തമിഴ് സിനിമാപ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സൂര്യയുടെ തിരിച്ചുവരവ്. സമീപകാലത്ത് എടുത്തുപറയാന്‍ നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാത്തത് സൂര്യയുടെ ആരാധകരെ ഒരുപാട് നിരാശരാക്കുന്ന കാര്യമാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൂര്യയുടെ ഒരു ചിത്രം തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായത്. വന്‍ ഹൈപ്പിലെത്തിയ പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.
എന്നാല്‍ താരത്തിന്റെ ഇനിയുള്ള ലൈനപ്പ് പ്രതീക്ഷയുള്ളതാണ്. ഗംഭീര സംവിധായകരുമായാണ് സൂര്യ ഇനി കൈകോര്‍ക്കാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രതീക്ഷയുള്ള ഒന്നാണ് വെങ്കി അട്‌ലൂരിയുമായി കൈകോര്‍ക്കുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കൈയിലൊരു കൊച്ചുകുഞ്ഞുമായി നില്‍ക്കുന്ന സൂര്യയാണ് പോസ്റ്ററിലുള്ളത്. ഇതിന് പിന്നാലെ ചില ട്രോളന്മാര്‍ പോസ്റ്ററിനെ ഡീകോഡ് ചെയ്യാനാരംഭിച്ചു. പൃഥ്വിരാജ് നായകനായ കംഗാരുവുമായി വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചു. കംഗാരുവിന്റെ റീമേക്കാകും ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇപ്പോഴിതാ ഒരു സിനിമയുടെയും റീമേക്കല്ല വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുകയാണ്. വെങ്കി അട്‌ലൂരി തയാറാക്കിയ ഒറിജിനല്‍ കഥയാണ് ഈ ചിത്രമെന്ന് പറഞ്ഞുകൊണ്ട് പല പേജുകളും പോസ്റ്റ് പങ്കുവെച്ചു. ഇതോടെ കംഗാരുവും വിശ്വനാഥ് ആന്‍ഡ് സണ്‍സും തമ്മിലുള്ള താരതമ്യ പോസ്റ്റുകള്‍ അവസാനിച്ചിരിക്കുകയാണ്.
കംഗാരുവിന് പുറമെ ഹോളിവുഡ് ചിത്രം ഹാങ്ങോവറിന്റെ പോസ്റ്ററുമായും വിശ്വനാഥ് ആന്‍ഡ് സണ്‍സിന് സാമ്യതയുണ്ടായിരുന്നു. ഹാങ്ങോവറിലെ അലന്‍ എന്ന കഥാപാത്രവും ഇത്തരത്തില്‍ ഒരു കൊച്ചുകുട്ടിയെ ബേബി കാരിയറില്‍ വെക്കുന്ന പോസ്റ്ററുണ്ട്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്.
ഫാമിലി ഇമോഷണല്‍ ഡ്രാമയായാണ് വെങ്കി ഈ ചിത്രമൊരുക്കുന്നത്. തമിഴിന് പുറമെ തെലുങ്കിലും ചിത്രം പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. മലയാളി താരം മമിത ബൈജുവാണ് ഈ ചിത്രത്തില്‍ സൂര്യയുടെ നായിക. മമിത- സൂര്യ കെമിസ്ട്രി സംവിധായകന്‍ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.
രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഹൈദരബാദ്, ചെന്നൈ, ജോര്‍ജിയ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഈ വര്‍ഷം ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
Content Highlight: Cinema pages saying that Viswanath and Sons is not a remake of Kangaroo movie