലില്ല എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലുള്ള ഐമാക്‌സ് സ്‌ക്രീനുകളൊന്നും 70MM അല്ല. 1.43:1 ആണ് 70mm ഫോര്‍മാറ്റിന് അനുയോജ്യമായിട്ടുള്ള സ്‌ക്രീന്‍ റേഷ്യോ. എന്നാല്‍ ഇന്ത്യയിലുള്ള ഐമാക്‌സ് സ്‌ക്രീനുകളുടെ റേഷ്യോ ആകട്ടെ 1.90:1 മാത്രമാണ്. ഇക്കാരണം കൊണ്ട് തന്നെ ക്രോപ് ചെയ്തിട്ടുള്ള ഒഡീസിയാകും ഇന്ത്യയില്‍ കാണാന്‍ സാധിക്കുക.

1800 മുതല്‍ 3200 വരെ മുടക്കി ടിക്കറ്റെടുത്തവര്‍ക്ക് പൂര്‍ണമായിട്ടുള്ള വിഷ്വല്‍ എക്‌സ്പീരിയന്‍സ് ലഭിക്കില്ലെന്ന് ഉറപ്പാണ്. അമേരിക്കയിലുള്ള ഐമാക്‌സ് സ്‌ക്രീനില്‍ പോലും 2500 രൂപ (24 ഡോളര്‍) ആണ് ഉയര്‍ന്ന തുക. ഐമാക്‌സിന്റെ പേരില്‍ ഇന്ത്യയിലെ മള്‍ട്ടിപ്ലെക്‌സ് ഭീമന്മാര്‍ സിനിമാപ്രേമികളെ പറ്റിക്കുകയാണെന്ന് പലരും ആരോപിക്കുന്നുണ്ട്.

നോളന്റെ മുന്‍ ചിത്രമായ ഓപ്പന്‍ഹൈമറും ഐമാക്‌സ് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തതാണ്. എന്നാല്‍ ഐമാക്‌സ് ഫോര്‍മാറ്റ് ഒരുതരത്തിലും ആവശ്യമില്ലാത്ത കഥയായിരുന്നു ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഒഡീസി എന്ന ഇതിഹാസകാവ്യം ഐമാക്‌സ് 70mm സ്‌ക്രീനില്‍ കാണുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് അതൊരു ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് തന്നെയായിരിക്കും.

Content Highlight: Cinephiles saying there is no IMAX 70 mm screen to project Odyssey movie in India

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം