മലയാള ചലച്ചിത്രമേഖലയിലെ പ്രശസ്തനായ ഒരു മുന്‍നിര ഛായാഗ്രാഹകനാണ് അളഗപ്പന്‍. ദൃശ്യഭംഗികൊണ്ടും കഥയുടെ അന്തരീക്ഷത്തെ കൃത്യമായി ഒപ്പിയെടുത്തുകൊണ്ടുള്ള ക്യാമറാ ചലനങ്ങള്‍കൊണ്ടും ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനഘട്ടം മുതല്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ അളഗപ്പന്‍, പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം പ്രവര്‍ത്തിച്ച് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1997ല്‍ മനോജ് കെ ജയനും മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തിയ സമ്മാനം എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ച അളഗപ്പന്‍ അഗ്നിസാക്ഷി, മിഴി രണ്ടിലും, നന്ദനം, തിളക്കം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിരുന്നു. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ. മലയാളത്തില്‍ ഇന്നും ആരാധകരേറെയുള്ള ചിത്രത്തിനായി മലയാളികള്‍ കണ്ടുപരിചയിച്ചതില്‍ നിന്നും വേറിട്ട ഫ്രെയ്മുകളായിരുന്നു സംവിധായകന്‍ ഉപയോഗിച്ചിരുന്നത്.
ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഛോട്ടാമുംബൈയില്‍ സിനിമാറ്റോഗ്രാഫറായി പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരെ കുറിച്ചും അളഗപ്പന്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഒരേ കടല്‍ കഴിഞ്ഞ് മലയാളത്തില്‍ നേരെ വന്ന് ചെയ്തത് ഛോട്ടാമുംബൈ ആയിരുന്നു. മണിയന്‍പിള്ള രാജു വിളിച്ച് കൊച്ചിയ്ക്ക് വരാന്‍ പറ്റുമോ എന്നാണ് എന്നോട് ചോദിച്ചത്. അങ്ങനെ അവിടെ ചെന്നപ്പോള്‍ ചിത്രത്തിന്റെ കഥയെല്ലാം പറഞ്ഞുതന്നു. കഥ കേട്ടപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. കാരണം രണ്ടരമാസത്തോളം ഞാന്‍ ഉണ്ടായിരുന്ന ഒരേ കടലിന്റെ മൂഡ് വേറെയായിരുന്നു. കഥ കേട്ടിട്ട് എനിക്ക് ചിരിക്കാന്‍ പോലും പറ്റിയില്ല.
അങ്ങനെയാണ് അന്‍വര്‍ റഷീദിന്റെ അടുത്ത് ഇതെങ്ങനെയാണ് ചെയ്യുക എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് ചോദിക്കുന്നത്. നല്ല ഒരു ഫിലിം ആയിട്ട് ചെയ്യണമെന്ന് മാത്രമാണ് അന്‍വര്‍ പറഞ്ഞത്. പിന്നീടാണ് മെക്‌സിക്കന്‍ കളേഴ്‌സില്‍ ചെയ്യാം എന്ന് തീരുമാനിച്ചത്. സംവിധായകന്‍ പൂര്‍ണ സ്വതന്ത്ര്യവും തന്നു. അതിലെ ക്യാമറ മൂവ്‌മെന്റ്‌സ് ഒന്നും അതുവരെ ഞാന്‍ ലൈഫില്‍ ചെയ്യാത്തതാണ്.
അതിന് വേണ്ടി ഡച്ച് ഹെഡ് എന്ന് പറയുന്ന ഒരു ക്യാമറ ഹെഡ് ഉണ്ട്. പക്ഷേ അത് ഭയങ്കര എക്‌സ്‌പെന്‍സീവാണ്. ചെന്നൈയില്‍ നിന്നും കൊണ്ടുവരണം. പക്ഷേ ഞാനത് വേണ്ടെന്ന് പറഞ്ഞ് മെറ്റഡോര്‍ വണ്ടിയില്‍ നിന്നും ഗ്രീസെടുത്ത് ക്യാമറ വെക്കുന്ന ബേസില്‍ അപ്ലൈ ചെയതു. അങ്ങനെയാണ് സിനിമയില്‍ മൂവ്‌മെന്റ് ഉണ്ടാക്കിയത്,’ അളഗപ്പന്‍ പറഞ്ഞു.
ചിത്രത്തിലെ ടെക്‌നിക്കല്‍ കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അന്വേഷിച്ചിരുന്നില്ലെന്നും സാധാരണയായി അത്തരം കാര്യങ്ങളില്‍ താരം ഇടപെടാറില്ലെന്നും അളഗപ്പന്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി എല്ലാ കാര്യങ്ങളും ചോദിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ചെയ്യുന്നത് കണ്ട് ആളുകള്‍ എനിക്ക് വട്ടായിപ്പോയി എന്ന് വരെ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഒന്നും പറഞ്ഞില്ല. സാധാരണയായി ടെക്‌നിക്കല്‍ കാര്യങ്ങളില്‍ അദ്ദേഹം ഒന്നും പറയാറില്ല. പക്ഷേ മമ്മൂക്ക വന്ന് ഓരോ കാര്യങ്ങള്‍ ചോദിക്കും. ഏതാണ് ലെന്‍സ് ഉപയോഗിച്ചതെന്നും ലൈറ്റിങ് ശരിയായില്ലല്ലോ എന്നെല്ലാം വന്ന് പറയും. ഒരേ കടലിന്റെ സമയത്ത് നിങ്ങള്‍ക്ക് എന്റെ പേര് മമ്മൂട്ടിയാണെന്ന് അറിയില്ലേ പിന്നെന്തിനാണ് ഒരു ലൈറ്റ് വെച്ച് എടുക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്,’ അളഗപ്പന്‍ ഓര്‍ത്തെടുത്തു.
Content Highlight: Cinematographer Alagappan talks about his experience in Chotta Mumbai and Mammootty and Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.