| Tuesday, 10th December 2024, 1:20 pm

വരാനിരിക്കുന്ന ആ മോഹൻലാൽ ചിത്രത്തിൽ ഭ്രമരത്തിലെ ലാലേട്ടനെ കാണാം, ചില വിഷ്വൽസ് ഞാൻ കണ്ടു; സിനിമോട്ടോഗ്രാഫർ ഫായിസ് സിദ്ധിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ മികച്ച സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹൻലാൽ സിനിമ ചെയ്യുന്നില്ലെന്ന് വിമർശനം ഉയരുന്നതിനിടയിലാണ് തരുൺ മൂർത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം ശോഭനയും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകർക്കിടയിൽ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പോസ്റ്ററുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമോട്ടോഗ്രാഫർ ഫായിസ് സിദ്ധിഖ്. തരുൺ മൂർത്തിയുടെ മുൻചിത്രമായ ഓപ്പറേഷൻ ജാവയുടെ ക്യാമറാമാൻ ഫായിസായിരുന്നു.

തുടരും എന്ന ചിത്രത്തിന്റെ ചില വിഷ്വൽസ് താൻ കണ്ടിരുന്നുവെന്നും ഭ്രമരം സിനിമയിലെ മോഹൻലാലിൻറെ പ്രകടനത്തെ ഓർമിപ്പിക്കുന്നതാണ് ചില സീനുകളെന്നും ഫായിസ് പറയുന്നു. ഭ്രമരത്തിൽ നിന്ന് പ്രേക്ഷകർക്ക് എന്താണോ കിട്ടിയത് അത് തുടരും എന്ന സിനിമയും നൽകുമെന്നും തരുൺ മൂർത്തി വളരെ നന്നായി അതെല്ലാം പകർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തരുണിന്റെ തുടരും എന്ന സിനിമയിലെ ചില വിഷ്വൽസ് ഞാൻ കണ്ടു. അതുകണ്ടപ്പോൾ എനിക്ക് ഫീലായത് ഭ്രമരത്തിലെ ലാലേട്ടനെയാണ്. ഞാൻ അത് അദ്ദേഹത്തോട് പറയുകയും ചെയ്തു, ലാലേട്ടാ ഭ്രമരത്തിൽ എനിക്കെന്ത് കിട്ടിയോ, അത് തന്നെ തുടരും എന്ന ചിത്രത്തിലും എനിക്ക് കാണാൻ കഴിയുന്നുണ്ട് എന്ന്.

ഫാമിലിമാനായിട്ട് ലാലേട്ടൻ വരുമ്പോഴെല്ലാം അദ്ദേഹം വലിയ തിരിച്ചുവരവ് നടത്താറുണ്ട്. തുടരും എന്ന ചിത്രത്തിൽ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ഇമോഷൻസൊക്കെ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ ചില എക്സ്പ്രഷൻസൊക്കെയുണ്ട്. ഭ്രമരത്തിൽ എന്താണോ കണ്ടത് അത് തന്നെ കുറച്ച് സീനുകൾ കണ്ടപ്പോൾ എനിക്ക് കിട്ടി. അത് വളരെ നന്നായി തരുൺ പകർത്തിയിട്ടുമുണ്ട്.

മണിയൻപിള്ള രാജു ചേട്ടന്റെയും നല്ലൊരു കഥാപാത്രം സിനിമയിൽ കാണാം. അവർ നല്ല ഹാപ്പിയായിട്ടാണ് ആ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. നല്ലൊരു സിനിമയായി അത് മാറുമെന്നാണ് പ്രതീക്ഷ. അങ്ങനെ തന്നെ വരട്ടെ,’ ഫായിസ് സിദ്ധിഖ് പറയുന്നു.

മോഹൻലാലിൻറെ അടുത്ത വർഷത്തെ ആദ്യ റിലീസായി ജനുവരി 30 ന് തുടരും റിലീസാവും. സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം, മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാൻ തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മോഹൻലാലിന്റേതായി അടുത്ത വർഷമെത്തും.

Content Highlight: Cinematographer Faiz Sidhique About Mohanlal’s Performance In Thudarum Movie

We use cookies to give you the best possible experience. Learn more