തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ ചിത്രത്തിന്റെ മേക്കിങ് വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ പ്രധാന ലൊക്കേഷനായ രണ്ട് വീടുകൾ കണ്ടെത്താൻ അണിയറപ്രവർത്തകർ ഏറെ തിരച്ചിൽ നടത്തിയിരുന്നുവെന്ന് സിനിമാറ്റോഗ്രാഫർ അജ്മൽ സാബു.
ഗിരീഷ് എ.ഡിയുടെ മനസ്സിലുണ്ടായിരുന്ന രണ്ട് വീടുകളെ അതേ രീതിയിൽ സ്ക്രീനിൽ എത്തിക്കുക എന്നത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് എളുപ്പമായിരുന്നില്ല. അങ്കമാലി പുത്തൻചിറ പ്രദേശങ്ങൾക്ക് സമീപമാണ് ഒടുവിൽ ചിത്രത്തിന് അനുയോജ്യമായ വീടുകൾ കണ്ടെത്തിയത്. വീടിനായുള്ള അന്വേഷണത്തിൽ ഫുൾ ക്രൂവും ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റും പങ്കെടുത്തിരുന്നുവെന്നും നിരവധി വീടുകൾ പരിശോധിച്ചതിന് ശേഷമാണ് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്താനായതെന്നും അജ്മൽ സാബു പറഞ്ഞു.
‘പല വീടുകളും കിട്ടും. പക്ഷേ, പലതിനും നമ്മുടെ കഥയുമായി മാച്ച് ആകാത്ത പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നുകിൽ ചെറിയ വീടിന് കുറച്ചുകൂടി വലുപ്പം കൂടുതലായിരിക്കും, അല്ലെങ്കിൽ വലിയ വീട് ചെറുതായിരിക്കും. ചിലപ്പോൾ മതിലുകൾ തമ്മിലുള്ള ഡിസ്റ്റൻസ് ശരിയാകില്ല. അല്ലെങ്കിൽ നമ്മൾ ഉദ്ദേശിച്ച ലുക്ക് കിട്ടില്ല,’ അജ്മൽ സാബു പറഞ്ഞു.
ചിത്രത്തിന്റെ കഥപറച്ചിൽ രീതിയും വീടുകൾ തിരഞ്ഞെടുക്കുന്നതിലെ പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഥയിൽ രണ്ട് വീടുകളും പരസ്പരം അടുത്തുനിൽക്കുന്നതും സംഭവങ്ങൾ തുടർച്ചയായി ലൈവ് ആയി മുന്നേറുന്നതുമാണ്. അതിനാൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വീടുകൾ കണ്ടെത്തി ചിത്രീകരിക്കുക പ്രായോഗികമായിരുന്നില്ല.
നിരവധി ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഡയറക്ഷൻ ടീമിലെയും അസോസിയേറ്റ് ഡയറക്ടർമാരിലെയും അംഗങ്ങൾ ഒടുവിൽ അനുയോജ്യമായ വീട് കണ്ടെത്തിയത്. പിന്നീട് സ്ക്രിപ്റ്റിൽ പറഞ്ഞിരുന്ന വീടിന്റെ ക്രമീകരണത്തിലും ചെറിയ മാറ്റം വരുത്തുകയായിരുന്നു.
‘സ്ക്രിപ്റ്റിൽ മുകളിലും താഴെയുമൊക്കെയായിരുന്നു റൂമുകൾ. ജസ്റ്റിന്റെ റൂം താഴെയായിരുന്നു. പക്ഷേ ഈ വീട് കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി. കുറച്ചുകൂടി കൺവിൻസിങ് ആയിരിക്കും എന്ന് തോന്നി. ആ ലുക്കും കാര്യങ്ങളുമൊക്കെ നന്നായി വർക്കായി. പിന്നെ അവിടെ ഉണ്ടായിരുന്ന ബോഗൻവില്ല ഒക്കെ അവിടെ തന്നെ ഉള്ളതായിയിരുന്നു,’ അജ്മൽ സാബു പറഞ്ഞു.
വീടിന്റെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ ആർട്ട്, ഡയറക്ഷൻ വിഭാഗങ്ങൾ ചെറിയ ഇടപെടലുകൾ നടത്തിയിരുന്നു. ഏറെ തിരച്ചിലിന് ശേഷം ആ ലൊക്കേഷൻ ലഭിച്ചപ്പോൾ അണിയറപ്രവർത്തകർ വലിയ സന്തോഷത്തിലായിരുന്നുവെന്നും അജ്മൽ സാബു പറയുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: Facebook.com
ഓണം റിലീസായി ആഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ച ചിത്രം റിലീസ് ചെയ്ത് വെറും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഹൗസ്‌ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും അധിക ഷോകളും അനുവദിച്ചിട്ടുണ്ട്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി ജസ്റ്റിനായും മമിത ബൈജു ആഷ്‌ലിയായുമാണ് എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗം. സാധാരണ ജീവിത പരിസരങ്ങളോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും സ്വാഭാവികമായി അവതരിപ്പിക്കുന്ന ഗിരീഷ് എ.ഡിയുടെ ശൈലിയും ചിത്രത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. 100 കോടി നേട്ടത്തിന് പിന്നാലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
Content Highlight: Cinematographer Ajmal Sabu talks about the film Bethlehem Kudumba Unit