ജീപ്പും ട്രെയിനും ഉള്ള ആ ഷോട്ട് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു: അജ്മൽ സാബു.
Malayalam Cinema
ജീപ്പും ട്രെയിനും ഉള്ള ആ ഷോട്ട് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു: അജ്മൽ സാബു.
അജ്മല്‍ കെ
Saturday, 29th August 2026, 4:38 pm

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ശ്രദ്ധേയമായ ട്രെയിൻ രംഗത്തിന് പിന്നിലെ മേക്കിങ് വെളിപ്പെടുത്തി ചിത്രത്തിന്റെ ഛായാഗ്രാഹകൻ അജ്മൽ സാബു. ട്രെയിനും ജീപ്പും ഒരുമിച്ച് സഞ്ചരിക്കുന്നതായി തോന്നിക്കുന്ന രംഗം ഒറ്റ ലൊക്കേഷനിൽ നേരിട്ട് ചിത്രീകരിച്ചതല്ലെന്നും, വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കമ്പോസിറ്റ് ചെയ്താണ് രംഗം ഒരുക്കിയതെന്നും അജ്മൽ സാബു പറഞ്ഞു.

‘ട്രെയിൻ ഓവർടേക്ക് ചെയ്യുന്ന രീതിയിലുള്ള രംഗം പ്രാക്ടിക്കലായി സാധ്യമല്ല. ഒരു ട്രെയിനിന് പെർമിഷൻ എടുത്ത്, അതിന്റെ കൂടെ ജീപ്പും ഇത്രയും ആർട്ടിസ്റ്റുകളെയും കൊണ്ടുവന്ന് നിരവധി ഷോട്ടുകൾ എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു ഷോട്ട് മാത്രമാണെങ്കിൽ സാധിച്ചേക്കാം. പക്ഷേ കൗണ്ടർ ഷോട്ടുകളും കമ്പൈൻഡ് ഷോട്ടുകളും ഉൾപ്പെടെ ഇത്രയും ഷോട്ടുകൾ ഒരിടത്ത് ട്രാക്ക് ബ്ലോക്ക് ചെയ്ത് എടുക്കുന്നത് പ്രാക്ടിക്കലായി സാധ്യമല്ല,’ അജ്മൽ സാബു പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb

ഇതിന് പരിഹാരമായാണ് ട്രെയിനും ജീപ്പും ഒരുമിച്ചുള്ള വൈഡ് ഷോട്ടുകൾ യഥാർഥ ട്രെയിൻ സഞ്ചരിക്കുന്ന ട്രാക്കിനരികിലുള്ള മറ്റൊരു ലൊക്കേഷനിൽ ചിത്രീകരിച്ചത്. എയർപോർട്ട് ഭാഗത്തുള്ള ഒരു ലൊക്കേഷനിൽ റോഡും റെയിൽവേ ട്രാക്കും ഒരുമിച്ച് ലഭിച്ചതോടെയാണ് ഈ ഷോട്ടുകൾ സാധ്യമായത്.

യഥാർഥ ട്രെയിൻ വരുന്നതിനായി ആർട്ടിസ്റ്റുകളെ കാത്തിരുത്തിയ ശേഷമായിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്. ട്രെയിൻ വരുമ്പോൾ അതിനൊപ്പം ജീപ്പും ഉൾപ്പെടുന്ന വൈഡ് ഷോട്ട് പകർത്തുകയായിരുന്നു. ചിത്രീകരണ സമയത്ത് തന്നെ ഈ ദൃശ്യങ്ങൾ പുറത്തുനിന്നുള്ളവർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ അന്ന് പ്രചരിച്ചിരുന്നുവെന്നും അജ്മൽ സാബു പറഞ്ഞു.

എന്നാൽ ട്രെയിനിനുള്ളിൽ നിന്ന് കഥാപാത്രങ്ങളിലേക്കുള്ള ഷോട്ടുകൾ മറ്റൊരു രീതിയിലാണ് ചിത്രീകരിച്ചത്. യഥാർഥ ട്രെയിൻ ഉപയോഗിക്കാതെ, മറ്റൊരു വാഹനത്തിന്റെ മുകളിൽ നിന്ന് കഥാപാത്രങ്ങളുടെ ഷോട്ടുകൾ പകർത്തുകയായിരുന്നു. തുടർന്ന് ട്രെയിനിന്റെ ജനൽ ഫ്രെയിമും മറ്റ് ദൃശ്യങ്ങളും വേറൊരു ലെയറായി ചേർത്തു എന്നും അജ്മൽ സാബു കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb

‘റിയൽ ട്രെയിനിന്റെ സീക്വൻസ് എടുക്കുമ്പോൾ ആർട്ടിസ്റ്റുകളെ വെച്ച് ആ ലെയർ വേറെ എടുത്തു. ട്രെയിനിന്റെ അകത്തുനിന്നുള്ള നിവിൻ ചേട്ടന്റെയും സുരേഷിന്റെയും ഷോട്ടുകൾ ട്രെയിൻ നിർത്തിയിട്ടാണ് എടുത്തത്. പിന്നീട് ക്യാമറ മൂവ്‌മെന്റും ഫോർഗ്രൗണ്ട് ഡിസ്ടർബൻസും കൊടുത്ത് അത് മൂവിങ് ട്രെയിനിനുള്ളിൽ നിന്നുള്ള ഷോട്ട് പോലെ ഒരുക്കുകയായിരുന്നു,’ അജ്മൽ സാബു പറഞ്ഞു.

ഇത്തരത്തിൽ മൂന്നോ നാലോ വ്യത്യസ്ത ലൊക്കേഷനുകളിലായി ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് കൃത്യമായി കമ്പോസിറ്റ് ചെയ്താണ് പ്രേക്ഷകർ സ്ക്രീനിൽ കാണുന്ന ട്രെയിൻ രംഗം ഒരുക്കിയത്. ഒറ്റനോട്ടത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ചിത്രീകരിച്ചതായി തോന്നാതിരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും അജ്മൽ സാബു വ്യക്തമാക്കി.

Content Highlight: Cinematographer Ajmal Sabu shares details about the film Bethlehem Kudumba Unit

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.